നഷ്ടപരിഹാര തുക മറ്റൊരാള്‍ തട്ടിയെടുത്ത സംഭവത്തില്‍ തുക കേന്ദ്രം നല്‍കണമെന്ന് ഉത്തരവ്

ദുബായില്‍ മരിച്ച മലയാളി യുവാവിന്റെ നഷ്ടപരിഹാര തുക മറ്റൊരാള്‍ തട്ടിയെടുത്ത സംഭവത്തില്‍ തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്ന് ഉത്തരവ്. സിംഗിള്‍ ബഞ്ച് ജഡ്ജിയുടെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. തുക അര്‍ഹതപ്പെട്ട കൈകളില്‍ എത്തിച്ച ശേഷം കുറ്റക്കാരില്‍ നിന്ന് കേന്ദ്ര അധികൃതര്‍ നിയമാനുസൃതം തുക ഈടാക്കാമെന്ന് നിര്‍ദ്ദേശിച്ചതില്‍ അപാകതയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും കേന്ദ്രസര്‍ക്കാരും മറ്റും സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ഡി ശേഷാദ്രി നായിഡു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
മരിച്ച സുനിലിന്റെ പിതാവ് കോട്ടയം മണിമല സ്വദേശി കെ ഒ ഉമ്മന് 17,79,000 രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് സിംഗിള്‍ ജഡ്ജി വിധിച്ചതാണ് അപ്പീലില്‍ ചോദ്യം ചെയ്തത്. തങ്ങളുടെ ഭാഗത്ത് അനാസ്ഥ ഉണ്ടെന്ന സിംഗിള്‍ ജഡ്ജിന്റെ കണ്ടെത്തല്‍ ന്യായമല്ലെന്ന് കേന്ദ്ര അധികൃതര്‍ വാദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് അനാസ്ഥയുണ്ടായെന്നും തട്ടിപ്പില്‍ ചിലര്‍ക്ക് പങ്കുണ്ടോയെന്ന് സിബിഐയ്ക്ക് സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha