മുസ്ലിം സഖാക്കളുടെ വോട്ടുകൾ സിപിഎമ്മിന് നഷടപ്പെട്ടതിനെ പറ്റി എംവി ഗോവിന്ദൻ മിണ്ടുന്നില്ല; മുസ്ലിം സമുദായം എങ്ങനെ വോട്ട് ചെയ്തുവെന്നും അദ്ദേഹം ഗോവിന്ദൻ പറയുന്നില്ല; അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നതാണ് സിപിഎം ലൈൻ; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന അവസ്ഥയാണ് എംവി ഗോവിന്ദനുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിന്റെ ഭീകരമായ തോൽവിയുടെ കാരണങ്ങൾ എന്ന രീതിയിൽ ഗോവിന്ദൻ അവതരിപ്പിച്ചത് വസ്തുതകളുടെ ഒരു വശം മാത്രമാണ്. എന്നാൽ മുസ്ലിം സമുദായം എങ്ങനെ വോട്ട് ചെയ്തുവെന്ന് ഗോവിന്ദൻ പറയുന്നില്ലെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ബിജെപി വിജയിക്കാൻ കാരണം എസ്എൻഡിപിയുടേയും പിന്നാക്ക ഹിന്ദുവിഭാഗങ്ങളുടേയും വോട്ടുകൾ കിട്ടിയതു കൊണ്ടാണെന്നാണ് ഗോവിന്ദൻ പറയുന്നത്.
ചിലയിടത്ത് ക്രിസ്ത്യൻ വോട്ടുകളും ബിജെപിക്ക് കിട്ടിയെന്നും അതുകൊണ്ടാണ് എൽഡിഎഫിന് ഇത്രയും വലിയ തകർച്ചയുണ്ടായതെന്നുമാണ് വിലയിരുത്തൽ. അതും പറഞ്ഞ് സിപിഎം എസ്എൻഡിപിയെ ഭീഷണിപ്പെടുത്തുകയാണ്. എസ്എൻഡിപിക്കും ജനറൽസെക്രട്ടറിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണ്. ആലപ്പുഴയിലും കോഴിക്കോട്ടും മുസ്ലിം സമുദായം എങ്ങനെ വോട്ട് ചെയ്തുവെന്ന് സിപിഎം വിലയിരുത്തിയിട്ടുണ്ടോ? നമ്മുടെ നാട്ടിൽ ഇന്ന് വരെ കാണാത്ത തരത്തിലുള്ള മുസ്ലിം പ്രീണനമാണ് മുഖ്യമന്ത്രി നടത്തിയത്.
കോഴിക്കോട് കരീംക്ക എന്നാണ് ബോർഡ് വെച്ചത്. പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയമായി പൗരത്വനിയമം ഉയർത്തി. മുസ്ലിങ്ങൾ രണ്ടാംനിര പൗരൻമാരാകും എന്ന് പറഞ്ഞു. സിപിഎമ്മിലെ മുസ്ലിംങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് ഗോവിന്ദൻ പറയണം. അവരെല്ലാം യുഡിഎഫിനാണ് വോട്ട് ചെയ്തത്. സിപിഎമ്മിലെ മുസ്ലിം സഖാക്കൾ അവരുടെ മുസ്ലിം സ്ഥാനാർത്ഥിക്ക് പോലും വോട്ട് ചെയ്യാതെ യുഡിഎഫിനെ പിന്തുണച്ചു. അതിന് വേണ്ടി ശ്രമിച്ച മുസ്ലിം സംഘടനകളെ കുറിച്ച് എന്തുകൊണ്ടാണ് ഗോവിന്ദൻ മൗനം അവലംബിച്ചത്? എന്തുകൊണ്ടാണ് എസ്എൻഡിപിയേയും ക്രൈസ്തസംഘടനകളെയും മാത്രം പേരെടുത്ത് സിപിഎം വിമർശിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
2021ൽ ഷാഫി പറമ്പിൽ ജയിച്ചപ്പോൾ പാലക്കാട്ടെ മുസ്ലിം സഖാക്കൾ ആഹ്ലാദ പ്രകടനം നടത്തിയില്ലേ. കൽപ്പറ്റയിൽ സിദ്ദിഖ് ജയിച്ചപ്പോഴും ഇങ്ങനെ തന്നെ ചെയ്തില്ലേ. മഞ്ചേശ്വരത്ത് ഇത് പതിവാണ്. ഇപ്പോൾ കേരളം മുഴുവൻ ഇങ്ങനെയാവുന്നു. വർഗീയതയെ പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് സിപിഎം സ്വയം നശിക്കുകയാണ്. ഉത്തരത്തിലുള്ളത് ലഭിച്ചതുമില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്തു. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ കേരളത്തിലെ ഒരു സമുദായത്തിനും ഒരു ദോഷവും സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തും.
ബിജെപിക്ക് വോട്ട് ചെയ്തത് മഹാപരാധമായി പോയെന്നാണ് സിപിഎം പറയുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്. ബോംബ് നിർമ്മാണവും കഴിഞ്ഞ് പ്രത്യക്ഷ അക്രമത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നു. പയ്യന്നൂരിൽ സിപിഎം ഗ്രാമത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ അക്രമം നടത്തിയത് ഇതിന് ഉദാഹരണമാണ്. അത്തരം നടപടികൾ വെച്ചുപൊറുപ്പിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
https://www.facebook.com/Malayalivartha