ഒട്ടിച്ചേര്‍ന്ന വയറിന്റെ ഇരുവശങ്ങളിലും കാലുകളുമായി ജനിച്ച സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി

യെമനിലെ അബ്ദുള്ളയും, അബ്ദുള്‍ റഹ്മാനും ജനിച്ചത് ഒട്ടിച്ചേര്‍ന്ന വയറുമായിട്ടായിരുന്നു. രണ്ടു പേരുടെയും തലകള്‍ വിപരീതദിശകളിലായിരുന്നു. ആ കുട്ടികള്‍ക്ക് എഴുന്നേറ്റു നില്‍ക്കാന്‍ ഒരിക്കലും കഴിയില്ലായിരുന്നു. കാരണം ഒട്ടിച്ചേര്‍ന്ന വയറിന്റെ ഇരു വശത്തു കൂടെയായിരുന്നു ഓരോ ജോഡി കാലുകള്‍ പുറത്തേക്കു വന്നിരുന്നത്. ആ കുഞ്ഞുങ്ങളെ എഴുന്നേറ്റു നില്‍ക്കുന്ന രീതിയില്‍ എടുത്തു പിടിക്കുകയാണെങ്കില്‍ ഒരാളുടെ തല മുകള്‍വശത്തും മറ്റേയാളുടേത് താഴെയുമായിരിക്കും. വയറിന്റെ രണ്ടു വശത്തും ഓരോ ജോഡി കാലുകളും.
ഇതു കൂടാതെ ആന്തരികാവയവങ്ങളായ കുടല്‍, മൂത്രാശയം, വസ്തി പ്രദേശത്തെ എല്ലുകള്‍ എന്നിവയെല്ലാം രണ്ടു പേര്‍ക്കും കൂടി ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഈ രീതിയില്‍ അവര്‍ ജീവിതകാലം മുഴുവന്‍ ചെലവിടേണ്ടി വരുന്നത് കടുത്ത ബുദ്ധിമുട്ടുണ്ടാക്കും എന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അവരെയും കൊണ്ട് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുള്‍ അസീസ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലെത്തി.
18 രാജ്യങ്ങളില്‍ നിന്നുള്ള ഇത്തരത്തിലെ അറുപത്തിയഞ്ചോളം ഇരട്ടകളെ വേര്‍പെടുത്തിയിട്ടുള്ള അവിടത്തെ പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍ വെല്ലുവിളി ഏറ്റെടുത്തു. കുഞ്ഞുങ്ങളെ ആദ്യം രണ്ടാക്കി മുറിച്ചു മാറ്റിയതിനുശേഷം, ആന്തരികാവയവങ്ങള്‍ ഉണ്ടാക്കിയെടുക്കണം അതിനുശേഷം അവയോടൊപ്പം കാലുകളും ചേര്‍ത്തു വച്ച് യോജിപ്പിക്കണം എന്ന ശ്രമകരമായ ജോലിയാണ് അവര്‍ക്കുണ്ടായിരുന്നത്. ഈ ശസ്ത്രക്രിയയുടെ വിജയത്തിന് അവര്‍ 60-70% സാധ്യതയേ കൊടുത്തിരുന്നുളളൂ.
ഏതായാലും ഇന്നലെ 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ 9 ഘട്ടങ്ങളിലൂടെ വിജയകരമായി പൂര്‍ത്തിയാക്കി രണ്ടു കുഞ്ഞുങ്ങളേയും വേര്‍പെടുത്തി. അവരിപ്പോള്‍ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ സുഖം പ്രാപിച്ചു വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha