കടൽകടന്ന പ്രവാസികളെ ഓർക്കാനും ഒരു ദിനം; ജനുവരി 9- പ്രവാസി ഭാരതീയ ദിവസ്; ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കും

1915 ജനുവരി 9നാണ് 20 വർഷത്തോളം ദക്ഷിണാഫ്രിക്കയില്‍ പ്രവാസി ഭാരതീയനായി ജീവിച്ച മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചുവന്നത്. മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചുവന്ന ദിവസത്തെ ഓര്മപെടുത്തിക്കൊണ്ടാണ് ജനുവരി 9 പ്രവാസി ഭാരതീയ ദിവസ് ആയി ആഘോഷിക്കുന്നത്. പിറന്ന നാട്ടില്‍ നിന്നും അന്യദേശങ്ങളില്‍ എത്തിപ്പെട്ട ലക്ഷകണക്കിന് ആളുകള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനു വേണ്ടി ജനുവരി ഒന്‍പതിന് അന്താരാഷ്ട്ര പ്രവാസി ദിനമായി ആചരിക്കുന്നു.
ആദ്യത്തെ പി.ബി.ഡി 2003 ജനുവരി 9ന് ന്യൂഡല്‍ഹിയിലാണ് നടന്നത്. ഇപ്പോള്‍ രണ്ടുവര്‍ഷത്തിലൊരിക്കലാണ് പി.ബി.ഡി ആഘോഷിക്കുന്നത്. ഇത് ഗവണ്‍മെന്റുമായി ബന്ധപ്പെടാനും തങ്ങളുടെ വേരുകളുമായി വീണ്ടും ഒത്തുചേരുന്നതിനുമുള്ള ഒരു അവസരം വിദേശ ഇന്ത്യന്‍ സമൂഹത്തിന് ലഭ്യമാക്കുന്നു. കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തും നടത്തിയ വിശിഷ്ടമായ സംഭാവനകളെ മാനിച്ച് തെരഞ്ഞെടുക്കപ്പെട്ട വിദേശ ഇന്ത്യക്കാര്‍ക്ക് പ്രവാസിഭാരതീയ പുരസ്‌ക്കാരം സമ്മാനിക്കാറുമുണ്ട്.
ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യന്‍ വംശജരുടെ സമൂഹം ഇന്ത്യന്‍ സമൂഹത്തിലെ വൈവിധ്യങ്ങളെ പ്രകടിപ്പിച്ചുകൊണ്ട് അതൊരു മുഖമുദ്രയായി നിലനിര്‍ത്തിക്കൊണ്ടാണ് അവിടങ്ങളില്‍ ജീവിക്കുന്നത് എന്നാണ് ന്യൂഡല്‍ഹിയില്‍ നടന്ന ആദ്യ പ്രവാസി ദിനത്തില്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന അടല്‍ ബിഹാരി വാജ്പേയ് പറഞ്ഞത്. പ്രവാസിസംഘങ്ങള്‍ അവരുടെ പ്രത്യേക ഭാഷയുടെ നൈപുണ്യം നിലനിര്‍ത്തുന്ന രീതിയില്‍ അവിടത്തെ പ്രാദേശിക സംസ്‌കാരത്തെ പ്രതിഫലിപ്പിച്ചുകൊണ്ടാണ് പ്രവാസലോകത്ത് ഇടപെടുന്നത് എന്ന് അദ്ദേഹം അന്ന് അഭിപ്രായപ്പെടുകയുണ്ടായി.
എന്നാൽ അവഗണനയുടെ നോവുംപേറി വിദേശത്തു കഴിയുന്ന ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ മാറിമാറി വരുന്ന അധികാരികള്‍ക്ക് സാധിക്കുന്നില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്. കാലാകാലങ്ങളില്‍ പ്രവാസി ഭാരതീയ ദിവസ് പോലെ പ്രവാസികള്‍ക്കായി സമ്മേളിക്കുന്ന പല പരിപാടികള്‍ പോലും പ്രഹസനമായി തീരുകയാണ് പതിവ് എന്നാണ് പല പ്രവാസികളും അഭിപ്രായപ്പെടുന്നത്. വിവിധ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ ഒഴുക്ക് വളരെയധികം വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. ഗള്‍ഫ് മേഖലയിലെ നിതാഖത്ത് നിയമം കൊണ്ട് ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് പുനരധിവാസം പോലും ഈ കാലയളവില്‍ സാധ്യമായിട്ടില്ല. വിദേശത്തെ നഴ്‌സിങ് മേഖലയിലെ അനിശ്ചിതാവസ്ഥക്ക് മാറ്റം വരുത്തുവാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല.
പ്രവാസികളുടെ എക്കാലത്തെയും സ്വപ്നമായ വോട്ടവകാശം നടപ്പിലാക്കുവാന്‍ നാളിതുവരേയും സാധ്യമായിട്ടില്ല. അടിക്കടി നിരക്ക് വര്‍ദ്ധിപ്പിക്കുന്ന വിമന കമ്പനികളാണ് പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിവിധ സീസണുകളുടെ പേര് പറഞ്ഞു അടിക്കടി നിരക്ക് വര്‍ദ്ധിപ്പിച്ചു വിമാനകമ്പനികള്‍ മത്സരിക്കുമ്പോള്‍ അധികാരികള്‍ എല്ലായ്‌പ്പോഴും മൗനം പാലിക്കുകയാണ് പതിവ് എന്നും പ്രവാസികൾ കുറ്റപ്പെടുത്തുന്നു. കേരളത്തില്‍ നിന്ന് 25 മുതല്‍ 30 ലക്ഷം വരെ മലയാളികള്‍ അന്യനാടുകളിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക് ഇതില്‍ 20 ലക്ഷം പേരെങ്കിലും ഗള്‍ഫ് നടുകളിലാണ് ജീവിക്കുന്നത്.
https://www.facebook.com/Malayalivartha