ആരെ രക്ഷപ്പെടുത്തി പ്രണയം തെളിയിക്കുമെന്നറിയാന്‍ , കാമുകനു മുമ്പില്‍ വച്ച് കാമുകിയും മുന്‍ കാമുകിയും ആറ്റില്‍ ചാടി

കിഴക്കന്‍ ചൈനയിലെ സേജിയാംഗ് പ്രവിശ്യയിലെ ഒരു യുവാവിന് കഠിനമായ പ്രണയ പരീക്ഷയാണ് നേരിടേണ്ടി വന്നത്. ഇരുപത്തിഒന്നുകാരനായ വു സിയ 20 കാരിയായ ജൂന്‍ ടാംഗുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ജൂനുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇരുപത്തിരണ്ടുകാരിയായ റോങ് സാവോയുമായി വു ചങ്ങാത്തത്തിലായി.
എന്നാല്‍ വൂ-വിനെ അത്ര എളുപ്പം റോങിന് വിട്ടു കൊടുക്കാന്‍ പഴയ കാമുകി ജൂന്‍ ഒരുക്കമില്ലായിരുന്നു. അവള്‍ തുടര്‍ന്നും അവനെ വിളിച്ചു കൊണ്ടേയിരുന്നു. പിണക്കമെല്ലാം മറന്ന് വീണ്ടും ഒന്നാകണമെന്നാണാഗ്രഹമെന്ന് അവള്‍ അവനെ അറിയിച്ചു.
മുന്‍കാമുകിയുടെ ഫോണ്‍ വിളി റോങിന് അത്ര പിടിക്കുന്നുണ്ടായിരുന്നില്ല. അതിന്റെ പേരില്‍ വൂവുമായി വഴക്കും ബഹളവും പതിവായി.
ജൂനിനെ കളഞ്ഞിട്ട് പുതിയ ഗേള്‍ഫ്രണ്ടിനെ കണ്ടെത്തിയിട്ട് മൂന്നു മാസം കഴിഞ്ഞെങ്കിലും സ്വസ്ഥത അനുഭവിച്ചിട്ടില്ല വൂ. രണ്ടു വശത്തു നിന്നുമുള്ള പരാതി കേള്‍ക്കലും വഴക്കും ബഹളവും മാത്രമേ ജീവിതത്തില്‍ ഇപ്പോഴുള്ളല്ലോ എന്ന് വൂവിന് തോന്നിതുടങ്ങി.
എന്നാല്‍ മൂന്നു പേരും കൂടിച്ചേര്‍ന്ന് പരസ്പരം ചര്‍ച്ച ചെയ്ത് ഇതിനെന്തെങ്കിലും ഒരു പരിഹാരമുണ്ടാക്കാമെന്നായി വൂ . അതിനായി അടുത്തുള്ള നദിക്കരയിലെത്തണമെന്ന് രണ്ടു യുവതികളോടും ആവശ്യപ്പെട്ടു.
വൂവും യുവതികളും നദീതീരത്തെത്തി ചേര്‍ന്നയുടന്‍തന്നെ, യുവതികള്‍ തമ്മില്‍ വാക്കേറ്റമായി. അതിനിടെ പുതിയ കാമുകിയുടെ ഒരു കമന്റ് പഴയ ഗേള്‍ഫ്രണ്ടിനെ വല്ലാതെ വേദനിപ്പിച്ചു. അവള്‍ പിന്നൊന്നും ചിന്തിച്ചില്ല. ഞാന്‍ ചാകാന്‍ പോകുകയാണ്. തന്നെ വേണമെന്നുണ്ടെങ്കില്‍ രക്ഷപ്പെടുത്തണമെന്ന് കാമുകനോട് പറഞ്ഞിട്ട് നദിയിലേക്കെടുത്തു ചാടി. ഇപ്പോഴത്തെ കാമുകി റോങിന് പെട്ടെന്നൊരു സംശയം. വൂ ഇനി ഇവളുടെ പുറകെ ചാടുമോ? അതിനവസരം കൊടുക്കേണ്ടെന്നു കരുതി അവളും ആറ്റില്‍ ചാടി.
രണ്ടു പേരും ചെളിയും വെള്ളവുമുള്ള ആറ്റില്‍ കിടന്നു കൊണ്ട് ഇഷ്ടമുള്ളയാളെ രക്ഷിക്കാന്‍ വൂവിനോട് ആവശ്യപ്പെട്ടു. പിന്നെ വൂവും മടിച്ചു നിന്നില്ല. ആറ്റിലേയ്ക്കു ചാടി പുതിയ കാമുകി റോങിനെ രക്ഷപ്പെടുത്തി കയറിപ്പോന്നു. അവളേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സ്വന്തം സഹോദരനെ ഫോണില്‍ വിളിച്ച് വിവരമെല്ലാം അറിയിച്ചു. അയാള്‍ അഗ്നിശമനസേനയെ വിവരമറിയിച്ചു. അവരെത്തിയാണ് മുന്‍ കാമുകി ജൂനിനെ ആശുപത്രിയിലെത്തിച്ചത്. ആര്‍ക്കും ഗുരുതരമായ പരുക്കുകളൊന്നുമില്ല.
ചൈനയില്‍ അടുത്തിടെ വരെ നിലനിന്നിരുന്ന ഒരു കുടുംബത്തിന് ഒരു കുഞ്ഞ് എന്ന നിയമം മൂലം, രാജ്യത്ത് പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഏതായാലും ഈ വാര്‍ത്ത ചൈനയില്‍ വൈറലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha