നാട്ടിൽ അറിയപ്പെടുന്നവരെയോ, സംസ്ഥാനതലത്തിൽ അറിയപ്പെടുന്നവരെയോ ആണ് സ്ഥാനാർഥിയാക്കേണ്ടത്; അല്ലെങ്കിൽ സ്വന്തം പാർട്ടിക്കു വോട്ട് ഉണ്ടാകണം; വിമർശനവുമായി ബിജെപി നേതാവ് പി.സി.ജോർജ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന അനിൽ ആന്റണിയുടെ തോൽവിയിൽ വിമർശനവുമായി ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി.സി.ജോർജ്. അനിൽ ആന്റണിക്ക് നാടുമായി ഒരു ബന്ധവും ഇല്ലായിരുന്നു. ഇതു തോൽവിക്ക് കാരണമായതായി അദ്ദേഹം പറഞ്ഞു. അനിലിന് വോട്ടുപിടിക്കാൻ വളരെയധികം ബുദ്ധിമുട്ടിയെന്ന് പി.സി ജോർജ് വ്യക്തമാക്കി.
നാട്ടിൽ അറിയപ്പെടുന്നവരെയോ, സംസ്ഥാനതലത്തിൽ അറിയപ്പെടുന്നവരെയോ ആണ് സ്ഥാനാർഥിയാക്കേണ്ടത്. അല്ലെങ്കിൽ സ്വന്തം പാർട്ടിക്കു വോട്ട് ഉണ്ടാകണം. സിപിഎമ്മിന് സ്വന്തം നിലയ്ക്ക് വോട്ട് ഉണ്ട്. ആരെ നിർത്തിയാലും പലയിടങ്ങളിലും ജയിക്കാനാകും. ബിജെപി പതുക്കെ വളർന്നു വരുന്നതേയുള്ളൂ. ആ പാർട്ടി ഇതുപോലെ ആരുമായും ബന്ധമില്ലാത്ത ആളെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.
അനിലിന് വോട്ടു പിടിക്കാൻ വളരെയധികം ബുദ്ധിമുട്ടി. പൂഞ്ഞാർ പഞ്ചായത്തിൽ അനിൽ ലീഡ് ചെയ്തു. പൂഞ്ഞാർ മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്തെത്തി. മുണ്ടക്കയം മേഖലയിൽ തകർച്ചയുണ്ടായി. കാരണം അവർക്ക് അനിലിനെ അറിയില്ല. ഞാൻ പലരോടും വ്യക്തിപരമായി ഫോണിൽ വിളിച്ച് വോട്ട് അഭ്യർഥിച്ചാണ് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കിയത് എന്നും പി.സി ജോർജ് പറഞ്ഞു.
https://www.facebook.com/Malayalivartha