തൃശൂരിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലെല്ലാം കോണ്‍ഗ്രസ് വോട്ടുകളില്‍ ചോര്‍ച്ച:- കെ മുരളീധരനെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു:- വയനാട് സീറ്റ് കെ. മുരളീധരന് പ്രിയങ്ക വരില്ല...

പ്രിയങ്കാ ഗാന്ധിയെ ഒഴിവാക്കിയാണെങ്കിലും വയനാട്ടില്‍ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുന്നു. രാഹുല്‍ താല്‍പര്യപ്പെട്ടാല്‍ മുരളിതന്നെയാകും വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതിനു തൊട്ടുപിന്നാലെ തൃശൂരിലുണ്ടായ തോല്‍വിയില്‍ ആകെ തകര്‍ന്നിരിക്കുന്നു കെ മുരളീധരന്‍. തൃശൂര്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം മുരളിയെ കാലുവാരി സുരേഷ് ഗോപിക്ക് വോട്ടു ചെയ്തതാണ് മുരളിയുടെ താല്‍വിക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായി മനസിലാക്കിയിരിക്കുന്നു. തോല്‍വി മാത്രമല്ല അതിദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പതിച്ചതില്‍ മുരളിയുടെ പ്രതിഷേധം ചില്ലറയല്ല.
തൃശൂരിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലെല്ലാം കോണ്‍ഗ്രസ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് വ്യക്തമാണ്. തൃശൂരില്‍ പരാജയം ഏറ്റുവാങ്ങി സിറ്റിംഗ് സീറ്റ് ബി ജെ പിക്ക് കൈമാറേണ്ടി വന്നതോടെ കനത്ത നിരാശയിലേക്കു പതിച്ച കെ മുരളീധരനെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ഫോണ്‍ എടുക്കാന്‍പോലും മുരളി തയാറായില്ല.
കെ കരുണാകരെനെക്കാള്‍ രാഷ്ട്രീയത്തില്‍ വീറും വാശിയുമുള്ള നേതാവാണ് കെ. മുരളീധരന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടു മാറി സോണിയാ ഗാന്ധിയെ വെല്ലുവിളിച്ച് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് രൂപീകരിക്കാന്‍ കരുണാകരനെക്കാള്‍ ആവേശം കാണിച്ച നേതാവാണ് മുരളി. തൃശൂരില്‍ തന്നെ കാലുവാരിയതിന്റെ കണക്കുകള്‍വരെ മുരളീധരന്‍ കൃത്യമായി കണക്കാക്കിക്കഴിഞ്ഞു. മുരളി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയാല്‍ കേരള രാഷ്ട്രീയത്തിലുണ്ടാകുന്ന ചലനം ചെറുതല്ല. ഏറ്റവും കുറഞ്ഞത് മുരളിയെ വീണ്ടും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതും കോണ്‍ഗ്രസിന്റെ പരിഗണനയിലാണ്.
എന്നാല്‍ ഒരിക്കല്‍ക്കൂടി കെപിസിസി പ്രസിഡന്റാകുന്നതിനോട് മുരളിക്ക് താല്‍പര്യമില്ല. ഉത്തര്‍ പ്രദേശിലെ റായ്ബറേലി നിലനിറുത്തേണ്ടതിനാല്‍ രാഹുല്‍ ഗാന്ധി വയനാട് സീറ്റ് അടുത്ത ദിവസംതന്നെ ഒഴിയുകയാണ്. ആ നിലയില്‍ പ്രിയങ്കയെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനമെങ്കിലും കെ മുരളീധരന്റെ തോല്‍വി ചെറിയ ആഘാതമല്ല യുഡിഎഫിനുണ്ടാക്കിയത്.
കെ മുരളീധരന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് വയനാട് നല്‍കി മുരളീധരനെ മെരുക്കാനാണ് ശ്രമം നടക്കുന്നത്. ഇന്നോ നാളെയോ രാഹുല്‍ ഗാന്ധിതന്നെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയേക്കും. ഷാഫി പറമ്പില്‍ സ്ഥാനമൊഴിയുന്ന പാലക്കാട് മണ്ഡലത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ കരുക്കള്‍ നീക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍തന്നെയായിരിക്കും പാലക്കാട്ട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.
മന്ത്രി കെ രാധാകൃഷ്ണന്‍ ഒഴിയുന്ന ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പരിഗണിക്കണമെന്ന ആവശ്യം ആലത്തൂരില്‍ ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട രമ്യ ഹരിദാസും മുന്നോട്ടു വച്ചിട്ടുണ്ട്. വടകരയിലെ സുരക്ഷിതമണ്ഡലത്തില്‍ നിന്ന് തൃശൂര്‍ക്ക് മാറ്റിയെങ്കിലും പ്രചാരണത്തില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ കൈയ്യൊഴിഞ്ഞു എന്ന പരാതിയാണ് മുരളീധരന്‍ ഉയര്‍ത്തുന്നത്. തന്നെ തോല്‍പ്പിച്ചവര്‍ തന്നെയാണ് മുരളീധരനേയും തോല്‍പ്പിച്ചതെന്ന ആരോപണവുമായി പത്മജ വേണുഗോപാല്‍ രംഗത്തുവന്നതും കോണ്‍ഗ്രസ്സിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
പ്രചാരണത്തിന്റെ അവസാനഘത്തില്‍ തന്നെ താന്‍ തോല്‍ക്കുമെന്ന ആശങ്ക മുരളീധരനുണ്ടായിരുന്നു. മുന്‍പ് പിപി ഷാനവാസ് ഉള്‍പ്പെടെയുള്ളവരെ വിജയിപ്പിച്ച വയനാട്ടില്‍ കെ മുരളീധരന്‍ മത്സരിക്കുന്നതിനോട് മുസ്ലീം ലീഗിനും എതിര്‍പ്പില്ല. ഷാഫി പറമ്പില്‍ ഒഴിയുന്ന പാലക്കാട് നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസിനു വലിയ തലവേദനയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ ശ്രീധരനെ ഫോട്ടോ ഫിനിഷിങ്ങിലാണ് കഴിഞ്ഞ തവണ ഷാഫി തോല്‍പ്പിച്ചത്. ലോകസഭാ സീറ്റിനു പിന്നാലെ നിയമസഭയിലും ബി ജെ പിക്ക് ഒരു സീറ്റ് ഉണ്ടാവുന്ന നിലയിലേക്ക് ഉപതിരഞ്ഞെടുപ്പ് മാറിയാല്‍ തൃശൂരിനു പിന്നാലെ വല്ലാത്ത ആഘാതം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടി വരും.
നിലവില്‍ മെട്രോ ശ്രീധരനെ ഒരിക്കല്‍ക്കൂടി മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അതേ സമയം രാഹുലിന് പകരം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ മുരളിയുടെ പേരിലേക്ക് കെപിസിസിയ്ക്ക് എത്താന്‍ കഴിയൂ. വയനാട്ടില്‍ മത്സരിക്കാന്‍ മുരളീധരന്‍ തയ്യാറാകുമോ എന്നതും കാത്തിരുന്ന് കാണേണ്ടതുണ്ട്. നേരത്തെ ഡിഐസി നേതാവായിരിക്കെ ഇരു മുന്നണികള്‍ക്കുമെതിരെ വയനാട്ടില്‍ മത്സരിച്ച് മികച്ച പ്രകടനം നടത്താന്‍ മുരളീധരന് കഴിഞ്ഞിട്ടിരുന്നു എന്നതും മറ്റൊരു ചരിത്രം.
https://www.facebook.com/Malayalivartha