ബഹറിനിലെ അനധികൃത ലേബര്‍ ക്യാമ്പുകള്‍ക്കെതിരെ ശിക്ഷ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു

ബഹ്‌റിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലേബര്‍ ക്യാമ്പുകള്‍ അല്ലാതെയുള്ള ഫ്‌ലാറ്റുകള്‍ ലേബര്‍ ക്യാമ്പുകള്‍ ആകുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. മുപ്പതു പേരെ താമസിപ്പിക്കാവുന്ന കെട്ടിടങ്ങളിലും മറ്റും നൂറോളം പേരാണ് താമസിക്കുന്നത്. ഈ അടുത്തകാലത്ത് നടന്ന തീപിടുത്തങ്ങളില്‍ ആറെണ്ണവും ഈ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന താമസസ്ഥലങ്ങളായിരുന്നു.തീപ്പിടത്തിനു ശേഷം ഇവരെ പുനരധിവസിപ്പിക്കുവാന്‍ ബംഗ്ലാദേശ് എംബസിയും മറ്റും കിണഞ്ഞു പരിശ്രമിക്കുകയായിരുന്നുവെന്നതും വ്യക്തമാണ്.
അനധികൃത താമസസ്ഥലങ്ങളില്‍ തീപ്പിടിത്തം പതിവായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമുടമകളേയും ഇതിന് ഇടനിലക്കാരായി നില്‍ക്കുന്നവരെയും കര്‍ശന ശിക്ഷക്ക് വിധേയമാക്കണമെന്ന് മൈഗ്രന്റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പഴിചാരുകയാണ് ചെയ്യാറുള്ളത്. കെട്ടിടമുടമയക്ക് ഈ വിഷയത്തില്‍ കൈ കഴുകാനാകില്ല. പല മുറികളും താത്കാലികമായി പലക വെച്ചു മറച്ച് നിര്‍മ്മിച്ചിരിക്കുന്നവയായിരുന്നു. ചിലയിടത്ത് തുച്ഛ ശമ്പളത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പഴയ കെട്ടിടങ്ങള്‍ വാടകക്കെടുത്ത് താമസിക്കുന്ന പ്രവണതയാണു കണ്ടുവരുന്നത്.
ഈ കെട്ടിടങ്ങളിളൊന്നും തന്നെ സുരക്ഷാസൗകര്യങ്ങളൊന്നും തന്നെയില്ല. രാജ്യത്തെ തൊഴിലാളികളില്‍ വെറും നാല്പതു ശതമാനം പേര്‍ മാത്രമാണ് സ്‌പോണ്‍സര്‍മാര്‍ അനുവദിച്ചിട്ടുള്ള ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം ഈയിടെ വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ള അറുപതു ശതമാനം പേരും താമസിക്കുന്നത് അനധികൃതവും സുരക്ഷിതമല്ലാത്തവയുമായ താമസസ്ഥലങ്ങളിലാണ്. ഭൂരിഭാഗം പേരും സാമ്പത്തികലാഭം മാത്രം നോക്കി അപകടകരമായ കെട്ടിടങ്ങളിലാണു താമസിക്കുന്നത്.
ചിലര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് അലവന്‍സ് വാങ്ങിയ ശേഷം കൂടുതല്‍ പേരോടൊപ്പം ചെറിയ മുറികളില്‍ താമസിക്കുന്നു. ഇതൊക്കെയാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.576 ലൊക്കേഷനുകളാണ് മനാമയില്‍ മാത്രം അനധികൃതമായ രീതിയിലുള്ളതെന്ന് മന്ത്രാലയം കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ഇതില്‍ 360 എണ്ണം അനാരോഗ്യകരവും സുരക്ഷിതമല്ലാത്തവയുമായി കണ്ടെത്തിയതിനാല്‍ ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പു നല്കിയിരുന്നതുമാണ്.
ഇത്തരത്തിലുള്ള താമസം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ലേബര്‍ ടൗണ്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുന്നത് പല കാരണങ്ങള്‍ കൊണ്ടും അഭികാമ്യമായിരിക്കുമെന്നും ട്രേഡ് യൂണിയന്‍ ഒക്യൂപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ മുസെയ്ദ് അഭിപ്രായപ്പെട്ടു. വര്‍ധിച്ചുവരുന്ന ചൂട് മൂലം ബഹ്‌റൈനില്‍ തീപ്പിടിത്തവും പതിവാകുന്ന സാഹചര്യത്തിലാണ് ട്രേഡ് യൂണിയന്‍ ഇതിനെതിരെ പ്രതികരിച്ചത്. ആരോഗ്യകരവും സുരക്ഷിതവുമല്ലാത്ത താമസസ്ഥലം തിരഞ്ഞെടുക്കുന്നതിലുള്ള വീഴ്ചകല്‍ മൂലമാണ് തീപിടുത്തങ്ങള്‍ ഏറെയും നടക്കുന്നതെന്ന് സിവില്‍ ഡിഫെന്‍സ് ഉദ്യോഗസ്ഥര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha