സൗദിയുടെ മുഖം മാറ്റാന്‍ പുതിയ ശൈലിക്ക് തുടക്കം കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍, മുഹമ്മദ് ബിനിന്റെ അധികാര താല്‍പ്പര്യങ്ങളാണ് നടപ്പാക്കുന്നതെന്ന് ആരോപണങ്ങള്‍, ട്രംപിന്റെ പൂര്‍ണ്ണ പിന്തുണ മുഹമ്മദ് ബിന്‍ സല്‍മാനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

32 കാരനായ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കടുത്ത നീക്കങ്ങളിലൂടെ സൗദി അറേബ്യയില്‍ തന്റേതായ ഒരു പുതിയ ശൈലിക്ക് തുടക്കം കുറിച്ചു. ലോകം ഞെട്ടലോടെ പുതിയ വര്‍ത്തകളിലേക്കാണ് ഓരോ ദിവസവും മിഴി തുറക്കുന്നത്. രാജ കുടുംബാംഗങ്ങള്‍ക്ക് നേരെയുള്ള നടപടികള്‍ തുടരുന്നു.
മന്ത്രിമാരെയും രാജകുമാരന്മാരേയും അറസ്റ്റ് ചെയ്തതിന് പിന്നാലെ ഒരു രാജകുമാരി കൂടി അറസ്റ്റിലായി. ലോക സമ്പന്നരില്‍ ഒരാളായ നേരത്തെ അറസ്റ്റ് ചെയ്ത അല്‍വലീദ് ബിന്‍ തലാലിന്റെ മകളായ റീം രാജകുമാരിയെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അഴിമതി വിരുദ്ധ നടപടികള്‍ക്കിടെ അറസ്റ്റിലാകുന്ന ആദ്യ വനിതയാണിവര്‍.
അതിനിടെ രാജ്യത്ത് രാജകുടുംബാംഗങ്ങളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉന്നത തലത്തിലുള്ള അഴിമതിയ്‌ക്കെതിരെയുള്ള നടപടികളുടെ പേരില്‍ സൗദി രാജാവ് മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധികാര താല്‍പ്പര്യങ്ങളാണ് നടപ്പാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സൗദിയിലെ നീക്കങ്ങളെ വിലയിരുത്തുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണിതെന്നും ആരോപണമുണ്ട്.സൗദിയിലെ അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത 11 രാജകുമാരന്മാരില്‍ ഒരാളായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ മകളാണ് റീം ബിന്‍ തലാല്‍ രാജകുമാരി.
പണം തട്ടിപ്പ്, കൈക്കൂലി, ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഭീഷണി, പൊതു ഫണ്ടുകള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വേണ്ടി വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായ വ്യക്തികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ രാജകുമാരിയുടെ അറസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞവര്‍ഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അല്‍വലീദ് ട്വിറ്ററില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ട്വിറ്ററിലായിരുന്നു വാക്പയറ്റ്. മുസ്‌ലിങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള വിലക്കേര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയ വലീദ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു. നേരത്തെ 1990ല്‍ രണ്ട് തവണ അല്‍വലീദ് സാമ്പത്തികമായി ട്രംപിനെ സഹായിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്. അഴിമതിക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിയെ ട്രംപ് പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.സൗദി രാജകുടുംബാംഗവും ലോക സമ്പന്നരില്‍ ഒരാളായുമായ അല്‍വലീദ് ബിന്‍ തലാല്‍ സൗദിയിലെ നിക്ഷേപരംഗം കയ്യടക്കിയിട്ടുള്ള വ്യക്തിയാണ്. ട്വിറ്റര്‍, സിറ്റി ഗ്രൂപ്പ്, ആപ്പിള്‍, ന്യൂസ് കോര്‍പ്പ് എന്നിവയുള്‍പ്പെടെ പ്രമുഖ കമ്പനികളിലെ ഓഹരിയുടമയാണ്.
അറബ് ലോകത്തെ എല്ലാ സാറ്റലൈറ്റ് ചാനല്‍ ശൃംഖലകളുടെയും നിയന്ത്രണം അല്‍വലീദിന്റെ കൈകളിലാണുള്ളത്. ടൂറിസം, മാസ് മീഡിയ, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയില്‍, പെട്രോ കെമിക്കല്‍, ഏവിയേഷന്‍, ടെക്‌നോളജി, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലും അല്‍വലീദിന് നിക്ഷേപങ്ങളുണ്ട്.
ഗള്‍ഫ് മേഖലയെ അമ്പരപ്പിച്ചു കൊണ്ട് സൗദിയില്‍ നടത്തിയ അഴിമതി വിരുദ്ധ വേട്ടയില്‍ 201 പേരെ തടങ്കലിലാക്കിയിട്ടുണ്ടെന്നും, 100 ബില്യണ്‍ ഡോളറിന്റെ ദരുപയോഗം കണ്ടെത്തിയെന്നും സൗദി അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മുജീബ് അറിയിച്ചു. 208 പേരെ ചോദ്യം ചെയ്യാനായി വിളിച്ചുവെങ്കിലും ഏഴു പേരെ കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചുവെന്ന് അറ്റോര്‍ണി ജനറലിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
അഴിമതിയുടെ വ്യാപ്തി വളരെ വലുതാണെന്നും, മൂന്നു വര്‍ഷത്തെ കാര്യങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് കുറഞ്ഞത് 100 ബില്യണ്‍ ഡോളറിന്റെ ദുരുപയോഗം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ നടന്നിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നുവെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
തനിക്ക് ഭീഷണിയാകുമെന്നു കരുതപ്പെടുന്നവരെയും, വിമര്‍ശകരെയും അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആസൂത്രണം ചെയ്തതാണ് അഴിമതി വിരുദ്ധ വേട്ട എന്ന് വിമര്‍ശകര്‍ പറയുന്നു.
ശതകോടീശ്വര നിക്ഷേപകനായ അല്‍ വലീദ് ബിന്‍ രാജകുമാരനെയും, അന്തരിച്ച അബ്ദുള്ള രാജാവിന്റെ രണ്ടു മക്കളെയുമൊക്കെ തടങ്കലിലാക്കിയത് അപ്രതീക്ഷിതമായിരുന്നു. രാജ്യത്തെ ശക്തമായ നാഷണല്‍ ഗാര്‍ഡ്‌സിന്റെ തലവനായി സേവനം ചെയ്തു വന്ന മിതെബ് രാജകുമാരനും കരുതല്‍ തടങ്കലിലായിവരില്‍ ഉള്‍പ്പെടുന്നു. 1700 ഓളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha