രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായി യുഎഇയിലൊരുക്കിയ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും; നാളെ മുതല്‍ പിടിക്കപ്പെടുന്നവര്‍ക്ക് കർശന നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

യു.എ.ഇ. ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. യുഎഇയിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാനുള്ള പൊതുമാപ്പാണ് ഇന്ന് അവസാനിക്കുന്നത്.ഓഗസ്റ്റ് ഒന്നുമുതലാണ് ഇത് ആരംഭിച്ചത്. മൂന്നുമാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും രണ്ടു തവണകൂടി കാലാവധി കൂട്ടുകയായിരുന്നു.ഡിസംബര്‍ 31ന് ശേഷം പിടിക്കപ്പെടുന്ന അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.
‘രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് പൊതുമാപ്പ് സൗകര്യം ഒരുക്കിയത്. ഒക്ടോബർ 31 വരെയാണ് ആദ്യം കാലാവധി പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് അനധികൃത താമസക്കാർ ഈ കാലയളവിൽ പിഴയൊടുക്കാതെ രാജ്യംവിട്ടു.
താമസരേഖകൾ ശരിയാക്കി രാജ്യത്ത് തുടരുന്നവരും ഏറെയാണ്. ആർക്കും യാത്രാനിരോധനമില്ല എന്നതും ഇത്തവണത്തെ പൊതുമാപ്പിന്റെ സവിശേഷതയായിരുന്നു. പുതിയജോലി കണ്ടെത്താൻ ആറുമാസത്തെ താത്കാലിക വിസ അനുവദിച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് തുണയായി.
പൊതുമാപ്പ് കാലാവധിക്കുശേഷവും താമസരേഖകൾ ശരിയാക്കാതെ രാജ്യത്ത് കഴിയുന്നവർക്ക് കനത്തപിഴയും മറ്റു നിയമനടപടികളും നേരിടേണ്ടിവരും.
പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയും കടുത്ത പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കും. നിരവധിപ്പേര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് വിവിധ രാജ്യങ്ങളുടെ എംബസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നേരത്തെ യു.എ.ഇ ഭരണകൂടം കാലാവധി നീട്ടി നല്‍കിയത്. പുതിയ തൊഴില്‍ ലഭിച്ചവര്‍ക്ക് താമസം നിയമവിധേയമാക്കാനും ജോലിയില്ലാതെ നില്‍ക്കുന്നവര്‍ക്ക് മറ്റ് ശിക്ഷകളൊന്നും അനുഭവിക്കാതെ രാജ്യം വിടാനുമുള്ള അവസരമാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ പൊതുമാപ്പ് കാലാവധിക്കുശേഷം നടത്തിയ പരിശോധനയിൽ പന്ത്രണ്ടായിരത്തിലേറെ പേർ പിടിയിലായിരുന്നു. പിഴയും നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികളുമാണ് ഇവർക്ക് നേരിടേണ്ടി വന്നത്. നിയമലംഘകരെ ജോലിക്കെടുക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 50,000 ദിർഹം വരെ പിഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ആറുവർഷത്തിനുശേഷമാണ് യു.എ.ഇ.യിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇത്തവണ പൊതുമാപ്പ് ആനുകൂല്യം നേടിയ ഇന്ത്യക്കാരുടെ എണ്ണം മുൻകാലങ്ങളിലേക്കാൾ കുറവായിരുന്നു. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളും പ്രവാസി സംഘടനകളും നടത്തുന്ന നിരന്തര പ്രവർത്തനങ്ങളുടെ ഫലമായി രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് എംബസി അധികൃതർ പറഞ്ഞു. എംബസിയുടെ നേതൃത്വത്തിൽ പൊതുമാപ്പ് അപേക്ഷകർക്കായി തൊഴിൽമേള സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha