കേരളീയം സ്‌പോണ്‍സര്‍ തുക എത്ര മറച്ചുവയ്ക്കുന്നതിന്റെ രഹസ്യം ഇതാണ് പിണറായിയുടെ കള്ളി പുറത്താകുന്നു

സര്‍ക്കാര്‍ വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെ നീങ്ങിയപ്പോഴാണ് കഴിഞ്ഞ കൊല്ലം കേരളീയം നടത്തിയത്. സര്‍ക്കാരിന് യാതൊരു നഷ്ടവുമില്ലെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കോടികള്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടാം കേരളീയം നടത്താന്‍ തീരുമാനമായിട്ടും ആദ്യത്തെ എഡിഷനില്‍ കിട്ടിയ സ്‌പോണ്‍സര്‍ഷിപ്പ് തുകയുടെ കണക്ക് ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഇത്തവണ കൂടുതല്‍ നിക്ഷേപം കൊണ്ടുവരുമെന്നാണ് അവകാശവാദം. സാമ്പത്തിക വര്‍ഷാരംഭത്തിന്റെ ആദ്യ പാദം മാത്രമേ പിന്നിട്ടിട്ടുള്ളൂ. അതുകൊണ്ട് പ്രതിസന്ധി അത്രരൂക്ഷമായിട്ടില്ല. ആദ്യ കേരളീയത്തിന് 27 കോടിയാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി ചൊവ്വാഴ്ച നിയമസഭയില്‍ അറിയിച്ചതോടെയാണ് സംഭവം വീണ്ടും വിവാദമാകുന്നത് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ തുക പബ്‌ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് പോയത്.
ആ തുക എത്രയാണെന്ന് കണ്ടെത്താന്‍ ഒരു കൊല്ലം പോയിട്ട്, ഒരു മണിക്കൂര്‍ വേണ്ട. എന്നിട്ടും അനാസ്ഥ കാണിക്കുന്നുണ്ടെങ്കില്‍ നടപടിക്രമങ്ങളില്‍ സുതാര്യതയില്ലെന്നാണ് മനസ്സിലാകുന്നത്. ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്ത ജിഎസ്ടി ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ആദരിക്കുകയും സമ്മാനം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും കണക്കുകള്‍ പുറത്ത് വിടാത്തതില്‍ ദുരൂഹതയുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വീണ്ടും വീണ്ടും സിപിഎം വിവാദങ്ങളിലേക്ക് നീങ്ങുന്നത് ഘടകക്ഷികള്‍ക്ക് അടക്കം അതൃപ്തിയുണ്ട്. ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കി ജനപിന്തുണ വീണ്ടെടുക്കാമെന്നാണ് ഇപ്പോഴും സിപിഎം വിശ്വസിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. അത് സിപിഎമ്മിന് ഇതുവരെ മനസ്സിലായിട്ടില്ല. 2021ല്‍ അധികാരത്തിലേറും മുമ്പ് പ്രകടനപത്രികയില്‍ ഇടത്പക്ഷം പറഞ്ഞിരുന്നത് ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്നാണ്. ഇപ്പോഴും 1600ല്‍ കിടക്കുന്നെന്ന് മാത്രമല്ല, ആറ് മാസമായി കൊടുക്കുന്നുമില്ല. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് വീണ്ടും കേരളീയം കൊണ്ടുവരുന്നത്.
2023ലെ കേരളീയത്തിന്റെ സ്‌പോണ്‍സര്‍മാരില്‍ ഭൂരിഭാഗവും സര്‍ക്കാരിന് കീഴിലുള്ള ചരക്ക് സേവന നികുതി വകുപ്പിനെതിരെ കേസ് നടത്തുന്നവരായിരുന്നു. ഇപ്പോഴും ആ കേസുകള്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. വന്‍കിട ജ്വല്ലറികള്‍ മുതല്‍ പൊതുമേഖലാ ബാങ്കുകള്‍ വരെ സ്‌പോണ്‍സര്‍ഷിപ്പ് പട്ടികയിലുണ്ട്. ഇവര്‍ വന്‍തുക സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതോടെ കേസുകളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് പ്രതിപക്ഷം അടക്കം അന്നേ ആരോപിച്ചിരുന്നു. കേസുമായി എങ്ങനെ മുന്നോട്ട് പോകുമെന്നുമുള്ള കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ കടുത്ത ആശയക്കുഴപ്പമുണ്ടായിരുന്നു. ഏറ്റവുമധികം പണം സംഭാവന ചെയ്തവരെയാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാരായി ഔദ്യോഗികമായി പ്രഖ്യാപിച്ച് വെബ്‌സൈറ്റില്‍ പേര് പ്രസിദ്ധീകരിച്ചിരുന്നത്. മറ്റു സ്‌പോണ്‍സര്‍മാരുടെ പേരുകള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവര്‍ക്ക് പോലും സര്‍ക്കാര്‍ നല്‍കിയുമില്ല. അങ്ങനെ മൊത്തത്തില്‍ ദുരൂഹമായിരുന്നു ഒന്നാം കേരളീയം. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, ശോഭന എന്നിവര്‍ പങ്കെടുത്തതിന് പണം നല്‍കിയിരുന്നു. എന്നാല്‍ പാവപ്പെട്ട ചെറിയ കലാകാരന്മാരുടെ പ്രതിഫലം അടുത്തകാലത്ത് പോലും നല്‍കിയില്ലെന്ന് പലരും ആക്ഷേപം ഉന്നയിച്ചിരുന്നു.
ജോസ്‌കോ, കല്യാണ്‍, ഭീമ ജ്വല്ലറികള്‍. ഐസിഐസിഐ, കാനറാ ബാങ്ക് തുടങ്ങി സര്‍ക്കാരുമായി കേസ് നടത്തുന്നവരെല്ലാം പ്രമുഖ സ്‌പോണ്‍സര്‍മാരായിരന്നു. നികുതിവെട്ടിപ്പോ അല്ലെങ്കില്‍ സമാനമായ മറ്റ് ഗുരുതര കേസുകളോ നടത്തുന്നവരാണ് ഇവരെല്ലാം. ഇങ്ങനെ പ്രതിസ്ഥാനത്തുള്ളവരെ സര്‍ക്കാര്‍ അടുപ്പക്കാരാക്കിയത് തന്നെ ദുരുദ്ദേശപരമാണ്. വീണുകിട്ടിയ അവസരം മനസിലാക്കി ഇവരെല്ലാം കാര്യമായി സര്‍ക്കാരിനെ സഹായിച്ചു. അങ്ങനെയാണ് കേരളീയത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായി ഇവരുടെയെല്ലാം പേരുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചത്. തൃശൂര്‍ ജിഎസ്ടി ഡെപ്യൂട്ടി കമ്മിഷണര്‍, സ്‌പെഷല്‍ സര്‍ക്കിളിന് മുന്നിലാണ് കല്യാണ്‍ ജൂവലേഴ്‌സിന് കേസുള്ളത്. തിരുവനന്തപുരം ഇന്റേണല്‍ ഓഡിറ്റ് അസിസ്റ്റന്റ് കമ്മിഷണറാണ് ഭീമക്കെതിരെ കേസ് നടത്തുന്നത്. ജോസ്‌കോ ജ്വല്ലറിക്കെതിരെ കോട്ടയത്ത് രണ്ട് കേസുകളാണുള്ളത്. കാനറാ ബാങ്കിനെതിരെ അങ്കമാലിയിലും ഐസിഐസിഐക്കെതിരെ പാലക്കാട്ടുമാണ് കേസ് നിലവിലുള്ളത്. പട്ടികയില്‍ പേരുള്ള ശ്രീഗോകുലം ഹൗസിങ് കമ്പനിക്കെതിരെ കോട്ടയത്തും കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിനെതിരെ കൊല്ലത്തും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിനെതിരെ കേരള അഡ്വാന്‍സ് റൂളിങ് അതോറിറ്റിക്ക് മുന്നിലുമാണ് കേസുകളുള്ളത്.
ഇവരടക്കം സ്വകാര്യ കമ്പനികളുടെയെല്ലാം വെട്ടിപ്പുകള്‍ കണ്ടെത്താനും നടപടിയെടുക്കാനും ഔദ്യോഗികമായി ചുമതലയുള്ള ഉദ്യോഗസ്ഥരെ തന്നെ രംഗത്തിറക്കിയായിരുന്നു കേരളീയം പിരിവ് എന്നതാണ് ഏറ്റവും കഷ്ടം. ഇങ്ങനെയെല്ലാം ഏറ്റവുമധികം തുക പിരിച്ച ജിഎസ്ടി ഉദ്യോഗസ്ഥരെ കേരളീയം സമാപനവേദിയില്‍ മുഖ്യമന്ത്രി ആദരിക്കുന്ന അത്യപൂര്‍വ സംഭവവും ഉണ്ടായി. ഇതിനെല്ലാം ഒടുവിലാണ് സര്‍ക്കാരിനെതിരെ കേസ് നടത്തുന്ന കമ്പനികളില്‍ നിന്ന് പോലും പണം പിരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. അഴിമതിയോളം ഗുരുതരമായ വീഴ്ചയാണ് ഇതെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
ഇങ്ങിനെ ധൂര്‍ത്ത് നടത്തിയിട്ട് കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നടത്തി. ആ വകയില്‍ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന് ഒരു കോടി രൂപയാണ് ഫീസ് നല്‍കിയത്. കേന്ദ്രം 54,000 കോടി തരാനുണ്ടെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും അടക്കം പാടി നടന്നത്. എന്നാല്‍ സുപ്രീംകോടതിയില്‍ കേസ് നടത്തിയപ്പോള്‍ ഇതൊന്നും പറഞ്ഞില്ല. കടമെടുപ്പ് പരിധി കൂട്ടണം. മാര്‍ക്കറ്റില്‍ നിന്നാണ് കടം വാങ്ങുന്നത്. അതിന് കേന്ദ്രസര്‍ക്കാര്‍ ഇടംകോലിടരുത് എന്നാണ് കപില്‍ സിബല്‍ വാദിച്ചത്. കേന്ദ്രം കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ല. ബജറ്റിന് പുറത്ത് നിന്ന് കിഫ്ബി വഴിയും പെന്‍ഷന്‍ കമ്പനി വഴിയും കടമെടുക്കാന്‍ തുടങ്ങുകയും അതിന്റെ കണക്കുകള്‍ അക്കൗണ്ട് ജനറലിനെ കൊണ്ട് ഓഡിറ്റ് ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതോടെയാണ് കേന്ദ്രം കിഫ്ബിയുടെ കഴുത്തിന് പിടിച്ചത്. പെന്‍ഷന്‍ നല്‍കാന്‍ രൂപീകരിച്ച കമ്പനി ആവശ്യത്തില്‍ കൂടുതല്‍ തുക വായ്പയെടുക്കുകയും ചെയ്തു. ഇക്കാര്യം എജി ചൂണ്ടിക്കാണിച്ചപ്പോള്‍ അബദ്ധംപറ്റിയെന്ന മറുപടിയാണ് നല്‍കിയത്. ഇത്തരത്തില്‍ വളരെ മോശം ധനകാര്യമാനേജ്‌മെന്റ് നടത്തുന്ന സര്‍ക്കാരാണ് വീണ്ടും കേരളീയത്തിനും സ്‌പോണ്‍സര്‍ഷിപ്പിനും ഇറങ്ങിപ്പുറപ്പെടുന്നത്.
https://www.facebook.com/Malayalivartha