യുഎഇയില്‍ മദ്യപിക്കുന്നവര്‍ നിര്‍ബന്ധമായും ചില നിയമങ്ങള്‍ പാലിക്കണം, ഇല്ലെങ്കില്‍ ശിക്ഷ അല്‍പം കൂടുതലായിരിക്കും

യുഎഇയില്‍ മദ്യപിക്കുന്നവര്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. യു എ ഇയില്‍ ഇതുസംബന്ധിച്ച നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് കനത്ത പിഴയും ജയില്‍വാസവും അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്.
ടൂറിസ് റ്റ് വിസയിലും ജോലിക്കും മറ്റുമായി യു.എ.ഇയിലെത്തുന്ന വിദേശികള്‍ പ്രത്യേകിച്ച് മദ്യപാനം പോലുള്ള ശീലമുള്ളവര്‍ക്ക് ഇവിടുത്ത നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മദ്യപാനവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട യു.എ.ഇയിലെ ചില നിയമങ്ങള്‍ താഴെ പറയുന്നു.
യു.എ.ഇയിലെ നിരത്തുകളിലോ പൊതുസ്ഥലങ്ങളിലോ വച്ച് മദ്യപിക്കുന്നത് നിയമ വിരുദ്ധമാണ്. മദ്യം വിളമ്പാന്‍ ലൈസന്‍സുള്ള ഹോട്ടലുകളില്‍ നിന്ന് മദ്യപിക്കാം. അല്ലെങ്കില്‍ ആല്‍ക്കഹോള്‍ ലൈസന്‍സുള്ള വ്യക്തിക്ക് മദ്യഷാപ്പുകളില്‍ നിന്നു മദ്യം വാങ്ങാം. ലൈസന്‍സില്ലാത്ത വ്യക്തികള്‍ മദ്യപിച്ചതായി പിടിക്കപ്പെട്ടാല്‍ കനത്ത ശിക്ഷ ഉറപ്പാണ്.
*മദ്യപിച്ച് വാഹനം ഓടിക്കരുത്
മദ്യലഹരിയില്‍ വാഹനമോടിക്കുന്നത് യു.എ.ഇയില്‍ കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. യു.എ.ഇയില്‍ നടക്കുന്ന 14.33 ശതമാനം അപകടങ്ങളും മദ്യലഹരിയില്‍ ഓടിച്ചതിനെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
*മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചാല്‍ പിഴമാത്രമല്ല ജയില്‍ ശിക്ഷയും
മദ്യലഹരിയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ പരമാവധി 20,000 ദിര്‍ഹം വരെ പിഴയും ആറ് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കാമെന്നാണ് യു.എ.ഇയിലെ നിയമം അനുശാസിക്കുന്നത്.
*ജോലിസ്ഥലത്ത് മദ്യപിക്കരുത്
ജോലിസ്ഥലത്തെ മദ്യപാനം ഗുരുതരമായ കുറ്റകൃത്യമായാണ് യു.എ.ഇയിലെ നിയമം കാണുന്നത്. സഹപ്രവര്‍ത്തകരെ സാരമായി ബാധിക്കുമെന്നതിനാലാണിത്. ജോലിസ്ഥലത്ത് മദ്യപിച്ച നിലയില്‍ പിടിക്കപ്പെട്ടാല്‍ പിരിച്ചുവിടാനുള്ള അധികാരം തൊഴിലുടമയ്ക്കുണ്ട്.
*ദുബൈയിലെത്തുമ്പോള്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്
ദുബൈയിലെത്തുന്ന യാത്രക്കാര്‍ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. പരമാവധി നാല് ലിറ്റര്‍ മദ്യവും രണ്ട് കെയ്‌സ് ബിയറും ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങി യു.എ.ഇയിലേക്ക് കൊണ്ടുവരാം.
*ആല്‍ക്കഹോള്‍ ലൈസന്‍സ്
ദുബൈയില്‍ താമസിക്കുന്ന മുസ്ലിം അല്ലാത്തവര്‍ക്ക് മദ്യം വാങ്ങാന്‍ അനുവദിക്കുന്ന ലൈസന്‍സാണിത്. ഇതിനായി അപേക്ഷിക്കുമ്പോള്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം.
*അപേക്ഷകന്‍ 21 വയസ് പൂര്‍ത്തിയാക്കിയിരിക്കണം
*റെസിഡന്റ് വിസ ഉണ്ടായിരിക്കണം
*മുസ്ലിം മത വിശ്വാസിയാകരുത്
*3000 ദിര്‍ഹമെങ്കിലും കുറഞ്ഞ മാസശമ്പളം ഉണ്ടായിരിക്കണം
*ഭര്‍ത്താവിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഭാര്യയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ, അവിവാഹിതയായ സ്ത്രീക്ക് ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കും
*ഫ്രീസോണില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഫ്രീസോണ്‍ അതോറിറ്റിയുടെ സമ്മതം ആവശ്യമാണ്
*സ്വയംതൊഴില്‍ ചെയ്യുന്നവര്‍ അപേക്ഷയോടൊപ്പം ട്രേഡ് ലൈസന്‍സിന്റെ പകര്‍പ്പും ഹാജരാക്കണം
https://www.facebook.com/Malayalivartha