ഉമ്മയ്ക്ക് വസ്ത്രം എടുക്കാത്ത മകന്‍ എന്ന് കഴിഞ്ഞ നാല് വർഷമായി ലോകം മുഴുവന്‍ പരിഹസിക്കുന്നു; ഇനിയും എന്നെ അങ്ങനെ വിളിക്കരുത്;അടുത്ത റമസാനിലെങ്കിലും വെറുതെ വിടണം; അപേക്ഷയുമായി പ്രവാസി മലയാളി

പെരുന്നാള്‍ ഷോപ്പിങിനായി ഭാര്യയെയും മക്കളെയും ഒപ്പം ഉമ്മയെയും കൂട്ടിയെത്തിയ പ്രവാസി യുവാവ് മണിക്കൂറുകളെടുത്ത് പതിനായിരങ്ങളുടെ ഷോപ്പിങ് നടത്തിയിട്ടും സ്വന്തം ഉമ്മയ്ക്ക് ഒരു പുതുവസ്ത്രം പോലും വാങ്ങിക്കൊടുക്കാത്ത നന്ദികേടിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ, ഉമ്മയ്ക്ക് പെരുന്നാള്‍ വസ്ത്രം എടുക്കാത്ത മകന്‍ എന്ന ചീത്തപ്പേരു പേറി പ്രവാസി മലയാളിയായ മുജീബ് എന്ന യുവാവ് നാലു വര്‍ഷമായി നടക്കുകയായിരുന്നു.
അറിവില്ലായ്മ കൊണ്ട് ചെയ്ത തെറ്റിനു കഴിഞ്ഞ നാലു വര്‍ഷമായി സമൂഹമാധ്യമങ്ങളില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്നാണ് മുജീബ് ഈ സംഭവത്തിനോട് പ്രതികരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇനിയെങ്കിലും തന്നെ വേട്ടയാടുന്നതും പരിഹസിക്കുന്നതും നിര്‍ത്തണമെന്നും ഫേസ്ബുക്ക് ലൈവിലൂടെ എത്തി മുജീബ് താഴ്മയോടെ അപേക്ഷിക്കുകയാണ്.
സംഭവം ഇങ്ങനെയായിരുന്നു... 2014ല്‍ റമസാനില്‍ നാട്ടില്‍ പോയപ്പോഴായിരുന്നു സംഭവം നടന്നത്. അന്ന് സുഹൃത്തിന്റെ വസ്ത്രാലയത്തില്‍ നിന്നും ഭാര്യയ്ക്കും മക്കള്‍ക്കും വസ്ത്രമെടുത്തിട്ടും കൂടെ കൊണ്ടുവന്ന ഉമ്മയ്ക്ക് വസ്ത്രങ്ങളെടുത്തിരുന്നില്ല, എന്താ വസ്ത്രം എടുക്കാത്തതെന്നു കടയുടമയായ സുഹൃത്ത് മുജീബിനോട് ചോദിക്കുകയായിരുന്നു.
ഉമ്മയ്ക്ക് എന്തിനാണ് ഞാന്‍ വസ്ത്രമെടുക്കുന്നത്. അതിന് വേറെയും മക്കളുണ്ടല്ലോ എന്നായിരുന്നു മുജീബ് മറുപടി നല്‍കിയത്. ഉമ്മയെ കുട്ടികളുടെ കൈ പിടിച്ച് നടക്കാന്‍ വേണ്ടി മാത്രമാണ് കൂടെ കൂട്ടിയതെന്നും പറഞ്ഞു. എന്നാല്‍, ഇക്കാര്യം ചോര്‍ന്നു, സമൂഹമാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞു. ഉമ്മയ്ക്ക് വസ്ത്രം എടുക്കാത്ത മകന്‍ എന്ന് ലോകം മുഴുവന്‍ മുജീബിനെ പരിഹസിച്ചു. എല്ലാ റമസാനിലും നാട്ടില്‍പോകാറുള്ള മുജീബ് അപ്പോഴൊക്കെയും പരിഹാസത്തിനു പാത്രമായി. ഉമ്മാക്ക് വസ്ത്രമെടുക്കാത്ത മുജീബ് എന്നു പറഞ്ഞായിരുന്നു പരിഹാസം.
പരിഹാസം സഹിക്കാനാകാതെ ആയപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുജീബ്. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ അറിവില്ലായ്മ കൊണ്ടു ചെയ്തു പോയ തെറ്റിന്റെ പേരില്‍ അപഹാസ്യനായി കൊണ്ടിരിക്കുന്നതായി ലൈവില്‍ മുജീബ് പറഞ്ഞു. റമസാനില്‍ നാട്ടില്‍ വരാന്‍ തന്നെ മടിയാണിപ്പോള്‍.
എവിടെ ചെന്നാലും ആളുകള്‍ നോക്കിച്ചിരിക്കുന്നു. പള്ളിയിലടക്കം കുട്ടികള്‍ പോലും കളിയാക്കുന്നു. അതിന് പ്രായശ്ചിത്തമെന്നോണം അടുത്ത വര്‍ഷം മുതല്‍ തന്നെ ഞാന്‍ ഉമ്മാക്കും ഉപ്പാക്കും രണ്ട് പെരുന്നാളിനും മൂന്ന് ജോടി വീതം വസ്ത്രം നല്‍കി. ഇതെല്ലാം ഞാന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പക്ഷേ, എന്നിട്ടും ആളുകള്‍ എന്നെ അപഹസിക്കുന്നത് നിര്‍ത്തുന്നില്ല- മുജീബ് പറയുന്നു.
കഴിഞ്ഞ ദിവസം നാട്ടില്‍ ചെന്നപ്പോഴും ഇപ്രാവശ്യത്തെ പെരുന്നാള്‍ വസ്ത്രം വാങ്ങിക്കൊടുത്തു. ഇതിന് ശേഷം ഉമ്മയുടെ മുറിയുടെ അരികിലൂടെ പോയപ്പോള്‍ വളരെ സന്തോഷത്തിലാണ് അവരുള്ളത് എന്നു ഞാന്‍ കണ്ടു. നാലു വര്‍ഷം മുന്‍പ് ചെയ്തുപോയ തെറ്റിന് ഇനിയും എന്നെ കളിയാക്കരുത്. അടുത്ത റമസാനിലെങ്കിലും അതു നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു.
മാതാപിതാക്കള്‍ക്ക് വസ്ത്രമെടുത്തതിന്റെ ബില്ലും മുജീബ് വിഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍, ഈ വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുത് പരിഹാസം നിറഞ്ഞ കമന്റുകളോടെയാണ്. ഉമ്മാക്ക് ഡ്രസ്സ് എടുക്കാത്ത മുജീബിനെ കണ്ടെത്തി. അവന്‍ കുറ്റസമ്മതവും നടത്തി. ഇനിയെങ്കിലും അവനെ വെറുതെ വിടുക എന്ന കുറിപ്പോടെ പ്രചരിപ്പിക്കുന്നതെങ്കിലും, അതോടൊപ്പമുള്ള ഇമോജി കളിയാക്കുന്നതാണ്.
https://www.facebook.com/Malayalivartha