സൗദിയില്‍ നിന്നുള്ള അമ്പരപ്പിക്കുന്ന വാര്‍ത്തകൾക്ക് അവസാനമില്ല ; സല്‍മാന്‍ രാജാവ് ഉടന്‍ സ്ഥാനമൊഴിയുമെന്ന് ഡെയ്ലി മെയില്‍

സൗദി അറേബ്യയില്‍ നടക്കുന്ന കാര്യങ്ങളില്‍ അമ്ബരന്ന് നില്‍ക്കുകയാണ് ലോകം. അപ്രതീക്ഷിതമായിട്ടായിരുന്നു രാജകുമാരന്‍മാര്‍ അടക്കമുള്ള പ്രമുഖരെ അഴിമതി കേസുകളില്‍ അറസ്റ്റ് ചെയ്തത്. സൗദിയിലെ ശുദ്ധീകരണം എന്ന് സൗദി അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, അധികാരമുറപ്പിക്കാനുള്ള നീക്കങ്ങളാണെന്ന സംശയത്തോടെ ആയിരുന്നു പല ലോകമാധ്യങ്ങളും ഇതിനെ കണ്ടത്.എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. മകനും കിരീടാവകാശിയും ആയ മുഹമ്മദ് ബിന്‍ സല്‍മാന് വേണ്ടി സല്‍മാന്‍ രാജാവ് ഉടന്‍ സ്ഥാനം ഒഴിയും എന്നതാണ് അത്. ഡെയ്ലി മെയില്‍ തങ്ങളുടെ എക്സ്ക്ലൂസീവ് വാര്‍ത്തയായിട്ടാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക മാധ്യമങ്ങളെല്ലാം ഇത് ഏറ്റു പിടിക്കുന്നും ഉണ്ട്.അടുത്ത ആഴ്ച തന്നെ സല്‍മാന്‍ രാജാവിന്റെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. രാജാവ് സ്ഥാനമൊഴിയുന്ന പതിവ് സൗദി അറേബ്യയില്‍ ഇല്ലെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്ബ് വന്ന മറ്റൊരു വാര്‍ത്ത. എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണുകയേ നിര്‍വ്വാഹമുള്ളൂ.
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് അടുത്ത ആഴ്ച തന്റെ അനന്തരാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രഖ്യാപിക്കും എന്നാണ് രാജകുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതോടുകൂടി എല്ലാ അധികാരങ്ങളും മുഹമ്മദ് ബിന്‍ സല്‍മാനില്‍ നിക്ഷിപ്തമാകുമെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. എങ്കിലും എങ്ങനെ ആയിരിക്കും കാര്യങ്ങള്‍ എന്നതില്‍ വ്യക്തതയില്ല. ഔദ്യോഗിക നേതൃത്വം പൂര്‍ണമായും മുഹമ്മദ് ബിന്‍ സല്‍മാന് കൈമാറുമെങ്കിലും രാജ്യത്തിന്റെ ഔപചാരിക രാജാവായി സല്‍മാന്‍ രാജാവ് തുടരും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തിലൊന്നും സൗദി അറേബ്യയുടെ ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്ത് വന്നിട്ടില്ല.
നാടകീയമായി ഒന്നും സംഭവിച്ചില്ലെങ്കില്‍, അടുത്ത ആഴ്ച തന്നെ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിയമനം രാജാവ് പ്രഖ്യാപിക്കും എന്നാണ് കൊട്ടാരവൃത്തങ്ങളെ ഉദ്ധരിച്ചുള്ള വാര്‍ത്ത. ഇംഗ്ലണ്ടില്‍ എലിസബത്ത് രാജ്ഞി എന്നതുപോലെ ഒരു റോള്‍ ആയിരിക്കും സൗദിയില്‍ സല്‍മാന്‍ രാജാവിന് ഉണ്ടാവുക എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.അധികാരം ഏറ്റെടുത്തുകഴിഞ്ഞാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇറാന് എതിരെയുള്ള നിലപാടുകളില്‍ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും സോഴ്സിനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരുപക്ഷേ സൈനിക നീക്കം പോലും ഉണ്ടായേക്കാം എന്ന ആശങ്കയും പങ്കുവക്കുന്നുണ്ട്. ലബനന്‍ വിഷയത്തിലും ഇറാനും സൗദിയും കൊമ്ബുകോര്‍ത്തിരിക്കുന്ന സമയം ആണ് ഇത്.
ഇറാനും ഹിസ്ബുള്ളക്കും എതിരെയുള്ള പോരാട്ടത്തില്‍ ഇസ്രായേലിന്റെ സഹായം തേടിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനില്‍ ഹിസ്ബുള്ള ശക്തി പ്രാപിക്കുന്നത് സൗദിയെ ഏറെ അസ്വസ്ഥമാക്കുന്ന ഒന്നാണ്. ഇറാന്‍ തന്നെ ആണ് ഹിസ്ബുള്ളയ്ക്കും യെമനിലെ ഹൂത്തി വിമതര്‍ക്കും എല്ലാ വിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നത് എന്നാണ് ആരോപണം.സല്‍മാന്‍ രാജാവ് സ്ഥാനം ഒഴിയുന്ന എന്ന രീതിയില്‍ നേരത്തേയും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അതെല്ലാം വ്യാജ വാര്‍ത്തയാണ് എന്ന രീതിയില്‍ വിശദീകരണങ്ങളും പുറത്ത് വന്നിരുന്നു. സൗദിയിലെ രാജകുടുംബത്തിന്റെ കീഴ് വഴക്കങ്ങളെ കുറിച്ച് ധാരണയില്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് എന്നായിരുന്നു അന്ന് ഉയര്‍ന്ന ആക്ഷേപം.
രാജാവ് ജീവിച്ചിരിക്കുമ്ബോള്‍ തന്നെ സ്ഥാനമൊഴിയുക എന്നത് സൗദിയില്‍ പതിവില്ലാത്ത സംഗതിയാണ്. അബ്ദുള്ള രാജാവിന്റെ മരണ ശേഷം മാത്രമായിരുന്നു കിരീടാവകാശിയായ സല്‍മാന്‍ രജാവ് സ്ഥാനം ഏറ്റെടുത്തത്. ഇക്കാര്യത്തില്‍ ഒരു തവണ മാത്രമാണ് ഒരു വ്യതിചലനം ഉണ്ടായിട്ടുള്ളത്. 1964 ല്‍ സൗദ് ബിന്‍ അബ്ദുള്‍ അസീസ് രാജാവ് മാത്രമാണ് ജീവിച്ചിരിക്കെ സ്ഥാനമൊഴിഞ്ഞിട്ടുള്ളത്.
സല്‍മാന്‍ രാജാവ് സ്ഥാനം ഒഴിയുകയില്ല എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ബ്ലൂംബെര്‍ഗ് ആയിരുന്നു. പേര് വെളിപ്പെടുത്താത്ത സൗദി അധികൃതരെ ഉദ്ധരിച്ചായിരുന്നു ആ വാര്‍ത്ത. ഡെയ്ലി മെയില്‍ വാര്‍ത്ത ആണോ ബ്ലൂംബെര്‍ഗ് വാര്‍ത്തയാണോ ശരി എന്ന കാര്യം ആണ് ഇനി അറിയേണ്ടത്.സൗദിയലെ അഴിമതി വിരുദ്ധ സമതിയുടെ തലവനായി മുഹമ്മദ് രാജകുമാരനെ നിയമിച്ചത് അധികാരം കൂടുതല്‍ ഉറപ്പിക്കാനാണെന്ന രീതിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഈ ചുമതല ഏറ്റെടുത്ത ഉടന്‍ ആയിരുന്നു രാജകുമാരന്‍മാര്‍ അടക്കമുള്ള പ്രമുഖരെ ഒരു മുന്നറിയിപ്പും ഇല്ലാതെ അറസ്റ്റ് ചെയ്തത്. സ്ഥാനം നഷ്ടപ്പെട്ടവരില്‍ അബ്ദുള്ള രാജാവിന്റെ മകന്‍ മൈതിബ് ബിന്‍ അബ്ദുള്ളയും ഉണ്ടായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വിവരം ആയിരുന്നു.
https://www.facebook.com/Malayalivartha