പാസ്പോർട്ടും രേഖകളും നഷ്ടപ്പെട്ട് ബഹ്റൈനിൽ ജീവിച്ച് തീർത്തത് നാലു പതിറ്റാണ്ട് ..അമ്മയെ കാണാൻ 42 വർഷങ്ങൾക്ക് ശേഷം ഗോപാലൻ നാട്ടിലേക്ക്

42 വർഷം നീണ്ട ബഹ്റൈൻ പ്രവാസ ജീവിതത്തിനൊടുവിൽ ഗോപാലൻ ചന്ദ്രൻ നാടണയുമ്പോൾ ബാക്കിയാകുന്നത് നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഗൾഫിലെത്തിയ ജീവിതമായിരുന്നു. തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയായ ഗോപാലൻ 1983ലാണ് ബഹ്റൈനിലെത്തുന്നത്. കുടുംബത്തെ കാണാനോ അവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനോ ആകാതെ നീണ്ട നാല് പതിറ്റാണ്ടുകാലമായി കഴിഞ്ഞിരുന്ന ഗോപാലന് തുണയായത് പ്രവാസി ലീഗൽ സെല്ലാണ്.
തൊഴിലുടമ മരണപ്പെട്ടതോടെയാണ് ഗോപാലൻ ചന്ദ്രന്റെ ജീവിതത്തിൽ തിരിച്ചടി തുടങ്ങുന്നത് .ഗോപാലൻ ചന്ദ്രന്റെ പാസ്പോർട്ടുകളും മറ്റ് രേഖകളുമെല്ലാം വിസ നൽകിയിരുന്ന തൊളിലുടമയുടെ പക്കലായിരുന്നു. എന്നാൽ തൊഴിലുടമ മരണപ്പെട്ടതോടെ ആ രേഖകളെപ്പറ്റിയുള്ള യാതൊരു വിവരവും ഗോപാലന് ലഭിച്ചിരുന്നില്ല. ഫോണോ മറ്റ് ആശയവിനിമയ ഉപാധികളോ ഉപയോഗിക്കാതിരുന്ന ഗോപാലന് നാട്ടിലുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞതുമില്ല. ഇതോടെ ജീവിതം കൂടുതൽ ഇരുട്ടിലായി.
ബഹ്റൈനിൽ പലയിടങ്ങളിലായി ജോലി ചെയ്ത് ജീവിതം തള്ളിനീക്കി. എന്നാൽ 2020ൽ ഒരു പ്രശ്നത്തിന്റെ പേരിൽ ഗോപാലൻ പോലീസ് പിടിയിലാവുകയും ജയിലിൽ അകപ്പെടുകയും ചെയ്തു. അതിനിടയിലാണ് നാട്ടിൽ അമ്മയും സഹോദരനും ജീവിച്ചിരിപ്പുണ്ടെന്ന വിവരം അറിയുന്നത്. അതോടെ നാട്ടിൽ പോകണമെന്നും അമ്മയെ കാണണമെന്നുമുള്ള ആഗ്രഹമായി. നാട്ടിലെത്തിക്കാൻ പലരും സഹായവുമായി മുന്നോട്ട് വന്നു. ഒടുവിൽ പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിലാണ് ഗോപാലന് നാട്ടിൽ പോകാൻ വഴിയായത്.
പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത്, സെക്രട്ടറി ഡോ.റിതിൻ രാജ്, അനിൽ തങ്കപ്പൻ നായർ എന്നിവരുടെ കഠിന പരിശ്രമങ്ങൾക്കൊടുവിൽ ഗോപാലനെ നാട്ടിലെത്തിക്കാനുള്ള എല്ലാ നിയമക്കുരുക്കുകളും തടസ്സങ്ങളും ഒഴിവായി. യാത്രാ ചെലവുകളും മറ്റും ഇന്ത്യൻ എംബസിയാണ് വഹിക്കുന്നത്. അമ്മയ്ക്ക് 95 വയസ്സുണ്ട്. ഗോപാലന്റെ മനസ്സിൽ അമ്മയെയും സഹോദരനെയും കാണണമെന്ന ആഗ്രഹം മാത്രമായിരുന്നു ബാക്കി. വർഷങ്ങളോളം ബഹ്റൈനിൽ പ്രവാസിയായിരുന്നെങ്കിലും യാതൊരു സമ്പാദ്യവുമില്ലാതെയാണ് ഗോപാലൻ നാട്ടിലേക്ക് തിരിക്കുന്നത്. 42 വർഷത്തോളമുള്ള പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളും പേറിയാണ് ഗോപാലൻ ഉറ്റവരുടെ പക്കലേക്ക് യാത്ര തിരിച്ചത്.
https://www.facebook.com/Malayalivartha