ഭരിക്കാനറിയാത്ത മരവാഴകള്‍ പിണറായിയെ മൂലയ്ക്കിരുത്തി യൂണിയന്‍ സഖാക്കളുടെ പേ കൂത്തുകള്‍....

കേരളത്തിലിപ്പോള്‍ ഉദ്യോഗസ്ഥ ഭരണമാണോയെന്ന് ചോദിച്ചാല്‍ അതുമല്ല. പിണറായി വിജയന്‍ ഇപ്പോഴും മുഖ്യമന്ത്രിയാണോയെന്ന് ചോദിച്ചാല്‍ ജനം പറയുന്നത്, വഴി നടക്കാന്‍ കഴിയാതെ പൊതുജനത്തെ തടയുന്ന ഒരാള്‍ കറുത്ത കാറില്‍ വാഹന ഘോഷയാത്രയ്ക്കിടയിലൂടെ ഒളിച്ച് പോകുന്നത് കാണാമെന്നാണ്. അകമ്പടി വാഹനങ്ങളും പോലീസ് രാജും പ്രഖ്യപിച്ച് ജനത്തിന് മരുന്ന് വാങ്ങി കഴിക്കാന്‍ പോലും അവസരം നല്കാത്ത ഒരാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്ന പറയാന്‍ ജനം മടിക്കുകയാണ്. അതു തന്നെയാണ് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലും സംഭവിക്കുന്നത്.
മുഖ്യന്റെ വലതു വശം ചേര്‍ന്നിരുന്ന എം.ശിവശങ്കരന്‍ എന്ന ഐ എ എസ് ഓഫീസര്‍ക്ക് ഇപ്പോള്‍ ജയിലില്‍ നിന്നിറങ്ങാന്‍ സമയമില്ല. അതുപോലെ പലരും പല കേസുകളിലും പെട്ട് ഉഴലുകയാണ്. സമരമാണ് മുഖ്യം ഭരിക്കാനറിയില്ല എന്നതാണ് പിണറായി സര്‍ക്കാരിന്റെ ലൈന്‍ എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്.
എന്തൊക്കെയാണ് സെക്രട്ടറിയേറ്റില്‍ നടക്കുന്നതെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അറിയുന്നില്ല. പകരം എല്ലാം യൂണിയന്‍ നേതാക്കള്‍ പറയും തീരുമാനിക്കും . അതേ അവിടെ നടക്കുകയുള്ളൂ. നാലപത്തി ഏഴ് വകുപ്പുകളിലും ഇതു തന്നെയാണ് സ്ഥിതിയെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരാതി പറയുന്നതുവരെ നമ്മുടെ മുഖ്യന്‍ ഇതൊന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്. സെക്രട്ടറിയേറ്റില്‍ ഒന്നും നടക്കുന്നില്ലെന്ന് വകുപ്പ് സെക്രട്ടറിമാരുടെ പരിദേവനം കേള്‍ക്കാനെങ്കിലും മുഖ്യന്‍ തയ്യാറായല്ലോ എന്ന ആശ്വാസത്തിലാണ് സെക്രട്ടറിമാര്‍. സെക്രട്ടറിമാര്‍ക്ക് അറ്റന്‍ഡറുടെ പോലും വില കല്പിക്കാത്ത യൂണിയന്‍ നേതാക്കളോട് മല്ലിടാന്‍ മടിച്ച് എല്ലാവരും ഫയലുകളില്‍ കുറിപ്പെഴുതി മടക്കി കൊണ്ടിരിക്കുന്നു.
ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന പഴയ പല്ലവി ഇപ്പോഴും മുഖ്യന്‍ ഓര്‍ക്കുന്നുണ്ടോയെന്ന കാര്യമാണ് സംശയം. യൂണിയന്‍ നേതാവായാല്‍ അറ്റന്‍ഡര്‍ പോസ്റ്റിലിരുക്കുന്നവര്‍ പോലും ഐ എഎസുകാരായ സെക്രട്ടറിമാരോട് ഉത്തരവിടുന്ന സ്ഥിതിയാണുള്ളത്. ഓരോ വകുപ്പിലും പാര്‍ട്ടി ചുമതല ഏല്‍പിച്ചിട്ടുള്ള നേതാക്കളുണ്ട്. അവര്‍ തസ്തികയില്‍ വലിയ താഴെയാണെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വരെ സ്ഥലം മാറ്റുന്നതും നിയന്ത്രിക്കുന്നതും ഇത്തരക്കാരാണ്. അതിനെല്ലാമുപരി ഓരോ കാരണങ്ങള്‍ പറഞ്ഞുള്ള പിരിവും അസഹനീയമായിരിക്കുകയാണ്. യൂണിയന്റെ കടന്നു കയറ്റം കുറയ്ക്കാതെ ഭരണം നവീകരിക്കാന്‍ കഴിയില്ലെന്ന സെക്രട്ടറിമാരുടെ അപേക്ഷ ചെവിക്കൊള്ളാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകുമോയെന്ന് കണ്ടറിയണം.
ഭരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് വകുപ്പു സെക്രട്ടറിമാരുടെ അഭിപ്രായം അറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് വകുപ്പ് സെക്രട്ടറിമാര്‍ തങ്ങളുടെ പരാതികളുടെ കെട്ടഴിച്ചത്. ധന, തദ്ദേശ വകുപ്പുകള്‍ക്ക് എതിരെയാണ് സെക്രട്ടറിമാര്‍ ഏറ്റവുമധികം പരാതി പറഞ്ഞത്.
ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിര്‍ജീവ അവസ്ഥയില്‍ ആകുമെന്ന് സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ വകുപ്പില്‍ സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാനോ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനോ സാധിക്കുന്നില്ല. എന്തെങ്കിലും പദ്ധതി നടപ്പാക്കാമെന്നു വിചാരിച്ചാല്‍ തദ്ദേശ ഭരണ വകുപ്പ് തടസ്സം സൃഷ്ടിക്കുകയാണ്. കേന്ദ്ര പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കാത്തതിനാല്‍ കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ പണം വാങ്ങിയെടുക്കാന്‍ സാധിക്കുന്നില്ല. കേന്ദ്ര വിഹിതം ലഭിക്കണമെങ്കില്‍ സംസ്ഥാന വിഹിതം അനുവദിക്കണം. അതിനുള്ള ഫയല്‍ ധനവകുപ്പ് തടഞ്ഞിടുകയാണ്. പണം നേടിയെടുക്കുന്നതിനു കേന്ദ്ര മന്ത്രാലയങ്ങളുമായി യഥാസമയം ബന്ധപ്പെടുന്നില്ല.
ജീവനക്കാരെ തുടരെ മാറ്റുന്നതു ജോലിയെ ബാധിക്കുന്നു. ഏതെങ്കിലും ഒരു കസേരയില്‍ ഇരിക്കുന്നയാള്‍ ആ ജോലിയില്‍ മികവ് നേടുമ്പോഴേക്കും മാറ്റുകയാണ്. യൂണിയനുകളുടെ അതിപ്രസരം മൂലം ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. സെക്രട്ടറിമാര്‍ക്ക് എന്നും യോഗങ്ങളുടെ ബഹളമാണ്. ഇതിനിടെ താഴെയുള്ളവര്‍ കൃത്യമായി ഫയലുകള്‍ കൈമാറുന്നില്ല. വകുപ്പില്‍ എന്തു പ്രശ്‌നം ഉണ്ടായാലും സെക്രട്ടറി സമാധാനം പറയണം. മറ്റ് ഉദ്യോഗസ്ഥര്‍ വൈകുന്നേരം 5 മണിക്കു സ്ഥലം വിടുമ്പോള്‍ സെക്രട്ടറിമാര്‍ പണി തീര്‍ക്കാന്‍ ഓവര്‍ടൈം ജോലി ചെയ്യേണ്ടി വരികയാണ്. താഴെയുള്ള ജീവനക്കാരുടെ വീഴ്ച മൂലം കോടതിയലക്ഷ്യ നടപടിയും മറ്റും വന്നാല്‍ സെക്രട്ടറി സമാധാനം പറയേണ്ട സാഹചര്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കുന്നില്ലെന്നും സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടി.
പരാതികള്‍ മുഴുവന്‍ ശ്രദ്ധിച്ചു കേട്ട മുഖ്യമന്ത്രി വളരെ ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു. അനാവശ്യമായി ധന വകുപ്പിലേക്ക് വിശദീകരണം തേടി ഫയല്‍ അയയ്ക്കുന്നത് കാലതാമസത്തിന് ഇടയാക്കുന്നുണ്ടെന്നും അതത് വകുപ്പുകള്‍ക്കു തന്നെ പല കാര്യങ്ങളിലും തീരുമാനം എടുക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി മുതല്‍ രണ്ടു മാസം ചേരുമ്പോള്‍ സെക്രട്ടറിമാരുടെ യോഗം ചേരാനാണു തീരുമാനം. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി വി. പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.ഏബ്രഹാം, പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് എന്നിവരും പങ്കെടുത്തിരുന്നു.
യൂണിയന്‍ വാര്‍ഷികത്തിന് വി.എസ് .അച്യുതാനന്ദന്റെ ചിത്രം പതിപ്പിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥനെ രായ്ക്ക് രാമാനം പാലക്കാട്ടേയ്ക്ക് സ്ഥലം മാറ്റം നല്കിയത് വകുപ്പ് മന്ത്രമാര്‍ പോലും അറിഞ്ഞിട്ടില്ല.
അങ്ങനെ എത്രയെത്ര സംഭവങ്ങളാണ് സെക്രട്ടറിയേറ്റ് യൂണിയന്‍ കോക്കസ് നടത്തി കൊണ്ടിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ പഴയ താല്കാലിക ജോലിക്കാരെ വിരട്ടിയോടിക്കാനും പകരം പാര്‍ട്ടി പ്രതിനിധികളെ കൊണ്ടു വരാനും നിരന്തര ശ്രമമാണ് നടക്കുന്നത്. താല്കാലിക പോസ്റ്റിന് ആവശ്യപ്പെടുന്ന യോഗ്യതകള്‍ ഇല്ലാത്തവര്‍ക്കായി പ്രത്യേകം പോസ്റ്റുണ്ടാക്കിയാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. ഇതിനെ എതിര്‍ക്കുന്ന വകുപ്പ് മേധാവികളെ തൊട്ടടുത്ത ദിവസം തന്നെ അടുത്ത സ്ഥാനത്തേയ്ക്ക് മാറ്റിയിരിക്കും.
ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ വകുപ്പ് മന്ത്രമാരോട് പരാതി പറഞ്ഞാലോ അവര്‍ക്ക ഇതിനെ കുറിച്ചൊന്നും അറിയില്ലെന്ന മറുപടിയാണ് നല്കുന്നത്. യൂണിയന്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി മന്ത്രിമാര്‍ പോലും അഭിപ്രായം പറയാറില്ല. ഉപജാപക സംഘത്തിന്റൈ പിടിയിലാണ് സെക്രട്ടറിയേറ്റെന്ന ആരോപണം ശരിവെയ്ക്കുന്ന തരത്തിലാണ് വകുപ്പ് സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത്.
എന്നാല്‍ യൂണിയന്‍ ഇടപെടലുകള്‍ എങ്ങനെ നിയന്ത്രിക്കാമെന്ന കാര്യം മാത്രം മുഖ്യന്‍ മിണ്ടിയില്ല. സാധാരണക്കാരന്റെ നീറുന്ന ജീവിത പ്രശ്‌നങ്ങളെ ബാധിക്കുന്ന ഫയലുകള്‍ പോലും സെക്രട്ടറിയേറ്റില്‍ കെട്ടികിടക്കുകയാണ്. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും യൂണിയന്‍ നേതാക്കള്‍ സാമ്പത്തിക ലാഭത്തിനുവേണ്ടി നടത്തുന്ന ഇടപെടലുകളും വകുപ്പുകളില്‍ പാട്ടാണ്. എന്നിട്ടും മുഖ്യനും പാര്‍ട്ടി സെക്രട്ടറിയും യൂണിയന്‍ നേതാക്കളുടെ കാര്യത്തില്‍ ഇടപെടാറില്ല. യൂണിയന്‍ എതിര്‍ക്കുന്ന ഏതെങ്കിലും ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്താല്‍ അതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കുന്നതും പതിവാണ്. അതുകൊണ്ട് സെക്രട്ടറിയേറ്റിലെത്തുന്ന ഉദ്യോഗസ്ഥര്‍ സ്വന്തം കാര്യം നോക്കി സമയം കഴിച്ചു കൂട്ടുന്നു.
ഭരണ സ്തംഭനം എന്നത് വാക്കില്‍ മാത്രമല്ല.യഥാര്‍ത്ഥത്തില്‍ സെക്രട്ടറിയേറ്റില്‍ വര്‍ഷങ്ങളായി ഒന്നും നടക്കുന്നില്ല. അത്യാവശ്യ കാര്യത്തിന് സാധാരണക്കാരന് എത്തിച്ചേരാന്‍ കഴിയാത്തത്ര ദന്തഗോപുരമായി മാറിയിരിക്കുകയാണ് ഭരണസിരാകേന്ദ്രം. എന്നാല്‍ ശിവശങ്കറിനെ പോലുള്ളവര്‍ പൂണ്ട് വിളയാടുകയും ചെയ്യുന്നുണ്ട്. പൊതുജനത്തിന് പലവിധ സുരക്ഷയുടെ പേര് പറഞ്ഞാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജനത്തെ അകറ്റി നിറുത്തുന്നതിലുടെ യൂണിയന്‍ നേതാക്കള്‍ സാധാരണക്കാരെ പിഴിയുന്നതായും ആരോപണം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha