വീസായില്ലാതെ ഈ വർഷം ഖത്തർ സന്ദർശിച്ചത് 4 ലക്ഷം സഞ്ചാരികൾ ; വിദേശ വിനോദസഞ്ചാരികളിൽ ഏറെയും ഏഷ്യ, ഓഷ്യാന മേഖലയിൽനിന്നുള്ളവർ

ദോഹ ∙ വീസാരഹിത, ഓൺ അറൈവൽ വീസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഈ വർഷം ഇതുവരെ ഖത്തർ സന്ദർശിച്ചത് 4,01,916 പേർ. തൊട്ടുമുൻവർഷം ഇതേകാലയളവിലേക്കാൾ അഞ്ചു ശതമാനം അധികമാണിത്. ഈ വർഷം അതുവരെ ഖത്തർ സന്ദർശിച്ചത് 19,41,752 പേരാണ്. ഇതിൽ 71% പേരും വ്യോമമാർഗമാണ് ഖത്തറിലേക്കെത്തിയത്.
27% റോഡ് മാർഗവും രണ്ടു ശതമാനം കപ്പലുകളിലുമാണ് ഖത്തറിലേക്കെത്തിയത്. ഇതിൽ 5,13,789 പേരാണ് ഖത്തറിൽ അവധിക്കാലം ചെലവിടാനും ഉല്ലസിക്കാനുമായി എത്തിയത്. മറ്റുള്ള സന്ദർശകർ കോൺഫറൻസുകൾക്കും കായിക, സാംസ്‌കാരിക പരിപാടികൾക്കും ബന്ധു സന്ദർശനങ്ങൾക്കുമായി എത്തിയവരാണ്. സർക്കാർ വാർത്താവിതരണ ഓഫിസാണ് ഈ സ്‌ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടത്. വിദേശ വിനോദസഞ്ചാരികളിൽ ഏറെയും ഏഷ്യ, ഓഷ്യാന മേഖലയിൽനിന്നുള്ളവരാണെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു. ഈ മേഖലയിൽ നിന്ന് ഈവർഷമെത്തിയത് 2,16,593 പേരാണ്. സന്ദർശകരിൽ രണ്ടാംസ്‌ഥാനത്ത് യൂറോപ്പ് ആണ്.
സന്ദർശകർ 64,695. മൂന്നാം സ്‌ഥാനത്തുള്ള മധ്യപൗരസ്‌ത്യമേഖലയിൽ നിന്നെത്തിയതു 48,151 പേരാണ്. വടക്കേ അമേരിക്കയിൽ നിന്ന് 35,521 പേരും ഇക്കാലയളവിൽ ഖത്തർ സന്ദർശിക്കാനെത്തി. ഇന്ത്യയുൾപ്പെടെ 80 രാജ്യങ്ങളിലെ ആളുകൾക്കാണു വീസയില്ലാതെ ഖത്തർ സന്ദർശിക്കാൻ അനുമതിയുള്ളത്. ആറുമാസ കാലാവധിയുള്ള പാസ്പോർട്ടും മടക്കയാത്രാ ടിക്കറ്റുമുണ്ടെങ്കിൽ വിമാനത്താവളത്തിൽനിന്നു സൗജന്യമായി വീസ ഇളവു ലഭിക്കും. ഖത്തറിലേക്കു വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം ഓഗസ്റ്റ് ഒൻപതിന് വീസാരഹിത സന്ദർശനാനുമതി നൽകിയത്. ഇന്ത്യയുൾപ്പെടെ 47 രാജ്യക്കാർക്ക് 30 ദിവസത്തേക്കും ജർമനി, ഫ്രാൻസ് ഉൾപ്പെടെ മറ്റ് 33 രാജ്യങ്ങളിലെ പൗരൻമാർക്ക് 90 ദിവസം വരെയും ഖത്തറിൽ തങ്ങാം. 80 രാജ്യക്കാർക്ക് വീസ ഇളവു നൽകിയതോടെ ഗൾഫ് മേഖലയിൽ ഏറ്റവുമെളുപ്പം എത്തിച്ചേരാവുന്ന രാജ്യമായി ഖത്തർ മാറി.
2016 നവംബറിലാണ് സൗജന്യ ട്രാൻസിറ്റ് വീസ പദ്ധതി ഖത്തർ നടപ്പാക്കിയത്. ഖത്തർ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് 96 മണിക്കൂർ നേരത്തേക്കു രാജ്യത്തു താമസിക്കാൻ സൗജന്യനാനുമതിയാണ് ഇതിലൂടെ ലഭിക്കുന്നത്. ക്യുടിഎ(ഖത്തർ ടൂറിസം അതോറിറ്റി)യും ഖത്തർ എയർവേയ്സും ചേർന്ന് 2017 മേയിൽ നടപ്പാക്കിയ മറ്റൊരു സൗജന്യ ട്രാൻസിറ്റ് വീസ പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഈ പദ്ധതിയിൽ ഖത്തർ എയർവേയ്സിന്റെ രാജ്യാന്തര യാത്രികർക്ക് ദോഹയിലെ നക്ഷത്ര ഹോട്ടലുകളിൽ ഒരു ദിവസത്തെ സൗജന്യ താമസവും ലഭിക്കും.
https://www.facebook.com/Malayalivartha