ടിപി ചന്ദ്രശേഖരനെ കൊലചെയ്യാനുള്ള നീചപദ്ധതി ആസൂത്രണം ചെയ്തതില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്കെല്ലാം പങ്കുണ്ട്; അതിനീചമായ ഈ കൊലക്കേസിലെ അന്വേഷണം നേരേ ചൊവ്വേ മുന്നോട്ടു പോയിരുന്നെങ്കില്‍ സിപിഎമ്മിലെ പല ഉന്നത നേതാക്കളും പ്രതികളാകുമായിരുന്നു

ടിപിയെ വെട്ടിനുറുക്കിയതില്‍ സിപിഎമ്മിന് പങ്കില്ലെന്നാണ് പിണറായിയും കോടിയേരിയുമൊക്കെ എക്കാലവും ആവര്‍ത്തിച്ചുപോന്നത്. അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാം അറിയാം ടിപി ചന്ദ്രശേഖരനെ കൊലചെയ്യാനുള്ള നീചപദ്ധതി ആസൂത്രണം ചെയ്തതില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്കെല്ലാം പങ്കുണ്ടെന്ന്.
അതിനീചമായ ഈ കൊലക്കേസിലെ അന്വേഷണം നേരേ ചൊവ്വേ മുന്നോട്ടു പോയിരുന്നെങ്കില്‍ സിപിഎമ്മിലെ പല ഉന്നത നേതാക്കളും പ്രതികളായിത്തീര്‍ന്നേനെ. സിപിഎം കണ്ണൂര്‍ ജില്ലാതലത്തിലേക്കുപോലും അന്വേഷണവും അറസ്റ്റും ഉണ്ടായില്ലെന്ന യാഥാര്‍ഥ്യം അക്കാലത്ത് കേരളം ഭരിച്ചിരുന്ന യുഡിഎഫിന്റെ പിടിപ്പുകേടായി തന്നെ കാണേണ്ടിയിരിക്കുന്നു.
റവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന ആര്‍എംപിയുടെ സ്ഥാപക നേതാവായധ ഒഞ്ചിയം സ്വദേശി ടി.പി. ചന്ദ്രശേഖരനെ 2012 മെയ് നാലിന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി എന്നതാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ പൊരുള്‍.
സിപിഎമ്മിന്റെ പോക്കില്‍ മനംമടുത്തും ആശയങ്ങളോടു യോജിക്കാനാവാതെയുമാണ് കറതീര്‍ന്ന സിപിഎം പ്രാദേശിക നേതാവായിരുന്ന ടിപി ചന്ദ്രശേഖരന്‍ ആര്‍എംപി എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് 2009ല്‍ രൂപം നല്‍കിയത്. ആര്‍എംപി ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കണ്‍വീനറും ആയിരിക്കെ ടിപിയുടെ പാര്‍ട്ടിയിലേക്ക് ആയിരക്കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ അണിചേര്‍ന്നതിസും സിപിഎമ്മിന്റെ മണ്ണിളകുന്നതിലും സിപിഎം സംസ്ഥാന നേതൃത്വത്തിന് ആശങ്ക വര്‍ധിച്ചു.
കാലങ്ങളായി സിപിഎം ശക്തികേന്ദ്രമായിരുന്ന ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മില്‍ നിന്ന് ആര്‍എംപി പിടിച്ചെടുത്തത് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു. അന്നു തുടങ്ങിയ വൈരാഗ്യവും പകയാണ് ഇദ്ദേഹത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് സിപിഎമ്മിനെ നയിച്ചത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അക്കാലത്ത് ആവര്‍ത്തിച്ചെങ്കിലും
കണ്ണൂരിലെ കൊലയാളി നേതൃത്വം ഇക്കാര്യത്തില്‍ യാതൊന്നും പ്രതികരിച്ചില്ല. മാത്രവുമല്ല പ്രതിപ്പട്ടികയില്‍ സിപിഎം നേതാക്കള്‍ പിടിയിലാവുകയും ചെയ്തു.
ഈ കേസിലെ മുന്‍നിര പ്രതികള്‍ക്ക് ജീവപര്യന്തം തടവിനൊപ്പം കീഴ്‌കോടതി അരലക്ഷംരൂപവീതം പിഴയും ശിക്ഷവിധിച്ചിരുന്നു. പ്രതികളെല്ലാം സിപിഎം ഗുണ്ടകളും പാര്‍ട്ടിയുടെ വാടകക്കൊലയാളികളുമായിരുന്നു എന്നത് ചരിത്ര സത്യം . ചെണ്ടയാട് മംഗലശ്ശേരി വീട്ടില്‍ എം.സി. അനൂപ്, മാഹി പന്തക്കല്‍ നടുവില്‍ മാലയാട്ട് വീട്ടില്‍ മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജ്, കണ്ണൂര്‍ ചൊക്ലി മീത്തലെചാലില്‍ വീട്ടില്‍ എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനി, കണ്ണൂര്‍ പുതിയതെരു പാട്യം പത്തായക്കുന്ന് കാരായിന്റവിട വീട്ടില്‍ രജീഷ് തുണ്ടിക്കണ്ടി എന്ന ടി.കെ. രജീഷ്, കണ്ണൂര്‍ ചൊക്ലി പറമ്പത്ത് വീട്ടില്‍ കെ.കെ. മുഹമ്മദ് ഷാഫി എന്ന ഷാഫി, കണ്ണൂര്‍ അരയാക്കൂല്‍ ചമ്പാട് പാലോറത്ത് വീട്ടില്‍ എസ്. സിജിത്ത് എന്ന അണ്ണന്‍ സിജിത്ത്, മാഹി പള്ളൂര്‍ കന്നാറ്റിങ്കല്‍ വീട്ടില്‍ കെ. ഷിനോജ് എന്നിവരെല്ലാം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായിരുന്നു. ഒപ്പം സിപിഎമ്മിന്റെ വാടകഗുണ്ടകളായിരുന്നു. മറ്റ് പ്രതികള്‍ സിപിഎം പ്രാദേശിക നേതാക്കളായിരുന്ന കെ.സി. രാമചന്ദ്രന്‍, സി.പി.എം. കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ തുടങ്ങിയവരായിരുന്നു.
കൊലയ്ക്ക് ഉപയോഗിച്ച വാളുകള്‍ കിണറ്റില്‍ എറിഞ്ഞ് തെളിവ് നശിപ്പിച്ച പ്രതി ലംബു പ്രദീപന് മൂന്നുവര്‍ഷം കഠിനതടവു ലഭിച്ചെങ്കിലും ശിക്ഷ നാലുവര്‍ഷത്തില്‍ കുറവായതിനാല്‍ പ്രദീപന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊലപാതകത്തിനുശേഷം പ്രതികളെ ഒളിവില്‍ പോകാനും ഒളിവില്‍ കഴിയാനും സാഹചര്യം ഒരുക്കിയത് സിപിഎം നേതാക്കള്‍ തന്നെയായിരുന്നു. ഇത്രയേറെ പൈശാചികമായ രീതിയില്‍ അരുംകൊലകള്‍ ആവര്‍ത്തിച്ചിട്ടും കൊലപാതക രാഷ്ട്രീയത്തെ അപലപിക്കാന്‍ കേരളത്തിലെ ഒരു ഇടതുപക്ഷ ബുദ്ധിജീവിയും അന്നും ഇന്നും മുന്നോട്ടുകാണിച്ചില്ല. തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന വാദമാണ് സിപിഎം ഇന്നും മുന്നോട്ടുവയ്ക്കുന്നത്.
ഈ അരുംകൊലയ്ക്കുശേഷം കണ്ണൂരിലെ ഒരു നിര നേതാക്കള്‍ക്ക് ജീവിതത്തില്‍ ദുരിതങ്ങളും നഷ്ടങ്ങളും ക്ലേശങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളു എന്ന തിരിച്ചറിവ് കേരളം മറന്നിട്ടില്ല. കൊന്നും കൊലിവിളിച്ചും പ്രതിയോഗികളെ കൊന്നൊടുക്കുന്ന കമ്യൂണിസ്റ്റ് ക്രൂരതയ്‌ക്കെതിരെ ആരു പ്രതികരിച്ചാലും അവരെ കൊന്നൊടുക്കുന്നതാണ് സിപിഎമ്മിന്റെ രാഷ്ട്രീയ നയം. കേന്ദ്രം ബിജെപി ഭരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് കണ്ണൂരിലെ അരുംകൊലയില്‍ നിന്ന് സിപിഎം പിന്‍മാറിയത്. കാല്‍ നൂറ്റാണ്ടിനുള്ളില്‍ 40 അരും കൊലകള്‍ക്കാണ് കണ്ണൂര്‍ സാക്ഷ്യം വഹിച്ചത്. ഏറെ കൊലകളിലും സിപിഎം തന്നെയായിരുന്നു പ്രതിസ്ഥാനത്ത്.
https://www.facebook.com/Malayalivartha