ഇതിനാണോ നാം ഗള്‍ഫില്‍ വന്നത്? സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ചെളിവാരിയെറിഞ്ഞ് പ്രവാസികള്‍ പലരും പെരുവഴിയില്‍

നാടും വീടും ഉപേക്ഷിച്ച് താനെന്തിന് ഇവിടെ വന്നെന്ന ബോധ്യം പോലും മണലാരണ്യത്തില്‍ രാവന്തിയോളം പണിയെടുക്കുന്ന മലയാളികളില്‍ പലര്‍ക്കുമില്ല. വാട്‌സ് ആപ്പും ഫേസ് ബുക്കുമായി കേരളവും എന്തിന് ലോകം പോലും വിരല്‍ തുമ്പില്‍ ഉള്ളപ്പോള്‍ അതിന്റെ പുറകിലാണ് പല പ്രവാസികളും. അല്‍പം ഇടവേള കിട്ടിയില്‍ നേരെ നെറ്റ് ഓണ്‍ ചെയ്യുന്നവരാണ് എല്ലാവരും. ചില വിരുതരാകട്ടെ ജോലിക്കിടയില്‍ പോലും ഇത് മുതലെടുക്കുന്നു. മര്യാദയ്ക്ക് സ്വന്തം കാര്യം നോക്കാതെ, നാട്ടിലെ പോലെ വേണ്ടതിനും വേണ്ടാത്തതിനും കമന്റും ഇട്ട് പരസ്പ്പരം വെറുപ്പിക്കുന്നു. അത് വ്യക്തി വിരോധത്തിലും കശ പിശയിലും അടിപിടിയിലും അവസാനിക്കുന്നു. ഫലമോ, ജയിലും നാട്ടിലേക്കുള്ള വഴിയുമാണ്.
സോഷ്യല്‍ മീഡിയകളിലെ അനാവശ്യ കമന്റുകളും അതിനെ തുടര്‍ന്നുള്ള ഇടപെടലുകളും പ്രവാസി സമൂഹത്തില്‍ സ്പര്‍ധകള്‍ക്കു കാരണമാകുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ദോഹയിലെ പ്രമുഖ മാളിനു സമീപം മലയാളി യുവാവിനു ഗുരുതരമായി മര്‍ദനമേറ്റതാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
സോഷ്യല്‍ മീഡിയകളിലെ വഴക്ക് തെരുവിലേക്കാണ് പലപ്പോഴും എത്തുന്നത്. സംഘം ചേരുന്നതും അടിപിടിയുമൊക്കെ ഗുരുതര കുറ്റകൃത്യങ്ങളായാണ് ഗള്‍ഫ് രാജ്യങ്ങള്‍ കണക്കാക്കുന്നത്. ഇതെല്ലാം പ്രവാസികള്‍ക്ക് അറിയാവുന്നതാണ്. സോഷ്യല്‍ മീഡിയകളിലെ കമന്റുകള്‍ കാരണം ജോലി നഷ്ടപ്പെട്ട നിരവധി സംഭവങ്ങളുണ്ട്.
വ്യക്തി വിരോധവും മത സ്പര്‍ദ്ധയും ഉണ്ടാക്കുന്ന കമന്റുകള്‍ക്ക് പുറമേ രാഷ്ട്രീയ വിരോധവും പലരും തീര്‍ക്കുന്നു. നരേന്ദ്ര മോഡിയെ വികലമായി ചിത്രീകരിക്കുന്ന പടം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതിനു പ്രമുഖ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയ്ക്കു ജോലി നഷ്ടപ്പെട്ടതും ഈ വര്‍ഷമാണ്. അന്യനാട്ടില്‍ കഷ്ടപ്പെട്ടു ജോലി ചെയ്തു കുടുംബം പോറ്റാന്‍ എത്തുന്നവര്‍ കുടുംബത്തെ വരെ മറന്നു തീവ്ര രാഷ്ട്രീയ, മത നിലപാടുകള്‍ സ്വീകരിക്കുന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. തന്റെ മുറിയിലിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന കമന്റുകള്‍ മറ്റൊരാളെ മുറിപ്പെടുത്തുന്നുണ്ടോ എന്നു പലരും ആലോചിക്കാറില്ല. എന്നാല്‍ ഒരു നിമിഷത്തെ കമന്റ് തന്റെ ജീവിതം തന്നെ തകിടം മറിക്കുന്ന അനുഭവമാണു ചിലര്‍ക്കുണ്ടാക്കുക. സോഷ്യല്‍ മീഡിയയിലെ വര്‍ഗീയത നിറഞ്ഞ പോസ്റ്റുകളും അതിനോടുള്ള വൈകാരിക പ്രതികരണങ്ങളും പ്രവാസി ലോകത്തെ സൗഹാര്‍ദ അന്തരീക്ഷത്തെ തകര്‍ക്കുന്ന രീതിയിലേക്കു വളരുകയാണ്. അന്നവും അഭയവും നല്‍കിയ രാജ്യത്തിന്റെ നിയമത്തിനു നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യുന്നത് ആരായാലും അംഗീകരിക്കാനാവില്ലെന്ന് പ്രവാസികള്‍ക്ക് തന്നെ അറിയാം.
ഒരുകാലത്ത് വളരെ ഭയ ഭക്തിയോടെ ഗള്‍ഫില്‍ കഴിഞ്ഞവരാണ് നമ്മള്‍ മലയാളികള്‍. എല്ലാ തരികിടകളും നാട്ടില്‍. അത് ആസ്വദിക്കാന്‍ ഇവിടെ ആളുമുണ്ട്. എന്നാല്‍ നിരവധി പേരുടെ അത്താണിയാകാനാണ് ഗള്‍ഫില്‍ വന്നത്. തികച്ചും വൈകാരികമായ ഒരു അഭിപ്രായം തട്ടി വിട്ട് എന്തിനാ എല്ലാം തട്ടിത്തെറിപ്പിക്കുന്നത്. ഒന്ന് ഓര്‍മ്മിക്കുക. ഇതിനാണോ നാം ഗള്‍ഫില്‍ വന്നത്?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha