ഭാര്യയെയും കൂട്ടി നാട്ടിൽ പോകാനിരിക്കവേ ജീവനെടുത്ത് അപകടം, യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി യുവാവ് മരിച്ചു

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശിയായ യുവ എൻജിനീയർ സച്ചിൻ ആണ് മരിച്ചത്. 30 വയസായിരുന്നു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പുൽപയിൽ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകനാണ്. 28ാം തീയതിയാണ് വാഹനാപകടം ഉണ്ടായത്.
അബുദാബിയിൽ നിന്ന് ഷാർജയിലെ താമസസ്ഥലത്തേക്കു കാർ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. ഷാർജയിലുള്ള ഭാര്യ അപൂർവയെയും കൂട്ടി ഇന്നു നാട്ടിൽ വരാനിരിക്കവേയാണ് അപ്രതീക്ഷിത അപകട മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ നടപടി തുടങ്ങി.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുഎഇയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം നിലമ്പൂർ എടക്കര കലാ സാഗർ സ്വദേശി ചങ്ങനാക്കുന്നേൽ മനോജ് മരിച്ചത്. 38 വയസ്സായിരുന്നു. ഷാർജയിലെ അബൂ ശാഖാറയിൽവെച്ചാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഷാർജയിലെ ഒരു റെസ്റ്റോറന്റിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. ചങ്ങനാക്കുന്നേൽ മാണി- സാറാമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണ്.
https://www.facebook.com/Malayalivartha