പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തുനിന്ന് വോട്ടു ചെയ്യാന്‍ ഇത്തവണ അവസരം ഇല്ല

തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതിനാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലും പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തു നിന്ന് വോട്ടു ചെയ്യാന്‍ ഇത്തവണ അവസരം നല്‍കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഭരണഘടനാപരമായ അവകാശമായ വോട്ട് രേഖപ്പെടുത്താന്‍ പ്രവാസികള്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലിയെടുക്കുന്നവര്‍ക്കും അവസരം നല്‍കണമെന്ന് ജസ്റ്റിസ് കെ.ജി.രാധാകൃഷ്‌ണന്‍ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദ്ദേശം നല്‍കി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുക. പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളിലെ എംബസികളില്‍ വോട്ട് ചെയ്യാനുളള സാദ്ധ്യത ആരായാനും കോടതി ആശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് കേസ് ആഗസ്റ്റ് എട്ടിലേക്ക് മാറ്റി. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ തപാല്‍ വോട്ട് പ്രയോഗികമല്ലെന്ന നിഗമനത്തില്‍ കോടതി എത്തിച്ചേര്‍ന്നു. അതേ സമയം രാജ്യത്തേക്ക് വിദേശ നാണ്യം അയയ്‌ക്കുന്ന പ്രവാസികള്‍ക്ക് വോട്ടില്ലാത്തത് വലിയ പ്രശ്‌നമാണെന്നും വിലയിരുത്തി. അതിന് പരിഹാരം വേണം. ഇതിന് നേരത്തെ ഹര്‍ജി നല്‍കണമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha