പ്രവാസജീവിതത്തിന് വിട, ദമാമ്മില്‍ നിന്നും അശ്വതി നാട്ടിലേയ്ക്ക് മടങ്ങി, നല്ല ശമ്പളവും, ആനുകൂല്യങ്ങളും പറഞ്ഞാണ് ആദ്യം ഏജന്റ് അശ്വതിയെ കയറ്റിവിട്ടത് , രാപകലില്ലാതെ വിശ്രമമില്ലാതെ ജോലി ചെയ്തു, ദമാമ്മിലെ ഒരു വീട്ടില്‍ ജോലിക്കാരിയായി നിന്ന അശ്വതി അവിടത്തെ ദിവസങ്ങളെ കുറിച്ച് പറയുന്നതിങ്ങനെ...

പ്രവാസജീവിതം ദുരിതങ്ങള്‍ നിറഞ്ഞപ്പോള്‍ വഴിമുട്ടിയ മലയാളി യുവതി, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ഇടുക്കി വണ്ണപ്പുറം സ്വദേശിനി അശ്വതിക്കാണ് പ്രവാസജീവിതം പ്രതിസന്ധി സൃഷ്ടിച്ചത്.നാലുമാസം മുന്‍പാണ് അശ്വതി ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. നല്ല ശമ്പളവും, ആനുകൂല്യങ്ങളും പറഞ്ഞാണ് ഏജന്റ് അശ്വതിയെ കയറ്റിവിട്ടത്.
എന്നാല്‍ അശ്വതിയുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായിരുന്നു ജോലിസ്ഥലത്തെ അനുഭവങ്ങള്‍. ഒരു വലിയ വീട്ടില്‍ രാപകലില്ലാതെ വിശ്രമമില്ലാത്ത ജോലി ചെയ്യേണ്ടി വന്ന അശ്വതിക്ക് ആ വീട്ടുകാര്‍ മതിയായ ഭക്ഷണം പോലും കൊടുത്തിരുന്നില്ല. രണ്ടുമാസമായിട്ടും ശമ്പളവും കൊടുത്തില്ല. അതിനെപ്പറ്റി എന്തെങ്കിലും ചോദിച്ചാല്‍ വീട്ടുകാരുടെ ദേഹോപദ്രവവും ഏല്‍ക്കേണ്ടി വന്നിട്ടിട്ടുണ്ടെന്ന് അശ്വതി പറഞ്ഞു.
ഒടുവില്‍ ശാരീരികവും മാനസികവുമായ പീഡനം സഹിക്കവയ്യാതെ അശ്വതി ആ വീട്ടില്‍ നിന്നും ആരുമറിയാതെ പുറത്തുകടന്ന്, ദമ്മാം ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ഡെസ്‌ക്കില്‍ അഭയം തേടി. അവര്‍ അറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി, പോലീസിന്റെ സഹായത്തോടെ അശ്വതിയെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.
മഞ്ജു മണിക്കുട്ടനും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും അശ്വതിയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, ഇനി അവരുടെ ഒരു കാര്യത്തിലും താന്‍ ഇടപെടില്ല എന്ന് പറഞ്ഞ് അയാള്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അശ്വതിയ്ക്ക് ഔട്ട്പാസ് എടുത്തു നല്‍കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങി നല്‍കുകയും ചെയ്തു.
വിവരങ്ങള്‍ അറിഞ്ഞ അശ്വതിയുടെ നാട്ടിലുള്ള ഒരു ബന്ധു വിമാനടിക്കറ്റ് അയച്ചു കൊടുത്തു. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി സഹായിച്ചവര്‍ക്കൊക്കെ നന്ദി പറഞ്ഞ്, ഒരു മാസത്തെ വനിതാ അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, അശ്വതി നാട്ടിലേയ്ക്ക് മടങ്ങി.
https://www.facebook.com/Malayalivartha