സിപിഎം ക്രിമിനലുകള്‍ സംസ്ഥാനത്ത് നടത്തുന്ന എല്ലാ അക്രമങ്ങള്‍ക്കും ചൂട്ടുപിടിച്ച് സംരക്ഷണം ഒരുക്കുകയാണ് പോലീസ്; വകുപ്പ് മന്ത്രി തന്നെ ആരോപണ വിധേയനായപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസ് സ്വയം ഏറ്റെടുത്തു; കേരള പോലീസ് സിപിഎം ഗുണ്ടകളുടെ ബി ടീമിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി

സിപിഎം ക്രിമിനലുകള്‍ സംസ്ഥാനത്ത് നടത്തുന്ന എല്ലാ അക്രമങ്ങള്‍ക്കും ചൂട്ടുപിടിച്ച് സംരക്ഷണം ഒരുക്കുകയാണ് പോലീസ്. വകുപ്പ് മന്ത്രി തന്നെ ആരോപണ വിധേയനായപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസ് സ്വയം ഏറ്റെടുത്തു. മധ്യസ്ഥതയ്ക്ക് ആളെ വിട്ടും കള്ളമൊഴി നൽകിയും വിജിലന്‍സ് മേധാവി മുതല്‍ ഗണ്‍മാന്‍വരെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഓടിനടക്കുകയാണ്.
കറന്‍സി കടത്തലില്‍ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ ഗുരുതരവെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേരെ പോലീസ് മൃഗീയമായ നരനായാട്ട് നടത്തുകയാണെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലക്കും കണ്ണിനും നേരെയാണ് പോലീസ് ലാത്തി പ്രയോഗിക്കുന്നത്.
ഇതും പോരാഞ്ഞ് പ്രതിഷേധക്കാരെ മര്‍ദ്ദിക്കാന്‍ സിപിഎം ഗുണ്ടകളെ ഇറക്കിയിരിക്കുകയാണ്. പോലീസിന്‍റെ സാന്നിധ്യത്തിലാണ് മര്‍ദ്ദനം. ഇവരെ കസ്റ്റഡിയിലെടുക്കാനോ നിയമനടപടി സ്വീകരിക്കാനോ പോലീസ് തയ്യാറാകുന്നില്ല.
പകരം പോലീസ് കാഴ്ച നോക്കി നിന്ന് രസിക്കുകയാണ്. പോലീസിന്‍റെ ഇത്തരം സമീപനം തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. ക്രമസമാധാനം തകര്‍ത്ത് അഴിഞ്ഞാടുന്ന സിപിഎം ഗുണ്ടകള്‍ക്ക് വീണ്ടും സംരക്ഷണം ഒരുക്കാനാണ് പോലീസിന്‍റെ നീക്കമെങ്കില്‍ അതിനെ രാഷ്ട്രീയമായി തന്നെ നേരിടും.
എകെജി സെന്‍ററിന്‍റെയും സിപിഎം നേതാക്കളുടെയും ആജ്ഞകള്‍ നടപ്പാക്കന്‍ ഇറങ്ങുന്ന പോലീസുകാര്‍ അധികാരവും ഭരണവും മാറിവരുമെന്ന കാര്യം വിസ്മരിക്കരുത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ പോലീസ് തയ്യാറാകണം. പക്ഷം പിടിച്ച് സിപിഎം ഗുണ്ടകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനാണ് പോലീസിന്‍റെ ഉദ്ദേശമെങ്കില്‍ അതേ നാണയത്തില്‍ കോണ്‍ഗ്രസും മറുപടി നല്‍കാന്‍ നിര്‍ബന്ധിതരാകുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
കെപിസിസി ആസ്ഥാനം ആക്രമിച്ച് മുന്‍ മുഖ്യമന്ത്രി എകെ ആന്‍റണിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സിപിഎം- ഡിവെെഎഫ്ഐ ക്രിമിനലുകളെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ലെന്നത് നാണക്കേടാണ്. അതിനെതിരെ കോഴിക്കോട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രവർത്തകരെ മർദ്ദിക്കാന്‍ സി പി എമ്മുകാര്‍ക്ക് പോലീസ് അവസരമൊരുക്കി. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചില്‍ ഡി.സി.സി.പ്രസിഡൻറ് പ്രവീൺകുമാറിനെതിരേ അദ്ദേഹത്തിന്‍റെ ജീവന്‍പോലും അപായപ്പെടുത്തുന്ന വിധം ഗുരുതരമായ ആക്രമണമാണ് പോലീസ് നടത്തിയത്.
കണ്ണൂരില്‍ മുഖ്യന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ് യു നേതാവിനെ സിപിഎം ഗുണ്ടകള്‍ക്ക് മര്‍ദ്ദിക്കാന്‍ പിടിച്ച് വെച്ചുകൊടുത്തതും പോലീസാണ്.ഡി.സി.സി.പ്രസിഡൻറ് സി.പി.മാത്യുവിനെ ആക്രമിച്ച സി പി എമ്മുകാരെ സംരക്ഷിക്കാൻ പോലീസ് കള്ളക്കളി നടത്തി അവരെ സ്റ്റേഷൻ ജാമ്യം നൽകുകയും ചെയ്തു. സംസ്ഥാന വ്യാപകമായി 50ല്‍പ്പരം കോണ്‍ഗ്രസ് ഓഫീസുകള്‍ സിപിഎം ക്രിമിനലുകള്‍ തല്ലിത്തകര്‍ത്തു. മൂന്നോളം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ബോംബേറുണ്ടായി.പയ്യന്നൂരില്‍ രാഷ്ട്രപിതാവിന്‍റെ തലയറുത്ത് മാറ്റി.
പ്രതിപക്ഷ നേതാവിനെ വകവരുത്താന്‍ കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് അതിക്രമിച്ച കടന്ന ഡിവെെഎഫ് ഐ ക്രിമിനലുകള്‍ക്കെതിരെയോ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ ഡിവെെഎഫ്ഐ നേതാക്കള്‍ക്കെതിരെയോ ഒരു നടപടിയുമില്ല. സിപിഎം ഗുണ്ടകള്‍ നടത്തുന്ന അക്രമത്തെ തടയാനോ നടപടി സ്വീകരിക്കാനോ തയ്യാറാകാത്ത പോലീസ് നിലപാട് നിയമവാഴ്ചയെ കൊഞ്ഞണം കുത്തുന്നതിന് തുല്യമാണെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha