കെട്ടിടത്തിന് മുകളിൽ തെറിച്ചുവീണു..! സൗദിയിൽ പ്രവാസി മലയാളിയുടെ ജീവനെടുത്ത് വര്‍ക്ക് ഷോപ്പിൽ ഉഗ്രസ്ഫോടനം, നടുക്കത്തോടെ പ്രവാസികൾ

സൗദിയിൽ എണ്ണ ടാങ്കർ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ സ്‌ഫോടനത്തിൽ മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി പാറക്കാട്ട് ഫിലിപ് ജോര്‍ജ് ആണ് മരിച്ചത്. 55 വയസായിരുന്നു. യമാമ കമ്പനിയിലെ ഗ്യാരേജിലെ വെല്‍ഡറായിരുന്നു. റിയാദിൽ നിന്ന് 70 കിലോമീറ്റർ അകലെ മുസാഹ്മിയയില്‍ വ്യാഴാഴ്ചയായിരുന്നു ഈ അപകടം ഉണ്ടായത്.
അറാംകോയില്‍ നിന്ന് ക്രൂഡ്ഓയില്‍ കൊണ്ടുവരുന്ന ടാങ്കര്‍, ചോര്‍ച്ചയെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പിലെത്തിച്ചു. ഈ സമയം ഫിലിപ് ജോര്‍ജ് ക്രൂഡ് ഓയില്‍ ടാങ്കിന്റെ ചോര്‍ച്ച അടക്കുന്നതിന്റെ ഭാഗമായി വെല്‍ഡ് ചെയ്യുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയും തെറിച്ചുവീഴുകയുമായിരുന്നു. കെട്ടിടത്തിന്റെ മുകളിലേക്കു തെറിച്ചു വീണ ഇദ്ദേഹത്തെ പൊലീസെത്തിയാണ് പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു. മൃതദേഹം മുസാഹ്മിയ ആശുപത്രിയിലാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
നേരത്തെ ജൂൺ 4 ന് യുഎഇയിൽ അജ്മാനിലും ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരണപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്. അജ്മാന്‍ ജര്‍ഫിലെ ഫാക്ടറിയില്‍ വെല്‍ഡിങ് ജോലിക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. തൊഴിലാളികൾ ടാങ്കുകളിലൊന്നിന് മുകളിലൂടെ വെൽഡിംഗ് ജോലികൾ നടത്തുന്നതിനിടെ തീപ്പൊരി അകത്തേക്ക് പറക്കുകയായിരുന്നു.
ഇത് പൊട്ടിത്തെറിയിലേക്ക് നയിക്കുകയായിരുന്നു. ജൂൺ 4ന് രാവിലെ 11 മണിയോടെയാണ് സ്‌ഫോടനത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് അജ്മാൻ പൊലീസ് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് സ്‌ഫോടനത്തിന് കാരണമെന്ന് പോലീസ് മേധാവി പറഞ്ഞു.
https://www.facebook.com/Malayalivartha