നിരക്ക് കുത്തനെ കൂട്ടി....! കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ഇരട്ടിയായി ഉയർത്തി

സൗദിയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ഒരു പ്രത്യേക അറിയിപ്പാണ് പുറത്തുവന്നിരിക്കുന്നത്. പ്രത്യേകിച്ച് സൗദി തലസ്ഥാന നഗരിയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കുന്നവർക്ക്. എയർപ്പോർട്ടിലെ പാർക്കിങ് ഫീസ് ഇരട്ടിയായി ഉയർത്തിയിരിക്കുകയാണ് അധികൃതർ. മണിക്കൂറിന് അഞ്ചര റിയാലായിരുന്ന പാർക്കിങ് ഫീസ് ഇപ്പോൾ 10 റിയാലായാണ് കൂട്ടിയത്.പാർക്കിങ് അനുബന്ധ സേവനങ്ങൾക്കുള്ള ഫീസും ഉയർത്തിയിട്ടുണ്ട്.
എല്ലാ ഫീസുകളും മൂല്യ വർധിത നികുതി ഉൾപ്പെടെയാണെന്ന് റിയാദ് കിംഗ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളം അറിയിച്ചു. ആഭ്യന്തര സർവീസുകൾ ഓപറേറ്റ് ചെയ്യുന്ന അഞ്ചാം നമ്പർ ടെർമിനലിലെ കുറഞ്ഞ സമയത്തേക്കും ദീർഘകാലത്തേക്കുമുള്ള പാർക്കിങ്ങിനും അന്താരാഷ്ട്ര ടെർമിനലുകളിലെ പാർക്കിങ്ങിനും മണിക്കൂറിന് 10 റിയാലും പ്രതിദിനം പരമാവധി 130 റിയാലുമാണ് പുതിയ നിരക്ക്. ഒരു മണിക്കൂറിന് പത്ത് റിയാൽ നൽകണമെങ്കിലും ഒരു ദിവസം മുഴുവൻ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാർക്ക് ചെയ്യാൻ 130 റിയാൽ ഒടുക്കിയാൽ മതി.
അന്താരാഷ്ട്ര ടെർമിനലിലെ പാർക്കിങ്ങിന് 48 മണിക്കൂർ പിന്നിട്ടാൽ പിന്നീടുള്ള ഓരോ ദിവസങ്ങൾക്കും പ്രതിദിനം 40 റിയാൽ എന്ന തോതിൽ ഫീസ് നൽകിയാൽ മതി. ദീർഘകാല പാർക്കിങ്ങിനും മണിക്കൂറിന് 10 റിയാലാണ് നിരക്കെങ്കിലും പ്രതിദിനം പരമാവധി 80 റിയാൽ വരെ മാത്രമേ നൽകേണ്ടതുള്ളൂ. ടെർമിനലുകളുടെ മുന്നിൽ വെച്ച് ഉപഭോക്താവിന്റെ കാർ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും 115 റിയാൽ സർവീസ് ചാർജായി നൽകേണ്ടതാണ്. എന്നാൽ ടെർമിനലുകൾക്ക് മുന്നിൽ ഉപഭോക്താവിന്റെ കാർ സ്വീകരിക്കുന്നതിനും അത് പാർക്കിംഗ് സ്ഥലങ്ങളിൽ എത്തിക്കുന്നതിനും 57.50 റിയാൽ നൽകിയാൽ മതി.
https://www.facebook.com/Malayalivartha