കേരളം വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരി ആഘോഷം നടത്തുന്നത് ജനവഞ്ചനയാണ്; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ശതകോടിക്കണക്കിന് രൂപ ധൂർത്തടിച്ച് പിണറായി സർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ശതകോടിക്കണക്കിന് രൂപ ധൂർത്തടിച്ച് പിണറായി സർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങുമ്പോൾ വലിയ അഴിമതി ലക്ഷ്യം വെച്ച് പിണറായി വാർഷികാഘോഷം നടത്തുകയാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട് വൻതോതിൽ പണം ചിലവഴിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കേരളം വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരി ആഘോഷം നടത്തുന്നത് ജനവഞ്ചനയാണെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പോപ്പുലർ ഫ്രണ്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ഇരു കൂട്ടരുമായുള്ള സഖ്യം യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായി.
മന്ത്രി ഗോവിന്ദനും കോടിയേരിയും തീവ്രവാദികളെ വെള്ളപൂശുകയാണ്. ഇത് കേരളത്തിന്റെ സ്വൈര്യജീവിതം തകർക്കും. കേരളത്തിൽ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നത്. പോപ്പുലർ ഫ്രണ്ടുകാർ പ്രതികളായ കേസുകളിൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ എടുക്കുന്നത്.
എസ്ഡിപിഐയുടെ സംസ്ഥാന അദ്ധ്യക്ഷന്റെ അറിവോടെയാണ് പാലക്കാട് ആശുപത്രിയിൽ നിന്നും ശ്രീനിവാസനെ കൊല്ലാൻ പ്രതികൾ പുറപ്പെട്ടതെന്ന് വ്യക്തമായിട്ടും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളെ തൊടാൻ പൊലീസിന് ധൈര്യമില്ല. പാലക്കാട്ടെ സർവ്വകക്ഷിയോഗം വെറും പ്രഹസനം മാത്രമായിരുന്നു. സമാധാനം പുനസ്ഥാപിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha