സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടെ സുരക്ഷ ഉദ്യോഗസ്ഥനെക്കൊണ്ട് കാലില്‍ ചെരുപ്പ് ധരിപ്പിച്ച ഒഡീഷ മന്ത്രി വിവാദത്തില്‍

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടെ സുരക്ഷ ഉദ്യോഗസ്ഥനെക്കൊണ്ട് കാലില്‍ ചെരുപ്പ് ധരിപ്പിച്ച ഒഡീഷ മന്ത്രി ജോഗേന്ദ്ര ബെഹ്‌റ വിവാദത്തില്‍. ചെറുകിട വ്യവസായമന്ത്രിയായ ബെഹ്‌റയായിരുന്നു കേന്‍ജാറില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങിലെ മുഖ്യാതിഥി. പതാക ഉയര്‍ത്തിയതിനുശേഷം വേദിയിലെത്തിയ മന്ത്രി, കാലില്‍ ചെരുപ്പിട്ടു കൊടുക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുകയായിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിനു ജനങ്ങള്‍ നോക്കിനില്‍ക്കെയുള്ള മന്ത്രിയുടെ നടപടി മാധ്യമങ്ങള്‍ ചിത്രീകരിച്ചു. തുടര്‍ന്നു ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ മന്ത്രിയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനങ്ങളാണുയര്‍ന്നത്. അതേസമയം, 'ഞാനൊരു വിഐപിയാണ്. ഞാന്‍ ദേശീയ പതാക ഉയര്‍ത്തുന്നു, ഇയാള്‍ (സുരക്ഷ ഉദ്യോഗസ്ഥന്‍) ഇങ്ങനെ ചെയ്യുന്നു'വെന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.
തുടര്‍ന്ന് തനിക്കു മുട്ടിനു പ്രശ്‌നമുണ്ടെന്നും കുനിയാന്‍ സാധിക്കാത്തതിനാലാണ് ഉദ്യോഗസ്ഥന്റെ സഹായം തേടിയതെന്നും ബെഹ്‌റ പറഞ്ഞെങ്കിലും പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം കടുപ്പിച്ചു. ബെഹ്‌റയെ മന്ത്രി സ്ഥാനത്തുനീക്കണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























