ഇ.ഡി തെളിവുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയ്യാറാകാത്തതെന്ത്? ഒരു മാസത്തിലധികമായി കേരളം ചോദിക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്; വീണയെ അറസ്റ്റ് ചെയ്യാന്‍ ഇ.ഡി മടിക്കുന്നതിന്റെ രഹസ്യം ഇതാണ്!!!

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്ത ഇ.ഡി തെളിവുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയ്യാറാകാത്തതെന്ത്? ഒരു മാസത്തിലധികമായി കേരളം ചോദിക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. മാസപ്പടി കേസില്‍ വീണയ്‌ക്കെതിരെ അടുത്തിടെയാണ് ഇ.ഡി കേസെടുത്തതെങ്കിലും ഇത് സംബന്ധിച്ച പ്രാഥമിക വിവര ശേഖരണം മൂന്ന് കൊല്ലം മുമ്പ് തുടങ്ങിയിരുന്നു.
അതിന് ശേഷമാണ് അന്വേഷണത്തിന്റെ രണ്ടാംഘട്ടം ഇ.ഡി ആരംഭിച്ചത്. ഒന്നാംഘട്ടം 2021ല്‍ ഇ.ഡി ആരംഭിച്ചപ്പോഴേ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ പെട്ടെന്ന് തന്നെ സി.എം.ആര്‍.എല്ലും വീണയും എക്‌സാലോജിക് കമ്പനിയും തുടങ്ങിയിരുന്നു. സി.എം.ആര്‍.എല്ലിന്റെ 2016 മുതല്‍ 2019 വരെയുള്ള കണക്കുകള്‍ ആദായനികുതി വകുപ്പ് കൊച്ചി പ്രിന്‍സിപ്പല്‍ കമ്മിഷണറേറ്റ് പരിശോധിച്ചപ്പോഴാണ് 135.54 കോടിയുടെ പൊരുത്തക്കേട് കണ്ടെത്തിയത്. ഇതോടെയാണ് ഇ.ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
അതോടൊപ്പം തന്നെ ആദായനികുതി വകുപ്പ് മറ്റൊരു അന്വേഷണവും തുടങ്ങിയിരുന്നു. സി.എം.ആര്‍.എല്ലുമായി ഇടപാട് നടത്തിയ കമ്പനികളുടെ വിവരം ശേഖരിക്കുകയായിരുന്നു അത്. അങ്ങനെയാണ് എക്‌സാലോജിക്കിന്റെ ഉടമയായ വീണാ വിജയന്റെ മൊഴി എടുക്കുന്നത്. ആദായനികുതി വകുപ്പ് റിപ്പോര്‍ട്ട് വന്നതോടെ വീണ സ്വല്പം ഭയന്നെന്ന് വേണം കരുതാന്‍. അതുകൊണ്ടായിരിക്കാം കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ വീണ ബംഗളൂരിവിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ സമീപിക്കുന്നത്. കര്‍ണാടകയില്‍ പോയി കമ്പനി ആരംഭിച്ചതിലും ദുരൂഹതയുണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പോലും കമ്പനി തുടങ്ങാന്‍ പറ്റാത്ത വ്യവസായ കാലാവസ്ഥയാണ് കേരളത്തിലുള്ളതെന്നും അവര്‍ പലതവണ പറഞ്ഞു.
2022 നവംബറില്‍ എക്‌സാലോജിക്കിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു. ഈ കമ്പനിക്ക് 78 ലക്ഷം രൂപ വായ്പ നല്‍കിയ എംപവര്‍ ഇന്ത്യ എന്ന കമ്പനിയും ഇതേസമയത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. സി.എംആര്‍.എല്ലിന്റെ ഉടമ ശശിധരന്‍ കര്‍ത്തായ്ക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് എംപവര്‍ ഇന്ത്യ എന്നതും ശ്രദ്ധേയം. 2016 വരെ നഷ്ടത്തിലായിരുന്ന എക്‌സാലോജിക്ക് പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെയാണ് വലിയ ലാഭത്തിലേക്ക് കുതിച്ചത്. ഇതെന്ത് മാജിക്കാണെന്ന് സ്വാഭാവികമായും ആര്‍ക്കും സംശയം തോന്നാം. ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ സി.എം.ആര്‍.എല്‍ ഇന്റരിംസെറ്റില്‍മെന്റ് ബോര്‍ഡിനെ സമീപിച്ചു. അതാണ് വീണയും പിണറായി വിജയനും ഇന്ന് അനുഭവിക്കുന്ന നാണക്കേടിന് വഴിവെച്ചത്. ഇന്റരിംസെറ്റില്‍മെന്റ് ബോര്‍ഡ് വിഷയം പരിഗണിച്ചതോടെ ഇ.ഡി അന്വേഷണം തല്‍ക്കാലത്തേക്ക് നിര്‍ത്തി. ബോര്‍ഡ് ഉത്തരവ് അനുകൂലമാകുമെന്ന് പ്രതീക്ഷിച്ച കര്‍ത്തായ്ക്കും വീണയ്ക്കും കനത്തതിരിച്ചടിയാണ് ഉണ്ടായത്.
അതുവരെ എക്സാലോജിക്കിനെതിരായ അന്വേഷണം സംബന്ധിച്ച് എല്ലാ വിവരങ്ങളുംപൊതുസമൂഹത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും വീണ വിജയനും സി.പി.എമ്മും മറച്ചുവെച്ചു. 2020ലാണ് വീണയുടെ കമ്പനിക്കെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 2020 ജൂണ്‍ 16ന് കമ്പനി രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം പാളയത്തെ എ.കെ.ജി സെന്ററില്‍ കത്തയച്ചിരുന്നു. എന്നാല്‍ കത്ത് ആരും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മടങ്ങിയെന്ന രേഖ പുറത്തുവന്നു. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിക്ക് കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ആര്‍.ഒ.സിയുടെ കത്തും മറ്റ് കാര്യങ്ങളും സംബന്ധിച്ച നിര്‍ണായ വിവരങ്ങള്‍ ഉണ്ടായിരുന്നു. കത്ത് മടങ്ങിവന്നതോടെ ആര്‍.ഒ.സി ഡയറക്ടറായ വീണ തായ്ക്കണ്ടിക്ക് ഇ-മെയില്‍ അയച്ചു.
എക്സാലോജിക്കിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പക്കണമെന്നും അതില്‍ അറിയിച്ചിരുന്നു. ഇതിന് വ്യക്തമായ മറുപടി നല്‍കിയില്ല. മെയിലുകളിലെ വിവരങ്ങള്‍ ഹൈക്കോടതി വിധിയുടെ 15ാം പേജിലുണ്ട്. കൃത്യമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് തങ്ങളെ അറിയിക്കാതെ കമ്പനി വിലാസം മാറ്റിയത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍.ഒ.സി എക്സാലോജിക്കിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പിഴ ഈടാക്കുന്നതിന് മുമ്പ് ആര്‍.ഒ.സി വീണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോവിഡിനെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം ആയിരുന്ന കാലത്താണ് എകെജി സെന്റര്‍ വിലാസം നല്‍കിയത് എന്നായിരുന്നു വിശദീകരണം.
അത് അംഗീകരിക്കാതെയാണ് കമ്പനിക്ക് പിഴ ചുമത്തിയെങ്കിലും 20,000 ആയി കുറച്ചുകൊടുത്തിരുന്നു. പിഴ ഈടാക്കിയെങ്കിലും എക്സാലോജിക്കിന്റെ ഇടപാട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. അതനുസരിച്ച് തങ്ങള്‍ 2021 ജനുവരി 29ന് അന്വേഷണം ആരംഭിച്ചെന്ന് ആര്‍ഒസി വീണയെ ഇമെയില്‍ മുഖാന്തരം അറിയിച്ചിരുന്നു. സിഎംആര്‍എല്ലുമായുള്ള കരാറും നല്‍കാത്ത സേവനത്തിന് ലഭിച്ച തുകയും സംബന്ധിച്ച അന്വേഷണത്തിന്റെ കാര്യമാണ് അറിയിപ്പിലുണ്ടായിരുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണയ്ക്കും എക്സാലോജിക്കിനും എതിരായ പരിശോധനകളും അന്വേഷണങ്ങളും തുടങ്ങിയിരുന്നു എന്നാണ് ഹൈക്കോടതിയില്‍ കേന്ദ്രം നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നത്.
ഇതെല്ലാം പരിശോധിച്ച ശേഷമാണ് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹര്‍ജി ഫയലില്‍ സ്വീകരിക്കേണ്ടെന്നും ജസ്റ്റിസ് ആര്‍.നാഗപ്രസന്ന തീരുമാനിച്ചത്. അന്വേഷണം ആരംഭിച്ച സമയത്താണ് അന്തരിച്ച കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ അതിനെതിരെ പിണറായി വിജയന്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. ശെരിക്കും പറഞ്ഞാല്‍ വീണ കര്‍ണാടക ഹൈക്കോടതിയില്‍ പോയി വടികൊടുത്ത് അടി വാങ്ങുകയായിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് കയ്യിലുള്ള വിവരങ്ങള്‍ നല്‍കി അവരോട് സഹകരിച്ചിരുന്നെങ്കില്‍ ഇത്രയും വിവരങ്ങള്‍ പുറത്തുവരില്ലായിരുന്നു.
അങ്ങനെയെല്ലാം കൊണ്ടും ശനിദശ പിടിച്ചിരിക്കുമ്പോഴാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച അന്വേഷണം ഇ.ഡി രണ്ടാഴ്ച മുമ്പ് വീണ്ടും തുടങ്ങിയത്. അതിലെ രേഖകള്‍ വീണയ്ക്ക് പോലും നല്‍കേണ്ടതില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചുമത്തിയാണ് കേസ് എടുത്തത്. അതിനാല്‍ അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അറസ്റ്റ് ചെയ്താല്‍ തങ്ങള്‍ക്ക് എന്താണ് ഗുണം എന്ന് ബി.ജെ.പി പരിശോധിച്ചു.
ശബരിമല സമരത്തിന്റെയത്ര തീവ്രത വീണയ്‌ക്കെതിരായ കേസിനില്ല. ശബരിമല യുവതീപ്രവേശനത്തിനെതിരെ ബി.ജെ.പി പോലീസിന്റെ തല്ലും അടിയും തൊഴിയും കൊണ്ട് സമരം ചെയ്‌തെങ്കിലും അതിന്റെ ഗുണം കിട്ടിയത് കോണ്‍ഗ്രസിനായിരുന്നു. 20ല്‍ 19 സീറ്റും 2019ല്‍ യു.ഡി.എഫ് തൂത്തുവാരി. ബി.ജെ.പിക്ക് വട്ടപ്പൂജ്യം. വീണയെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസിന് സീറ്റുകൂടും എന്നല്ലാതെ പ്രത്യേകിച്ച് കാര്യമുണ്ടാവില്ലെന്ന ശങ്കയിലാണ് ബി.ജെ.പി. അതുകൊണ്ട് വീണയ്ക്കും പിണറായിക്കും ആശ്വസിക്കാനുള്ള വകയുണ്ട്.
https://www.facebook.com/Malayalivartha