രാജകുമാരന്‍മാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം? കൊട്ടാരത്തില്‍ പ്രതിഷേധിക്കാന്‍ എത്തിയ എല്ലാവരേയും അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി മുഹമ്മദ് ബിന്‍ സല്‍മാന്‍

സൗദി അറേബ്യയില്‍ രാജകുടുംബങ്ങള്‍ അനുഭവിച്ച സൗകര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. കടുത്ത സാമ്പത്തിക കമ്മി നേരിട്ടതോടെ കുടുംബാംഗങ്ങളുടേയും സൗജന്യങ്ങള്‍ വെട്ടിക്കുറച്ചു. സര്‍ക്കാര്‍ നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുകയും മൂല്യവര്‍ധിത നികുതികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ രാജ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങളിലും സര്‍ക്കാര്‍ കുറവു വരുത്തിയിരുന്നു.
സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യത്തെ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം പാവങ്ങള്‍ക്ക് താങ്ങും തണലുമാവുക. എന്നാല്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് രാജകുടുംബാഗങ്ങളെ തന്നെ ചൊടിപ്പിച്ചു. ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനെതിരെ പ്രതിഷേധിച്ച 11 സൗദി രാജകുമാരന്മാര്‍ എത്തി. ഇവരെ അറസ്റ്റ് ചെയ്ത് തടവിലിടാനായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദ്ദേശിച്ചത്.
രാജകുടുംബാംഗങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനെതിരെ റിയാദിലെ ഒരു കൊട്ടാരത്തില്‍ ഒത്തുചേരുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. വെള്ളം, വൈദ്യുതി തുടങ്ങിയ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് 11 രാജ കുടുംബാംഗങ്ങള്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള കൊട്ടാരത്തില്‍ ഒത്തുചേര്‍ന്നത്. ഇവര്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയും കൊട്ടാരം വിട്ടുപോകാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവരെ തടവിലാക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇവര്‍ക്കെതിരായി വിചാരണ നടപടികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തടവിലായവര്‍ ആരൊക്കെയന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല. ഭരണത്തിലെ പിന്തുടര്‍ച്ചാവകാശത്തില്‍ മാറ്റം വരുത്തിയ സല്‍മാന്‍ രാജാവിന്റെ നീക്കം അഭിപ്രായ ഭിന്നതകള്‍ക്കൊടുവിലായിരുന്നു. കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ മാറ്റി മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത് അസ്വാഭാവിക നടപടിയാണ്. ഇതിന് ശേഷം വമ്പന്‍ പരിഷ്‌കാരങ്ങളാണ് സല്‍മാന്‍ രാജകുമാരന്‍ കൊണ്ടുവന്നത്. അഴിമതിക്കാരായ രാജകുടുംബാഗങ്ങളെ ജയിലില്‍ അടയ്ക്കുകയും ചെയ്തു.
സൗദിയുടെ സാമ്പത്തിക രംഗത്ത് നിര്‍ണായക ഇടപെടലുകളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എണ്ണയെ ആശ്രയിച്ച് മാത്രം സാമ്പത്തിക വളര്‍ച്ച എന്ന സൗദിയുടെ സാമ്പ്രദായിക രീതി മാറ്റാനാണ് രാജകുമാരന്റെ പ്രധാന നീക്കം.
https://www.facebook.com/Malayalivartha