ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തോടെ നേതൃത്വത്തിലേക്ക് ഇല്ലെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും കെ.മുരളീധരന്‍ പ്രഖ്യാപിച്ചത് നേതൃത്വത്തിന് വലിയ തിരിച്ചടി; തൃശൂരില്‍ തോല്‍പ്പിച്ച് നാണംകെടുത്തിയതിന് പിന്നാലെ കെ.മുരളീധരനെ പാര്‍ട്ടിയില്‍ നിന്നേ അകറ്റാന്‍ കോണ്‍ഗ്രസില്‍ സജീവ നീക്കം

തൃശൂരില്‍ തോല്‍പ്പിച്ച് നാണംകെടുത്തിയതിന് പിന്നാലെ കെ.മുരളീധരനെ പാര്‍ട്ടിയില്‍ നിന്നേ അകറ്റാന്‍ കോണ്‍ഗ്രസില്‍ സജീവ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തോടെ നേതൃത്വത്തിലേക്ക് ഇല്ലെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും കെ.മുരളീധരന്‍ പ്രഖ്യാപിച്ചത് നേതൃത്വത്തിന് വലിയ തിരിച്ചടിയായിരുന്നു. യുഡിഎഫിലെ പലരും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്തേക്ക് പോയി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സുനില്‍കുമാര്‍ ജയിച്ചിരുന്നെങ്കില്‍ തനിക്ക് ഇത്രയും വിഷമമില്ലായിരുന്നെന്ന് അദ്ദേഹം പ്രതികരിച്ചത് വെറുതെയല്ല. കോണ്‍ഗ്രസിന്റെ 86,000 വോട്ടാണ് ചോര്‍ന്ന് പോയത്. അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ട ടിഎന്‍ പ്രതാപനും മുന്‍ എം.എല്‍.എ വിന്‍സെന്റും നല്ല പണിയാണ് മുരളിക്ക് കൊടുത്തത്.
പത്മജ പറഞ്ഞതെല്ലാം ശരിയാണെന്ന് ഫലംവന്നപ്പോഴാണ് മുരളിക്ക് മനസ്സിലായത്. ഫലംവന്നതിന് പിന്നാലെ കോഴിക്കോട്ടേക്ക് മടങ്ങിയ മുരളി ആരെയും കാണാന്‍ കുട്ടാക്കിയില്ല. കെ.പിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല. തന്റെ പേരില്‍ കോണ്‍ഗ്രസില്‍ ആരും ചെളിവാരിയെറിയരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണുണ്ടായത്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ തൃശൂരിലെ തോല്‍വിയെ സാമാന്യവല്‍ക്കരിക്കുകയാണ് ചെയ്തത്. മുരളിയെ നേരില്‍ കാണാന്‍ പോലും ആദ്യം തയ്യാറായില്ല. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വീട്ടിലെത്തിയെങ്കിലും അതിന് മുമ്പ് മുരളി ഡല്‍ഹിക്ക് പറന്നിരുന്നു.
മുരളീധരനെ കെ.പി.സി.സി അധ്യക്ഷനാക്കാനുള്ള നീക്കം കെ.സുധാകരന്‍ പ്രകടിപ്പിച്ചിരുന്നു. പ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തിനും അതിനോട് യോജിപ്പാണ്. ഇത് പലരെയും അങ്കലാപ്പിലാക്കിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അവര്‍ക്കൊക്കെ ആശ്വാസമായി ഡല്‍ഹിയില്‍ നിന്നൊരു വാര്‍ത്ത വരുന്നത്, ബിജെപി നേതാവ് ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കുന്നു എന്ന്. അതോടെ മുരളിയെ വെട്ടാന്‍ നിന്നവരുടെ ക്യാമ്പ് വീണ്ടും സജീവമായി. ജോര്‍ജ് കുര്യനിലൂടെ ബിജെപി ക്രൈസ്തവ വിഭാഗത്തെ കയ്യിലെടുക്കാനാണ് നീക്കം നടത്തുന്നതെന്നും തൃശൂരില്‍ അത് വിജയിച്ചെന്നുമാണ് ഇവരുടെ ആവലാതി. ബിജെപിയുടെ നീക്കത്തിന് തടയിടാനായി ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ആരെയെങ്കിലും കെപിസിസി അധ്യക്ഷ പദത്തിലേക്ക് കൊണ്ടുവരണമെന്ന നരേഷനും സൃഷ്ടിച്ചുതുടങ്ങി. യുവനേതാക്കളായാല്‍ ഏറെ നന്നായിരിക്കുമെന്നും അഭിപ്രായങ്ങളുയര്‍ന്നു.
എകെ ആന്റണി 32 വയസിലും കെ മുരളീധരന്‍ 44 വയസിലും കെപിസിസി പ്രസിഡന്റായത് ഒഴിച്ചുനിര്‍ത്തിയാല്‍ 50ല്‍ താഴെ പ്രായമുള്ളവരാരും അടുത്തകാലത്തെങ്ങും കെപിസിസി അധ്യക്ഷനായിട്ടില്ല. പിപി തങ്കച്ചന് ശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നൊരാളെയും ഈ സ്ഥാനത്തേക്ക് നിയമിച്ചിട്ടുമില്ല. ഈ രണ്ട് കാര്യങ്ങളും പരിഗണിച്ചാണ് തീര്‍ത്തും അപ്രതീക്ഷിതമായൊരു നീക്കത്തിന് ഹൈക്കമാന്‍ഡ് തയ്യാറെടുക്കുന്നതെന്ന് അറിയുന്നു. മുരളിയെ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കും.
തെലങ്കാനയില്‍ രേവന്ത് റെഡ്ഡിയെ പിസിസി അധ്യക്ഷനാക്കിയ പരീക്ഷണം വലിയ വിജയമായിരുന്നു. യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുകയും പിന്നീട് ഭരണത്തിലെത്തുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്താണ് രാഹുല്‍ ഗാന്ധി മുന്‍കൈയ്യടുത്ത് ഈ നീക്കം നടത്തുന്നത്. ഉമ്മന്‍ ചാണ്ടിക്ക് ശേഷം ജനകീയനായ ക്രൈസ്തവ നേതാക്കള്‍ കോണ്‍ഗ്രസിലില്ല എന്ന് സഭാവിഭാഗങ്ങളില്‍ സജീവ ചര്‍ച്ചയുമാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം വലിയ തോതില്‍ കോണ്‍ഗ്രസിന് അനുകൂലമായി ഉണ്ടായിരുന്നു. അതുകൊണ്ട് അവരെ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്താനാണ് നീക്കം.
രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ലോക്‌സഭയിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെയാകും പുനസംഘടന നടക്കുക. എഐസിസി സെക്രട്ടറിയായ റോജി എം.ജോണിനാണ് ഏറെ സാധ്യത. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന റോജിയുടെ പ്രവര്‍ത്തനങ്ങളില്‍ ഡി.കെ.ശിവകുമാര്‍ അടക്കം നേതാക്കള്‍ വലിയ മതിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്‍ എസ് യു പ്രസിഡന്റ് എന്ന നിലയിലും റോജിയുടെ പ്രവര്‍ത്തനം രാഹുലിന് നേരിട്ടറിയാം. സിറോ മലബാര്‍ സഭയില്‍പെട്ട റോജി എല്ലാ സഭകളുമായും നല്ല അടുപ്പം പുലര്‍ത്തുന്നുണ്ട്. ഇതും ഗുണകരമാകും.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പിന്തുണയും റോജിക്കുണ്ട്. 42കാരനായ റോജിയെ പാര്‍ട്ടി ചുമതല ഏല്പിച്ചാല്‍ യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും ഹൈക്കമാന്റ് വിലയിരുത്തുന്നുണ്ട്. അടുത്തിടെ എം.എം ഹസന്‍ രണ്ട് തവണകളിലായി കെപിസിസി അധ്യക്ഷനായിരുന്നു. അപ്പോഴും ക്രൈസ്തവരെ ആരും ആ കസേരയിലേക്ക് അടുപ്പിച്ചില്ല.
ഉത്തര്‍ പ്രദേശ്, തെലങ്കാന, മഹാരാഷ്ട എന്നിവിടങ്ങളിലെ പിസിസി പ്രസിഡന്റുമാരെല്ലാം 55 വയസില്‍ താഴെയുള്ളവരാണ്. പാലക്കാട്, ആലത്തൂര്‍, വയനാട് ഉപതിരഞ്ഞെ ടുപ്പുകള്‍ മൂന്നോ നാലോ മാസത്തിനകം ഉണ്ടാകാന്‍ സാധ്യതയുണ്ട്. വരാനിക്കുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരമാവധി സീറ്റുകള്‍ നേടാന്‍ പാകത്തില്‍ പാര്‍ട്ടിയെ സജീവമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പുനസംഘടന ആലോചിക്കുന്നത്. താരതമ്യേന ചെറുപ്പക്കാരായ നേതാക്കളെ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിച്ച സംസ്ഥാനങ്ങളിലെല്ലാം അടുത്തയിടെ കോണ്‍ഗ്രസിന് മികച്ച നേട്ടം കൊയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.
കണ്ണൂരില്‍ കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടിയ കെ.സുധാകരനെ മാന്യമായി മാത്രമേ സ്ഥാനത്ത് നിന്ന് നീക്കാവൂ എന്ന നിര്‍ബന്ധവും ഹൈക്കമാന്റിനുണ്ട്. അദ്ദേഹത്തിന് ദേശീയ തലത്തില്‍ പുതിയ പദവി നല്‍കിയേക്കും. മിക്കവാറും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിടയുള്ള സംസ്ഥാനങ്ങളുടെ ചുമതല നല്‍കാനും സാധ്യതയുണ്ട്. എന്നാല്‍ കെ.മുരളീധരന്റെ അനുയായികള്‍ അദ്ദേഹത്തിനായി കളത്തിലിറങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തുടനീളം കെ.എമ്മിന് വേണ്ടി അവര്‍ പോസ്റ്ററുകള്‍ ഒട്ടിക്കുകയാണ്.
ശക്തമായ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസ് നേരിടുന്ന വലിയ വെല്ലുവിളി. അതോടൊപ്പം കൂട്ടായ പ്രവര്‍ത്തനവുമില്ല. കെ.സുധാകരനും വിഡി സതീശനും മോശം പ്രകടനമാണ് നടത്തിയതെന്ന് മാത്രമല്ല തമ്മിലടിക്കാന്‍ ഇവരെ കഴിഞ്ഞേ മറ്റാരുമുള്ളൂ. പിണറായി വിജയനോടുള്ള ശക്തമായ എതിര്‍പ്പുകൊണ്ടാണ് ജനം യുഡിഎഫിന് വോട്ട് ചെയ്തത്. അല്ലാതെ കോണ്‍ഗ്രസിനോടുള്ള സ്‌നേഹം കൊണ്ടല്ല. അതായത് നെഗറ്റീവ് വോട്ടാണ് ലഭിച്ചതെന്ന് അര്‍ത്ഥം. പണിയെടുത്ത് പാര്‍ട്ടി വളര്‍ത്തുന്ന ശീലം പണ്ടേ കോണ്‍ഗ്രസുകാര്‍ക്കില്ലല്ലോ.
https://www.facebook.com/Malayalivartha