പരിക്കേറ്റ പക്ഷിയുടെ രക്ഷയ്‌ക്കെത്തി പ്രവാസി.. 'ഞെട്ടിച്ച്' ദുബായ് ശെയ്ഖ്; കയ്യടിച്ച് പ്രവാസി ലോകം

ദുബായിലെ കടല്‍ തീരത്ത് പരിക്കേറ്റ് കിടക്കുകയായിരുന്ന പക്ഷിയുടെ രക്ഷയ്‌ക്കെത്തിയ പ്രവാസി മാധ്യമപ്രവര്‍ത്തകയെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. അറബ് മാധ്യമപ്രവര്‍ത്തകയായ റോല കാത്തിബിന്റെ പ്രവൃത്തിയെയാണ് ശെയ്ഖ് മുഹമ്മദ് പ്രശംസിച്ചത്. ദുബായ് ബീച്ചിലൂടെ നടക്കുന്നതിനിടയിലാണ് പരിക്ക് പറ്റി അവശ നിലയില്‍ കിടന്നിരുന്ന പക്ഷിയെ കണ്ടത്.
ഉടന്‍ തന്നെ റോല ദുബായ് മുനിസിപ്പാലിറ്റി അധികൃതരെ ഫോണില്‍ വിളിച്ച് വിവരം ധരിപ്പിക്കുകയും ചെയ്തു. അധികൃതരുടെ നിര്‍ദ്ദേശപ്രകാരം പക്ഷിയുടെ ചിത്രവും കൃത്യമായ ലൊക്കേഷനും വാട്ട്‌സാപ്പില്‍ അയച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ അര മണിക്കൂറിനുള്ളില്‍ തന്നെ പക്ഷിയെ ശുശ്രൂക്ഷിക്കുന്ന ചിത്രം അധികൃതര്‍ വാട്‌സാപ്പിലൂടെ പങ്ക് വെച്ചുവെന്നും റോല പറഞ്ഞു. ഇതിന്റെ ചിത്രങ്ങളടക്കം റോല തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്ക് വെച്ചിരുന്നു.
യുഎഇയെയും യുഎഇ നിവാസികളെയും ദൈവം രക്ഷിക്കട്ടെ എന്ന കമന്റോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. ഇത്് വൈകാതെ വൈറലാവുകയും നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. 'ഒരു പക്ഷിക്ക് ഇത്രയേറെ പരിചരണവും ആദരവും ലഭിക്കുന്നുവെങ്കില്‍ മനുഷ്യരെ അവര്‍ എത്രമാത്രം കരുതലോടെയാവും നോക്കിക്കാണുക! അഴിമതിയും അക്രമങ്ങളും നിറഞ്ഞ രാജ്യങ്ങള്‍ ഇവരെ കണ്ട് പഠിക്കൂ... എങ്ങനെയാണ് രാഷ്ട്രനിര്‍മാണം സാധ്യമാക്കുകയെന്ന്' എന്നായിരുന്നു റോല തന്റെ കുറിപ്പിലൂടെ പറഞ്ഞത്.
പോസ്റ്റ് വൈറലായതോടെ ശെയ്ഖ് മുഹമ്മദിന്റെ ശ്രദ്ധയിലും ഇത് പെട്ടു. ' റോലാ... കാരുണ്യവാന്മാരോട് കരുണാവാരിധിയായ ദൈവം കരുണകാണിക്കും. താങ്കളുടെ എഴുത്തിനും ദുബായ് മുന്‍സിപ്പാലിറ്റിക്കും നന്ദി അറിയിക്കുന്നു. ഈ രാജ്യത്തെ ദൈവം വീണ്ടും വീണ്ടും ചേര്‍ത്തുപിടിക്കട്ടെ. മൂല്യങ്ങളില്ലാത്ത സംസ്‌ക്കാരം അര്‍ത്ഥശൂന്യമാണ്. മൂല്യങ്ങളാണ് മനുഷ്യത്വത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത്' ശെയ്ഖ് മുഹമ്മദ് റോലയുടെ പോസ്റ്റിന് മറുപടിയായി തന്റെ ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























