കളഞ്ഞുപോയ പേഴ്‌സ് അധികം പണവുമായി തിരികെ കിട്ടി: 14 വര്‍ഷത്തിനുശേഷം!

നമ്മുടെ കൈയ്യില്‍ നിന്നു നഷ്ടമായ എന്തെങ്കിലും വസ്തു തിരികെ കിട്ടുമ്പോഴുള്ള സന്തോഷവും ആശ്വാസവും എത്രയാണെന്നു അത് അനുഭവിച്ചവര്‍ക്കു നല്ലതുപോലെ അറിയാം. നഷ്ടപ്പെട്ടുപോയത് പണമടങ്ങിയ പേഴ്‌സ് ആണെങ്കിലോ! ആ പണം കൊണ്ട് നടത്താനുദ്ദേശിച്ചിരുന്ന കാര്യങ്ങള്‍ നടത്താനുമാവില്ല. അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് നഷ്ടപ്പെടാനിടയായതെന്ത് എന്നതിന് കാരണം അന്വേഷിച്ച് മനസ്സ് വ്യാകുലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. ഒടുവില്‍ ആ പണം തിരികെ കിട്ടുകയാണെങ്കിലോ..!
അടുത്തിടെ ക്രൊയേഷ്യയിലെ ഡോന്‍ചാ മോട്ടിസിനാ ഗ്രാമത്തിലെ ഇവിക്കാ ജെര്‍ക്കോവിക്ക് എന്ന അന്‍പതുവയസ്സുകാരന് അത്തരമൊരു സന്തോഷം അനുഭവിക്കാന്‍ അവസരം കിട്ടി.
14 വര്‍ഷം മുമ്പ് ഇവിക്കാ-ക്ക് ഏകദേശം 36 വയസ്സുണ്ടായിരുന്നപ്പോള്‍ അയാളുടെ വീടിന്റെ മേല്‍ക്കൂരക്ക് ചില അറ്റകുറ്റപ്പണികള്‍ നടത്തണ്ടതായിവന്നു. അതിനായി ബാങ്കില്‍ നിന്നും ഏകദേശം 67000-ത്തോളം രൂപ പിന്‍വലിച്ചു. ആ കാശ് പേഴ്‌സില്‍ വച്ചതേയുള്ളു ഫോണില്‍ ഒരു സുഹൃത്തിന്റെ വിളി വന്നു. തനിക്കു നല്ല സുഖമില്ല...ഒന്ന് ആശുപത്രി വരെ എത്തിക്കാമോ എന്നു ചോദിക്കാനായിരുന്നു സുഹൃത്ത് വിളിച്ചത്. പെട്ടെന്ന് ചെന്ന് സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചു. അതിനുശേഷം അന്ന് ഒരുപാര്‍ട്ടിയിലും പങ്കെടുക്കേണ്ടതുണ്ടായിരുന്നു.അതിലും സംബന്ധിച്ചിട്ട് രാത്രിയിലാണ് വീട്ടിലെത്തിയത്. അപ്പോഴാണ് ബാങ്കില്‍ നിന്നും പിന്‍വലിച്ച കാശിന്റെ കാര്യമോര്‍ത്തത്. ബാങ്കില്‍ നിന്നുമെടുത്ത കാശ് പേഴ്‌സില്‍വച്ച് പേഴ്‌സ് പോക്കറ്റിലിട്ടതോര്‍മ്മയുണ്ട്. പക്ഷേ ആ പേഴ്‌സ് അപ്പോള്‍ പോക്കറ്റിലുണ്ടായിരുന്നില്ല. എന്തുചെയ്യാനാവും...! ആ കാശ് നഷ്ടപ്പെട്ടുവെന്ന് തീര്‍ച്ചയായി. കുറേ നാള്‍ അതേക്കുറിച്ചോര്‍ത്ത് വിഷമിച്ചിരുന്നു. പിന്നീട് ജീവിതവുമായി മുന്നോട്ട് പോയി.
ഇക്കഴിഞ്ഞ ദിവസം തപാലില്‍ ഇവിക്കാക്ക് ഒരു പാഴ്‌സല്‍ വന്നു. ഒപ്പിട്ട് കൈപ്പറ്റി തുറന്നുനോക്കിയപ്പോള്‍ അത്ഭുതം അടക്കാനായില്ല. 14 വര്‍ഷം മുമ്പ് തന്റെ കൈയ്യില്‍ നിന്നു നഷ്ടപ്പെട്ട പേഴ്‌സാണ് ആരോ തപാലില്‍ തിരിച്ച് അയച്ചുതന്നിരിക്കുന്നത്! 67000-ത്തോളം രൂപയുമായി നഷ്ടപ്പെട്ട പേഴ്സ് തിരികെ കിട്ടുമ്പോള്‍ അതില്‍ 93000-ത്തോളം രൂപയാണ് വച്ചിട്ടുണ്ടായിരുന്നത്.
ആ പേഴ്‌സ് കിട്ടിയ ആള്‍ അതിലുണ്ടായിരുന്ന കാശ് എടുത്ത് ഉപയോഗിച്ചിട്ടുണ്ടാവാം. 14 വര്‍ഷത്തോളം ആ പേഴ്സ് അയാള്‍ സൂക്ഷിച്ചുവച്ചത് ഒരുപക്ഷേ തനിക്കൊരു കടം വീട്ടാനുണ്ടെന്ന് സ്വയം ഓര്‍മ്മപ്പെടുത്താന്‍ വേണ്ടിയാവണം എന്നാണ് ഇവിക്കാ വിചാരിക്കുന്നത്. ഏതായാലും ഇത്രകാലത്തിനുശേഷം മുതലും പലിശയുമടക്കം ആ പണം തിരികെത്തന്ന ആ വ്യക്തിയോട് തന്നെ കോണ്‍ടാക്ട് ചെയ്യാനാവശ്യപ്പെട്ടിരിക്കുകയാണ് ഇവിക്കാ. ക്രൊയേഷ്യയിലെ ഏറ്റവും നല്ല ബാങ്കര്‍ അയാളാണെന്നാണ് ഇവിക്ക പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha