ലോകപോലീസ് പദവിയിൽ ഇനി യൂ എസ് തുടരില്ല

അമേരിക്ക ഇനി മുതൽ ലോക പോലീസിന്റെ റോളിൽ തുടരില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്രിസ്മസ് രാവിൽ പറന്നിറങ്ങിയ ട്രംപ് സൈനികരെ അഭിസംബോധന ചെയ്തു.
ഇനി അമേരിക്ക ലോകപോലീസിന്റെ റോളിൽ തുടരില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാക്കിലെ യുഎസ് സേനാ താവളത്തിൽ മിന്നൽ സന്ദർശനം നടത്തിയ ട്രംപ് സൈനികരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയ്ക്ക് ലോക പോലീസായി തുടരാനാവില്ല. എല്ലാ ഭാരവും ഒറ്റയ്ക്കു ചുമക്കാനാവില്ല. മറ്റു രാജ്യങ്ങളുടെ സംരക്ഷണത്തിന് അമേരിക്കൻ സൈന്യത്തെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അമേരിക്കയ്ക്ക് ഒന്നും തിരിച്ചുകിട്ടുന്നില്ല അദ്ദേഹം പറഞ്ഞു.
സിറിയയിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും യുഎസ് സേനയെ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കകമാണ് ട്രംപ് ഇറാക്കിലേക്ക് പറന്നിറങ്ങിയത് . യുഎസ് സേനയെ ഇറാക്കിൽനിന്നു പിൻവലിക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം അറിയിച്ചു. സിറിയയിൽ ഐഎസിനെ തുരത്തുകയായിരുന്നു ലക്ഷ്യം. അതു സാധിച്ചു. സിറിയയിൽനിന്നുള്ള പിന്മാറ്റം ഒട്ടും വൈകില്ല.
ക്രിസ്മസിനു പിറ്റേന്ന് ബാഗ്ദാദിനു പടിഞ്ഞാറുള്ള അൽഅസാദ് വ്യോമസേനാ താവളത്തിൽ വിമാനമിറങ്ങിയ ട്രംപും ഭാര്യ മെലാനിയയും സൈനികരോട് സംസാരിക്കുകയും ഒപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണും ഒപ്പമുണ്ടായിരുന്നു.
അയ്യായിരം യുഎസ് ഭടന്മാരാണ് ഇറാക്കിലുള്ളത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരേ ഇറാക്കി സർക്കാരിന്റെ പോരാട്ടത്തിൽ സഹായം നല്കാനാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.
ട്രംപ് ആദ്യമായിട്ടാണ് യുദ്ധമേഖലയിൽ വിന്യസിക്കപ്പെട്ട സൈനികരെ സന്ദർശിക്കുന്നത്. മൂന്നു മണിക്കൂറിനു ശേഷം അദ്ദേഹം മടങ്ങി.
ഇറാക്കി പ്രധാനമന്ത്രി മഹ്ദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും റദ്ദാക്കപ്പെട്ടു. കൂടിക്കാഴ്ച എങ്ങനെ നടത്തണമെന്നതു സംബന്ധിച്ച അഭിപ്രായവ്യത്യാസമാണു കാരണമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇരുവരും ഫോണിൽ സംസാരിച്ചെന്നും അമേരിക്ക സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം മഹ്ദി സ്വീകരിച്ചെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
സിറിയയിൽനിന്നുള്ള സേനാ പിന്മാറ്റത്തിൽ അമേരിക്കയിലെ രാഷ്ട്രീയ നേതാക്കൾക്കും അമേരിക്കയുടെ സഖ്യകക്ഷികൾക്കും തൃപ്തിയില്ല. ഐഎസ് ശക്തിപ്പെടാൻ ഇതു കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചു.
https://www.facebook.com/Malayalivartha