ഏതെങ്കിലും രീതിയില്‍ പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരെ സാധാരണ സി.പി.എം വിളിക്കുന്നത് കുലംകുത്തികള്‍ എന്നാണ്!!! കമ്പനി തുടങ്ങാന്‍ പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിലെ വിലാസം നല്‍കി മാസപ്പടി വാങ്ങിയ വീണ വിജയനെയും മുഖ്യമന്ത്രി പിണറായി വിജയനെയും എന്ത് വിളിക്കും?

ഏതെങ്കിലും രീതിയില്‍ പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരെ സാധാരണ സി.പി.എം വിളിക്കുന്നത് കുലംകുത്തികള്‍ എന്നാണ്. 51 വെട്ട് വെട്ടി ക്രൂരമായി കൊലപ്പെടുത്തിയ ടി.പി ചന്ദ്രശേഖരനെ വരെ അങ്ങനെയാണ് ഇപ്പോഴും വിശേഷിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ കമ്പനി തുടങ്ങാന്‍ പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിലെ വിലാസം നല്‍കി മാസപ്പടി വാങ്ങിയ വീണ വിജയനെയും മുഖ്യമന്ത്രി പിണറായി വിജയനെയും എന്ത് വിളിക്കും. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആരും കാണിക്കാത്ത അനീതിയാണ് ഇവര്‍ ചെയ്തിരിക്കുന്നത്. മാസമ്പടി സംബന്ധിച്ച് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് 2021 മുതല്‍ വീണ വിജയനോട് വിവരങ്ങള്‍ ചോദിച്ചിരുന്നു.
മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുകയും അവസാനം നേരിട്ട് വിളിപ്പിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ആദായനികുതി വകുപ്പ് ഇന്റരിംസെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വന്നപ്പോള്‍ വീണയെ കേള്‍ക്കാതെയാണ് നടപടികള്‍ ഉണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിറക്കി. അപ്പോള്‍ വീണയാണോ, സി.പി.എമ്മാണോ പൊതുജനത്തെ പറ്റിച്ചത്? ഒന്നുകില്‍ വീണ നേതാക്കളെ മുഴുവനും കമ്പളിപ്പിച്ചു. അല്ലെങ്കില്‍ സി.പി.എം വീണയുടെ കമ്പനിയുടെ വഴിവിട്ട ഇടപാടുകള്‍ക്ക് ഓശാനപാടി.
രണ്ടും സി.പി.എമ്മിനോടും ഈ പ്രസ്ഥാനത്തെ വിശ്വസിച്ച് കൂടെ നില്‍ക്കുന്ന ലക്ഷക്കണക്കിന് അണികളോടും ചെയ്ത ക്രൂരമായ ചതിയാണ്. ക്ഷേമപെന്‍ഷന്‍ ലഭിക്കാതെയും സപ്‌ളൈകോയില്‍ സാധനങ്ങള്‍ കിട്ടാതെയും ലൈഫ് മിഷന്‍ അടക്കമുള്ള പലപദ്ധതികളും നിശ്ചലമാക്കിയും സാധാരണക്കാരോട് സര്‍ക്കാര്‍ അനീതി കാട്ടുമ്പോഴും അണികളില്‍ ഭൂരിഭാഗവും സി.പി.എമ്മിനൊപ്പം നിന്നിരുന്നു. എന്നാലിനി നേതാക്കളുടെ ക്യാപ്‌സ്യൂളുകള്‍ ദഹിക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധി വ്യക്തമാക്കുന്നു. വീണയുടെ കമ്പനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും അന്വേഷണം തടയില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. അതോടെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് എ.കെ.ജി സെന്ററിലും കയറിയിറങ്ങുന്ന അവസ്ഥ സംജാതമായേക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങള്‍ക്ക് മുന്നിലല്ല അണികളെ കാര്യംപറഞ്ഞ് മനസ്സിലാക്കാന്‍ സി.പി.എം മുട്ടിലിഴയേണ്ട അവസ്ഥയിലാകും. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടിനെ മുന്‍നിര്‍ത്തി ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സി.പി.എം വേട്ട, മുഖ്യമന്ത്രിയെ വീഴ്ത്താനൊക്കില്ലെന്ന് മനസ്സിലായപ്പോള്‍ മകളെ കുരുക്കാന്‍ ശ്രമം തുടങ്ങിയ വിശദീകരണങ്ങള്‍ കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയെങ്കിലും അന്വേഷണം തുടരാമെന്ന കോടതി ഉത്തരവ് തിരിച്ചടിയായി. തീ ഇല്ലാതെ പുകയുണ്ടാകില്ലല്ലോ- എന്ന പഴഞ്ചൊല്ല് മാതിരി എന്തെങ്കിലും കാര്യമില്ലാതെ കോടതി അന്വേഷണം നടത്താമന്ന് പറയില്ലല്ലോ എന്നാണ് അണികളും പ്രവര്‍ത്തകരും ഇപ്പോള്‍ ചോദിക്കുന്നത്. ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിന് തരിപോലും പ്രതീക്ഷയില്ലാത്തതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏക ആശ്രയം കേരളമാണ്.
അവിടെ മുഖ്യന്റെ മകള്‍ മുടിപ്പിക്കാനിറങ്ങിയിരിക്കുന്നു. കേന്ദ്രനേതൃത്വത്തിന് ഇത് വലിയ തലവേദനയായിരിക്കുകയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷേഭങ്ങളെ തുടര്‍ന്ന് 20്ല്‍ 19 സീറ്റിലും എല്‍.ഡി.എഫ് പരാജയപ്പെട്ടിരുന്നു. ഇപ്രാവശ്യം ശക്തമായ ഭരണവിരുദ്ധ വികാരം, ആഴിമതി ആരോപണങ്ങള്‍, മുഖ്യമന്ത്രിയുടെ കുടംബത്തിനെതിരായി ഉയരുന്ന ആരോപണങ്ങള്‍, മുന്നണിയില്‍ സി.പി.ഐയുടെ അസംതൃപ്തി എന്നിവയെല്ലാം വലിയ തലവേദനയാകും.
വീണയുടെ എക്സാലോജ് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലുള്ള 1.72 കോടിയുടെ ഇടപാടില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന ആദായനികുതി വകുപ്പിന്റെ പരാതി പരിഹാര ബോര്‍ഡിന്റെ കണ്ടെത്തലാണ് സി.പി.എമ്മിന്റെ ശനിദശയ്ക്ക് തുടക്കമിട്ടത്. കമ്പനികള്‍ കരാറില്‍ പറഞ്ഞ ഒരു സേവനവും എക്സാലോജിക് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്. മകളുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് മുഖ്യമന്ത്രിയും സിപിഎമ്മും പ്രതികരിച്ചത്. റജിസ്ട്രാര്‍ ഓഫ് കമ്പനീസ് കൂടി വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ അച്ഛനും മകളും അഗ്നികുണ്ഡത്തിലായി.
നിരന്തരം ആവശ്യപ്പെട്ടിട്ടും ആവശ്യമായ രേഖകള്‍ വീണയുടെ കമ്പനി നല്‍കിയില്ല എന്നായിരുന്നു റജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇതിനു പിന്നാലെ ഷോണ്‍ ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചതോടെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം തുടങ്ങി. അതോടെ പിണറായിക്കും മകള്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായി.
സിഎംആര്‍എല്ലിലും ആ കമ്പനിയിലെ രണ്ടാമത്തെ വലിയ ഓഹരി പങ്കാളിയുമായ പൊതുമേഖലാ സ്ഥാപനം കെഎസ്ഐഡിസിയിലും എസ്എഫ്ഐഒ പ്രാഥമിക പരിശോധനകള്‍ നടത്തി. അതോടെ അടുത്തത് താനാണെന്ന് വീണയ്ക്ക് വ്യക്തമായി. അങ്ങനെ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കാന്‍ കെ.എസ്.ഐ.ഡി.സി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യങ്ങള്‍ അത്രശുഭകരമായിരുന്നില്ല. എക്സാലോജിക്കിന്റെ ഡയറക്ടറായ വീണയേയും ചോദ്യം ചെയ്യുമെന്ന് ഉറപ്പായതോടെ കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. അവിടെയും പവനായി ശവമാകുന്നതാണ് കണ്ടത്.
വീണ കമ്പനി തുടങ്ങിയത് ബെംഗളൂരുവില്‍ ആയിരുന്നെങ്കിലും റജിസ്‌ട്രേഷന്‍ എകെജി സെന്ററിന്റെ അഡ്രസ് ഉപയോഗിച്ചാണ്. 2014ല്‍ കമ്പനി ആരംഭിക്കുന്ന സമയത്ത് പിണറായി വിജയനും കുടുംബവും താമസിച്ചിരുന്നത് എകെജി സെന്ററിനടുത്ത് പാര്‍ട്ടിയുടെ ഫ്ളാറ്റിലായിരുന്നു. അവിടുത്തെ വിലാസം ഉപയോഗിക്കാതെ, പാര്‍ട്ടി ആസ്ഥാനത്തിന്റെ വിലാസമാണ് വീണ ഉപയോഗിച്ചത്. ഇക്കാര്യം ചില സി.പി.എം നേതാക്കള്‍ അറിഞ്ഞിരുന്നതായി സംശയമുണ്ട്. കാരണം വീണയുടെ കമ്പനി വഴി പാര്‍ട്ടിയാണ് പണം വാങ്ങിയെന്ന രഹസ്യ സംസാരങ്ങളും തലസ്ഥാനത്തെ ചില പാണന്മാര്‍ പാടിനടക്കുന്നുണ്ട്. അതുകൊണ്ടാണ് സി.പി.എം ശൈലിക്ക് വിരുദ്ധമായി വീണയ്ക്ക് പ്രതിരോധകവചം തീര്‍ക്കാന്‍ നേതാക്കള്‍ അടപടലം ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
അതേസമയം സിപിഎം ബന്ധങ്ങള്‍ ഐടി വ്യവസായത്തില്‍ പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിലാസം ഉപയോഗിച്ചത് എന്നതാണ് മറ്റൊരു ആരോപണം. വലിയ നഷ്ടത്തിലായിരുന്ന കമ്പനി പിണറായി മുഖ്യമന്ത്രിയായതോടെ വലിയ ലാഭത്തിലേക്ക് കുതിക്കുകയായിരുന്നു. സ്വകാര്യ മേഖലയിലെ ഖനനം തടയാന്‍ 2019ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും ഇക്കഴിഞ്ഞ ഡിസംബര്‍ 18ന് മാത്രമാണ് സിഎംആര്‍എല്ലിന്റെ ഖനനാനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനെ വീണക്ക് കിട്ടിയ മാസപ്പടിയുമായി നേരിട്ട് ബന്ധപ്പെടുത്തിയാണ് ഇപ്പോഴത്തെ പ്രതിപക്ഷാരോപണം. കമ്പനി വിലാസം എകെജി സെന്റര്‍ ആയതു കൊണ്ട് തന്നെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യലിനടക്കം അയക്കുന്ന നോട്ടീസികള്‍ ഇവിടേക്ക് എത്തുമെന്ന ആശങ്ക എല്ലാ കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു.
സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ പിണറായി വിജയനെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ മകള്‍ക്കെതിരായ അന്വേഷണവും തുടര്‍ നടപടികളും പിണറായിയുടെ ചീട്ടുകീറുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. കാരണം പാര്‍ട്ടിക്കുള്ളില്‍ പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. പക്ഷെ, ആരും പരസ്യപ്രതികരണത്തിന് മുതിരുന്നില്ലെന്ന് മാത്രം. കേന്ദ്രഏജന്‍സികളുടെ കടുത്ത നടപടിയുണ്ടായാല്‍ പ്രശ്‌നം ഗുരുതരമാകും. മുഖ്യമന്ത്രിയെന്ന തന്റെ സ്ഥാനം ഉപയോഗിച്ച് മകള്‍ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് കണ്ടെത്തിയാല്‍ അത് അഴിമതിയുടെ ഗണത്തില്‍ പെടും. ഇതെല്ലാം പിണറായിയുടെ കസേരയുടെ അടിത്തറ വരെ ഇളക്കാന്‍ സാധ്യതയുള്ള കാര്യങ്ങളാണ്.
https://www.facebook.com/Malayalivartha