ഈദ് ആഘോഷങ്ങള്‍ക്കൊരുങ്ങി ദുബായ്.... നഗരവീഥികളും വാണിജ്യകേന്ദ്രങ്ങളും പെരുന്നാള്‍ പ്രഭയില്‍ തിളങ്ങിത്തുടങ്ങി, മലയാളികളടക്കമുള്ള പ്രവാസികള്‍ പെരുന്നാള്‍ അവധിക്ക് നാട്ടിലേക്കുള്ള ഒരുക്കത്തില്‍

ഈദ് ആഘോഷങ്ങള്‍ക്കൊരുങ്ങി ദുബായ്. ഒരാഴ്ച നീളുന്ന വര്‍ണാഭമായ ആഘോഷങ്ങള്‍ നിരവധി കേന്ദ്രങ്ങളിലാണ് നടക്കുന്നത്. വാണിജ്യ കേന്ദ്രങ്ങളും ആഘോഷ നഗരികളും സാംസ്‌കാരിക കേന്ദ്രങ്ങളും വരും ദിനങ്ങളില്‍ ആഘോഷത്തിന്റെ നിറവിലാവും. ജമീല്‍ ആര്‍ട്ട് സെന്ററില്‍ മേയ് 28 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ നടക്കും. പ്രമുഖകലാകാരന്മാരും കവികളും ഒരുമിക്കുന്ന സമ്മേളനം നടക്കും.
അഞ്ച് വയസ്സില്‍ താഴെ യുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ദുബായ് അക്വേറിയം, അണ്ടര്‍വാട്ടര്‍ സൂ, റീല്‍ സിനിമാസ്, ദുബായ് മാള്‍, ദുബായ് മറീന മാള്‍ എന്നിവിടങ്ങളില്‍ സൗജന്യ പ്രവേശനമാണ് ഇമാര്‍ എന്റര്‍ടൈന്‍മെന്റ് ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് പാര്‍ക്കില്‍ അന്‍പത് ദിര്‍ഹത്തിന് ഇഫ്താര്‍, ആഘോഷപരിപാടികള്‍, പാര്‍ക്കിങ് എന്നിവയാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. പത്ത് ദിര്‍ഹം നിരക്കില്‍ ഏതെങ്കിലും ഒരു റൈഡും ആസ്വദിക്കാം . ജുമൈറ എമിറേറ്റ്‌സ് ടവറില്‍ ഇഫ്താര്‍ നിരക്കിലും റൂം വാടകയ്ക്കും 15 ശതമാനം ഇളവ് നല്‍കിയിട്ടുണ്ട് . നഗരവീഥികളും വാണിജ്യകേന്ദ്രങ്ങളും പെരുന്നാള്‍ പ്രഭയില്‍ തിളങ്ങിത്തുടങ്ങി.
ഇക്കുറി സ്വകാര്യമേഖലക്കും അവധിദിനങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ കുടുംബങ്ങളും സുഹൃത്തുക്കള്‍ സംഘമായും യാത്രകളും മറ്റ് കൂട്ടായ്മകളും ആസൂത്രണം ചെയ്യുന്നുണ്ട്. മലയാളികളടക്കമുള്ള പ്രവാസികളില്‍ പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് പോകുന്നവരും കുറവല്ല.
https://www.facebook.com/Malayalivartha

























