പിരിച്ചുവിട്ട ജീവനക്കാരന് ആശ്വാസം; 10 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

സൗദിയിൽ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്ത ജീവനക്കാരന് 10 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സൗദി ലേബര്‍ കോടതി ഉത്തരവിട്ടു. ഇത് കൂടാതെ കുടിശികയുള്ള ശമ്പളവും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്നും കോടതി, ആശുപത്രിയോട് ആവശ്യപ്പെട്ടു .ശമ്പളം നല്‍കാത്തതിന് പുറമെ ജീവനക്കാരനുമായുണ്ടാക്കിയ കരാര്‍ പാലിക്കാനും കമ്പനി തയ്യാറായിട്ടില്ലെന്ന് കോടതി കണ്ടെത്തി.
മൂന്ന് വര്‍ഷത്തെ കരാറിലാണ് പരാതിക്കാരനെ ആശുപത്രിയിൽ നിയമിച്ചത് . എന്നാൽ ഏതാനും മാസങ്ങള്‍ക്ക് ശേഷം പിരിച്ചുവിട്ടെന്നായിരുന്നു പരാതി.പ്രശ്നം പരിഹരിക്കാന്‍ നേരിട്ട് നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരനും അറിയിച്ചു. കേസിന്റെ വിചാരണയ്ക്കായി കോടതി പലതവണ നോട്ടീസ് അയച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഹാജരായില്ല.
നഴ്സിന് കുടിശികയുള്ള ശമ്പളം നല്‍കണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചെങ്കിലും അംഗീകരിച്ചില്ല. തുടര്‍ന്ന് ഇവരുടെ അസാന്നിദ്ധ്യത്തില്‍ തന്നെ വിധി പറയുകയായിരുന്നു. അപ്പീല്‍ കോടതിയുടെ അംഗീകാരത്തിന് വിധേയമായി വിധി പ്രാബല്യത്തില്‍ വരും.
https://www.facebook.com/Malayalivartha