ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണം പി.പി. ദിവ്യക്ക് അനുകൂലമാക്കാനുള്ള ശ്രമവും ദിവ്യക്ക് മുൻകൂർ ജാമ്യം നൽകാനുള്ള നീക്കവും പരാജയപ്പെട്ടു; ദിവ്യയെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നീക്കം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തള്ളി

ദിവ്യയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രമം പൊളിഞ്ഞു. രണ്ടു ശ്രമങ്ങളാണ് പൊളിഞ്ഞത്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണം പി.പി. ദിവ്യക്ക് അനുകൂലമാക്കാനുള്ള ശ്രമവും ദിവ്യക്ക് മുൻകൂർ ജാമ്യം നൽകാനുള്ള നീക്കവുമാണ് പരാജയപ്പെട്ടത്. അതിനിടെ ദിവ്യയെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നീക്കം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തള്ളി.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരേ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടാവുമെന്ന സൂചനയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നൽകിയത്.. ആഭ്യന്തര വിഷയമായതിനാല്‍ സംഘടനയ്ക്കുളളില്‍ ആലോചിക്കും. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം സംഘാടക സമിതി യോഗത്തിലാണ് എം.വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്.
"എഡിഎം ആത്മഹത്യ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി. ശരിയായ നിലപാടിന് വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎം, തെറ്റായ ഒരു നിലപാടിന്റേയും കൂടെ പാര്‍ട്ടി നില്‍ക്കില്ല. തെറ്റായ രീതി ഉണ്ടായാല്‍ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
'ദിവ്യ ജനപ്രതിനിധിയാണെന്നത് കൊണ്ട് ദിവ്യയ്‌ക്കെതിരേ പോലീസ് ഉള്‍പ്പെടെ നടപടി സ്വീകരിച്ച ഘട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ ഒഴിവാക്കണമെന്ന് പാര്‍ട്ടി ജില്ലാകമ്മിറ്റി തീരുമാനിക്കുകയായിരുന്നു, അതുപോലെ ഒഴിവാക്കി' - എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
പിപി ദിവ്യയ്‌ക്കെതിരേ പോലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടും സിപിഎം ദിവ്യയെ സംരക്ഷിക്കുകയാണെന്ന വ്യാപക ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയത്. ഇത് ഫലത്തിൽ പിണറായിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരായ പരസ്യമായ നിലപാടാണ്.
ലാന്റ് റവന്യു കമ്മീഷണറുടെ റിപ്പോർട്ട് ഇന്നലെയാണ് സർക്കാരിന് കൈമാറിയത്. പിപി ദിവ്യക്കെതിരായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ദിവ്യയെ ക്ഷണിച്ചില്ലെന്ന കലക്ടറുടെ മൊഴിയും റിപ്പോർട്ടിലുള്ളതായാണ് വിവരം.
ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടർ മൊഴി നൽകി. കണ്ണൂർ കളക്ടർ അടക്കം 17 പേരിൽ നിന്നാണ് മൊഴി എടുത്തത്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. കൈക്കൂലി വാങ്ങി എന്നതിനു ആരും ഒരു തെളിവും നൽകിയില്ല. കൈക്കൂലി വാങ്ങി എന്നതിനു മൊഴിയും ഇല്ല. പമ്പിനു എൻഒസി നൽകിയതിൽ എഡിഎം പ്രവർത്തിച്ചത് നിയമപരമായി മാത്രമാണ്. വൈകിപ്പിച്ചില്ല എന്ന് മാത്രമല്ല അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പൊലീസ് റിപ്പോർട്ട് എതിരായിട്ടും എഡിഎം ടൗൺ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോർട്ട് തേടിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. ഈ മാസം 29 നാണ് കേസിൽ കോടതി വിധി പറയുക. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്.
ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. വ്യക്തിഹത്യയാണ് മരണകാരണം. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങി.
സ്റ്റാഫ് കൗൺസിലിൻ്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്. പരാതിയുണ്ടെങ്കിൽ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നു. പരസ്യമായി വ്യക്തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കി.
കേസിൽ ദിവ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അത്യാവശ്യമാണ്. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ദിവ്യ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിൻ്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് വിജിലൻസും പൊലീസും അടക്കം സംവിധാനങ്ങളെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും വാദിച്ച കുടുംബത്തിൻ്റെ അഭിഭാഷകൻ, പെട്രോൾ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താത്പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പ്രശാന്തിന്റെ പരാതികളിൽ പേരുകളിലെയും ഒപ്പുകളിലെയും വ്യത്യാസം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടന ഉത്തരവാദിത്വമുള്ള എഡിഎമ്മിനെ ദിവ്യ ഭീഷണിപ്പെടുത്തി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ എഡിഎമ്മിനോട് സ്ഥലം സന്ദർശിക്കാൻ പറയാൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷക്ക് സാധിക്കില്ല. പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരിധിയിൽ വരുന്നതല്ല.
ദിവ്യയുടെത് ആസൂത്രിത നടപടിയാണ്. നിയമവിരുദ്ധമായി അനുമതി നൽകാത്തതാണ് എഡിഎമ്മിനോട് വൈരാഗ്യം വരാൻ കാരണം. ഉപഹാരം നൽകുന്ന സമയത്ത് ജില്ലാ പഞ്ചായത്ത് അധ്യക്ഷ എഴുന്നേറ്റ് പോയത് അപമാനിക്കാൻ ഉദ്ദേശിച്ചാണ്. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അവർ തന്നെ പറയുന്നു. അതിനാണ് പൊതുമധ്യത്തിൽ അപമാനിച്ചത്. ആ വീഡിയോ പത്തനംതിട്ടയിൽ അടക്കം പ്രചരിച്ചു. ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ലക്ഷ്യം. ആ വേദിയിൽ ദിവ്യയോട് തിരിച്ച് മറുപടി പറയാതിരുന്നത് നവീന്റെ മാന്യതയാണ്.. ഗൗരവതരമായ കുറ്റമാണ് ദിവ്യ ചെയ്തത്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണരുടെ മുന്നിൽ ദിവ്യ ഹാജരായില്ല. ദിവ്യയുടെ മകളുടെ കാര്യമല്ല, നവീൻ ബാബുവിന്റെ അന്ത്യ കർമ്മം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടതെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
കുറേ ഉത്തരവാദിത്വങ്ങളുള്ള പൊതു പ്രവർത്തകയാണ് ദിവ്യയെന്ന് പ്രതിഭാഗത്തിന്റെ വാദം. ആരോപണം ഉയർന്നപ്പോൾ സ്ഥാനം രാജിവച്ചു. ആരോപണങ്ങളിൽ പലതും കെട്ടുകഥയാണ്. അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയത്. നവീൻ ബാബുവിനെതിരെ 2 പരാതി ലഭിച്ചിരുന്നു. എഡിഎം പണം വാങ്ങിയെന്ന് പ്രശാന്ത് പറഞ്ഞപ്പോൾ ഞെട്ടി. കളക്ടർ അനൗപചാരികമായി യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചു. അഴിമതിക്ക് എതിരെ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് പ്രസംഗിച്ചത്. അഴിമതി നടത്തരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. എഡിഎമ്മിന് ആശംസ നേർന്നു. കൂടുതൽ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യക്ക് കാരണമാകുമോ?
വിജിലൻസ് ഓഫീസർ പ്രശാന്തിന്റെ മൊഴി എടുത്തിട്ടുണ്ട്. പ്രസംഗം കഴിഞ്ഞു ഒത്തിരി സമയം കഴിഞ്ഞാണ് ആത്മഹത്യ ചെയ്തത്. നവീൻ ബാബുവിന് ദിവ്യയെ നേരിട്ട് കാണാമായിരുന്നു. ആത്മഹത്യ ആയിരുന്നില്ല മാർഗം. പങ്കെടുത്തത് പൊതു പരിപാടിയിലാണ്. നടന്നത് രഹസ്യയോഗം അല്ല. താൻ പറയുന്നത് എല്ലാവരും അറിയണം എന്ന് കരുതിയാണ് പ്രാദേശിക ചാനലിനെ വിളിച്ചത്. തന്നെകുറിച്ച് പറയുന്നത് തെറ്റെങ്കിൽ അവിടെ വെച്ച് എതിർക്കാതെ നവീൻ ബാബുവിന് എന്തിനാണ് മിണ്ടാതിരുന്നത്? വിശുദ്ധനെങ്കിൽ പ്രസംഗത്തിനിടെ എഡിഎമ്മിന് ഇടപെടാമായിരുന്നു. മുൻകൂർ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാൻ തയ്യാറാണ്. താനൊരു സ്ത്രീയാണ്. കുടുംബ ഉത്തരവാദിത്വം ഉണ്ട്. അത് പരിഗണിക്കണം. മുൻകൂർ ജാമ്യം അനുവദിക്കണം. ചെറിയ പെൺകുട്ടിയും രോഗിയായ പിതാവും ഉണ്ട്. ഇവ പരിഗണിക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയോട് പറഞ്ഞു.
സാധാരണഗതിയിൽ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകുന്ന തരത്തിലാണ് സർക്കാർ പ്രോസിക്യൂട്ടർ കോടതിയിൽ വാദിക്കാറുള്ളത്.കണ്ണൂരിലെ സർക്കാർ പ്രോസിക്യൂട്ടറെ നിയമിച്ചത് സി പി എം ആണ്. എം.വി. ഗോവിന്ദന്റെ നിലപാട് കോടതിയിൽ പ്രതിഫലിക്കാൻ കാരണമായത് ഈ സാഹചര്യത്തിലാണ്. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം നിൽക്കാനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാട് ഇതിൽ നിന്നും വിഭിന്നമാണ്.അതാണ് ഗോവിന്ദൻ വിഷയത്തിൽ കച്ച മുറുക്കിയത്. താൻ ദിവ്യക്ക് അനുകൂലമായാൽ സി പി ഐ മുന്നണിക്ക് എതിരാകുമെന്നും എം.വി. ഗോവിന്ദൻ പിണറായിയെ അറിയിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ഭർത്താവ് പി. ശശിയുടെ ബെനാമിയാണെന്ന് പി.വി അൻവർ എം.എൽ എ വിമർശിച്ചിരുന്നു. പി.ശശിയുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു അന്തരിച്ച എഡിഎം നവീന്‍ബാബുവെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നവീൻ ബാബുവിനെ നേരിടാൻ വേണ്ടിയാണ് അരുൺ കെ വിജയനെ കണ്ണൂർ ജില്ലാ കളക്ടറായി കൊണ്ടുവന്നത്. കണ്ണൂരിൽ ജില്ലാ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമാണ്.
പി.പി.ദിവ്യ നവീൻബാബുവിന്റെ യാത്രയപ്പ് യോഗത്തിൽ വന്ന് വെറുതെ വിമർശിച്ചതല്ലെന്ന് അൻവർ പറഞ്ഞു. ശശിക്ക് പെട്രോൾ പമ്പുകളിൽ നിക്ഷേപമുണ്ട്. എഡിഎം സത്യസന്ധനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. അദ്ദേഹം കൈക്കൂലിക്ക് വശംവദനായിട്ടില്ല. പി.ശശിയുടെ അമിതമായ ഇടപെടൽ പലഘട്ടത്തിലും അദ്ദേഹം എതിർത്തു. പി.ശശിയുെട താൽപര്യങ്ങള്‍ക്ക് വഴങ്ങാത്ത ഓഫിസറായിരുന്നു അദ്ദേഹം. നവീൻബാബുവിന്റെ അഭ്യർഥന പ്രകാരമാണ് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കൊടുത്തത്. കണ്ണൂരിലെ ഈ സംവിധാനത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന മാനസികാവസ്ഥ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തിയാണ് സ്ഥലംമാറ്റം വാങ്ങിയത്. ഈ ഘട്ടത്തിലാണ് നവീന് ഒരു പണികൊടുക്കാമെന്ന് ശശി തീരുമാനിച്ചത്. കൈക്കൂലിക്കാരനാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് ആരോപണം ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഇതിനായി ഉപയോഗിച്ചതായും അൻവർ ആരോപിച്ചു.
എഡിഎമ്മിന്റെ ആത്മഹത്യയ്ക്കു പിന്നിലെ കൃത്യമായ കാര്യങ്ങൾ അന്വേഷിക്കുന്നില്ല. പമ്പുടമയിൽനിന്ന് നേരത്തെ പരാതി കിട്ടിയതായി കാണിച്ച് കള്ള റജിസ്റ്റർ ഉണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിക്കുന്നു. ഒരു പൊളിറ്റിക്കൽ സെക്രട്ടറിയെ നാടിന്റെ ഗുണ്ടാതലവനായി വളർത്തുകയാണ്. പാർട്ടിക്കും സർക്കാരിനുമാണ് ഇതിന്റെ ഉത്തരവാദിത്തം. എഡിജിപി അജിത്കുമാറിന്റെ അതേവിഭാഗത്തിൽപ്പെടുന്നയാളാണ് ശശി. എഡിഎമ്മിന്റെ ആത്മഹത്യ പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. ജുഡീഷ്യൽ അന്വേഷണം നടത്തണം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ട്. പാർട്ടിക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നും അൻവർ പറഞ്ഞു.
അൻവറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കേന്ദ്ര സർക്കാർ ബെനാമി പമ്പുകളെ കുറിച്ച് അന്വേഷണം തുടങ്ങിയത്. സുരേഷ് ഗോപിയുടെ വകുപ്പിലുള്ള കാര്യങ്ങളായതിനാൽ അദ്ദേഹത്തിന് അന്വേഷിക്കാൻ എളുപ്പമാണ്. അതുകൊണ്ടു കൂടിയാണ് മന്ത്രി നവീൻ ബാബുവിന്റെ വീട്ടിലേക്ക് വന്നത്.ഭാര്യയും അടുത്ത ബന്ധുക്കളുമായി മന്ത്രി നിരവധി കാര്യങ്ങൾ സംസാരിച്ചു. അടുത്ത ബന്ധുക്കളിൽ നിന്നും നവിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തെ കുറിച്ച് വിവരങ്ങൾ തേടി. ഇതിൽ നിന്നെല്ലാം സാധ്യമായ തെളിവുകൾ തേടുകയാണ് മന്ത്രി.ഏതായാലും ദിവ്യയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നീക്കങ്ങളുടെ കരണത്താണ് എം.വി. ഗോവിന്ദൻ അടിച്ചത്.
https://www.facebook.com/Malayalivartha