തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റ് സമരത്തിനിടെ അക്രമാസക്തരായ ജനത്തിന് നേരെ വെടിയുതിര്‍ക്കുന്നതിന് മുമ്പ് 'ഒരാളെങ്കിലും മരിച്ചിരിക്കണമെന്ന് ആക്രോശിച്ച് പോലീസുകാരൻ; കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന് തെരഞ്ഞുപിടിച്ച് വെടിയുതിര്‍ത്തു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ളാന്റ് സമരത്തിനിടെ അക്രമാസക്തരായ ജനത്തിന് നേരെ വെടിയുതിര്‍ക്കുന്നതിന് മുമ്പ് 'ഒരാളെങ്കിലും മരിച്ചിരിക്കണമെന്ന് ആക്രോശിക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങൾ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു. പൊലീസ് വെടിവയ്‌പ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.
ദൃശ്യങ്ങളില്‍ കാണുന്നത് ഇപ്രകാരമാണ്- പ്രക്ഷോഭകര്‍ക്ക് മുന്നിലായി നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിന് മുകളില്‍ മഫ്‌ടിയില്‍ തോക്ക് ധാരിയായ പൊലീസുകാരന്‍ നിലയുറപ്പിക്കുന്നു. തുടര്‍ന്ന് ഇയാളുടെ പിന്നിലായി കമാന്‍ഡോ മോഡലില്‍ മറ്റൊരു പൊലീസുകാരന്‍ അതിവേഗം ഇഴഞ്ഞെത്തുന്നു. ആദ്യത്തെയാള്‍ ഇയാള്‍ക്ക് കൈവശമുണ്ടായിരുന്ന തോക്ക് കൈമാറുന്നതും വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെടിയുതിര്‍ക്കുന്നതിന് മുമ്ബ് ഒരാളെങ്കിലും മരിച്ചിരിക്കണം എന്നും പൊലീസുകാരന്‍ പറയുന്നുണ്ട്.
ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. സമരക്കാരെ തിരഞ്ഞു പിടിച്ചാണ് പൊലീസ് വെടിവച്ചതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് വെടിവയ്‌പ്പിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസാമി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവത്തെ 'കൊലപാതകം' എന്നാണ് വിശേഷിപ്പിച്ചത്. മരിച്ചവരില്‍ 17കാരിയായ പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
അയിരില്‍ നിന്ന് ചെമ്ബ് വേര്‍തിരിക്കുന്ന പ്ലാന്റിനെതിരെയുള്ള പ്രക്ഷോഭത്തിന് സൂപ്പര്‍താരം രജനികാന്തും മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാന്റിനെതിരെ മുമ്ബും സമരങ്ങള്‍ നടന്നിട്ടുണ്ട്. ഇരുപത്തഞ്ച് വര്‍ഷത്തെ ലൈസന്‍സ് തീരുന്നതിനെ തുടര്‍ന്ന് പ്ലാന്റ് വികസിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രക്ഷോഭം ശക്തമായത്.
പ്ലാന്റിലെ മാലിന്യം ഭൂഗര്‍ഭ ജലം മലിനമാക്കുന്നുവെന്നും രോഗങ്ങള്‍ക്കു കാരണമാകുന്നുവെന്നും ആരോപിച്ച് ആയിരക്കണക്കിന് ആളുകള്‍ നൂറ് ദിവസമായി ഇവിടെ സമരം നടത്തുകയാണ്. ഇന്നലെ ഇരുപതിനായിരത്തോളം പേരാണ് പ്ലാന്റിന് നേരെ മാര്‍ച്ച് ചെയ്തത്. പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സമരക്കാര്‍ പൊലീസിന്റേതുള്‍പ്പെടെയുള്ള വാഹനങ്ങള്‍ തകര്‍ക്കുകയും അക്രമാസക്തമാവുകയും ചെയ്തു. തുടര്‍ന്ന് ലാത്തിയും കണ്ണീര് വാതകവും പ്രയോഗിച്ചിട്ടും ഫലമുണ്ടാകാതെ വന്നപ്പോഴാണ് പൊലീസ് വെടിവച്ചത്.
https://www.facebook.com/Malayalivartha

























