ഒമാനില്‍ നിര്‍ബന്ധിത ഉച്ചവിശ്രമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

ഒമാനില്‍ നിര്‍ബന്ധിത ഉച്ചവിശ്രമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ . കടുത്ത വേനല്‍ ചൂട് മുന്‍നിര്‍ത്തി ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് വരെയാണ് ഒമാന്‍ തൊഴില്‍ നിയമപ്രകാരം നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്. ഇതു പ്രകാരം ഉച്ചക്ക് 12.30 മുതല്‍ വൈകീട്ട് 3.30 വരെ നിര്‍മാണത്തൊഴിലാളികളടക്കം കടുത്ത ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ക്കാണ് വിശ്രമം അനുവദിക്കേണ്ടത്. ഇത്തരം തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. നിര്‍ബന്ധിത ഉച്ചവിശ്രമം നടപ്പാക്കുന്നതിന് മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കമ്പനികളോട് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് നിര്‍ദേശിച്ചു.
ഉച്ചവിശ്രമ സമയത്ത് തൊഴിലെടുപ്പിക്കുന്നത് ഒമാനി തൊഴില്‍ നിയമത്തിന്റെ 118ാം ആര്‍ട്ടിക്കിള്‍ പ്രകാരം കുറ്റകരമാണ്. 100 റിയാല്‍ മുതല്‍ 500 റിയാല്‍വരെ പിഴയോ അല്ലെങ്കില്‍ ഒരു മാസംവരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷ. കുറ്റകൃത്യം ആവര്‍ത്തിക്കുന്ന പക്ഷം ശിക്ഷ ഇരട്ടിയാകും. നിയമലംഘകരെ കണ്ടെത്തുന്നതിനായി മുന്‍ വര്‍ഷങ്ങളില്‍ മന്ത്രാലയം നിരവധി പരിശോധനകള്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























