തെന്നിന്ത്യന്‍ നടി ജ്യോതിലക്ഷ്മി അന്തരിച്ചു
ആദ്യകാല തെന്നിന്ത്യന്‍ നടി ജ്യോതിലക്ഷ്മി(63) അന്തരിച്ചു. ചെന്നൈയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു ജ്യോതിലക്ഷ്മിയുടെ ജീവിതം. നടി ജയമാലിനി സഹോദരിയാണ്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ ഒരു കാലത്ത് അനിഷേധ്യ സാന്നിധ്യമായിരുന്നു ജ്യോതി ലക്ഷ്മിയുടേത്. ഏതാനും ഹിന്ദി സിനിമകളിലും അഭിനയിച്ചു. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1963ല്‍ 'പെരിയ ഇടത്ത് പെണ്' എന്ന ചിത്രത്തിലൂടെയാണ് ജ്യോതിലക്ഷ്മി വെള്ളിത്തിരയില്‍ സജീവമായത്. ഐറ്റം ഗാനങ്ങളിലും ജ്യോതിലക്ഷ്മി തിളങ്ങി.
പിസ്റ്റള്വാലി, റാണി ഓര് ജാനി, ജവാബ് എന്നിവയാണ് ഹിന്ദി സിനിമകള്‍. പില്ല പിദുഗ, ബംഗാരു ബാബു, ഗന്ധര്‍വ കന്യ എന്നിവയാണ് ഇവര്‍ അഭിനയിച്ച പ്രധാന തെലുങ്ക് ചിത്രങ്ങള്‍. ജയമാലിനി സിനിമയില്‍ എത്തിയതോടെയാണ് ജ്യോതി ലക്ഷ്മിയുടെ അവസരങ്ങള്‍ കുറഞ്ഞുവന്നത്. ജ്യോതിലക്ഷ്മിയെ പരിഗണിച്ചവര്‍ പലരും ജയമാലിനിയുടെ പിന്നാലെ പോയതോടെ ഇവരുടെ സാധ്യത കുറഞ്ഞു.
https://www.facebook.com/Malayalivartha