മുട്ടയ്ക്കുമേല്‍ അടയിരിക്കുകയായിരുന്ന താറാവിന്റെ കൂടിനു തീവച്ചിട്ടും മുട്ട ഉപേക്ഷിച്ചു മാറാന്‍ കൂട്ടാക്കാതെ അമ്മത്താറാവ് !

യു.എസ്. ലെ ഓഹിയോ സംസ്ഥാനത്തിലെ സംരക്ഷിത വനമേഖലയില്‍ നിന്നാണ് കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞെന്നു പറയുന്നത് പൊളിയല്ല എന്ന് തെളിയിക്കുന്ന ഈ സംഭവകഥ.
കാനാഡാ ഗൂസ് എന്നറിയപ്പെടുന്ന പ്രതേ്യകതരം താറാവുകള്‍ പറക്കുവാന്‍ കഴിവുള്ള ദേശാടന പക്ഷിയാണ്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഇവയെ ഉപദ്രവിക്കുന്നത് നിയമപരമായി തടഞ്ഞിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഒഹൈയോവിലെ സംരക്ഷിത വനമേഖലയില്‍ ചപ്പുചവറുകള്‍ കൊണ്ടു കൂടൊരുക്കി അതില്‍ മുട്ടയിട്ട് അടയിരിക്കുകയായിരുന്നു ഒരു അമ്മപ്പക്ഷി. അവിടം സന്ദര്‍ശിക്കാനെത്തിയവരില്‍ ഒരാള്‍ താന്‍ വലിച്ചു തീരാറായ സിഗററ്റിന്റെ കുറ്റി ആ താറാവിന്റെ കുഞ്ഞിക്കൂട്ടിലേയ്ക്ക് മനപ്പൂര്‍വ്വം വലിച്ചെറിഞ്ഞു. ചപ്പുചവറുകള്‍ കൊണ്ടുണ്ടാക്കിയ ആ കൂട്ടിന് പെട്ടെന്ന് തീപിടിച്ചു. ആ അമ്മത്താറാവ് അനങ്ങിയില്ല. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ മുട്ടയുടെ മുകളില്‍നിന്ന് എഴുന്നേറ്റ് ഓടി മാറിയതുമില്ല. തന്റെ ചിറകുകള്‍ ഒന്നുകൂടെ വിശാലമാക്കി ആ മുട്ടകളെ തന്റെ ദേഹത്തിനു താഴേയ്ക്ക് ചേര്‍ത്തു വയ്ക്കാന്‍ ശ്രമിച്ചു. ആ മുട്ടകളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനോടൊപ്പം താനും ഇല്ലാതായിക്കൊള്ളട്ടെ എന്നു വിചാരിച്ചതുപോലെ ആ അമ്മത്താറാവ് അവിടെത്തന്നെ ഇരുന്നു.
തീ പടരുന്നത് കണ്ട് ഓടിയെത്തിയ വൈല്‍ഡ് ലൈഫ് സ്‌പെഷ്യലിസ്റ്റ് റ്റിം വൈറ്റും മകളും ചേര്‍ന്ന് ആ തീ കെടുത്തി. ആ മുട്ടകള്‍ ഇനി വിരിയാനിടയില്ലെന്നാണ് കരുതപ്പെടുന്നതെങ്കിലും, ആ സംരക്ഷിത വനമേഖലയിലെ സ്റ്റാഫംഗങ്ങള്‍ മുട്ടകളെ ഒരു ഇന്‍ക്യുബേറ്ററില്‍ വച്ച് വിരിയുമോ എന്ന് നിരീക്ഷിക്കുകയാണ്.
പൊള്ളലേറ്റ് ചിറകുകള്‍ കരിഞ്ഞ ആ താറാവിന് ഇനി പറക്കുവാനേ കഴിയില്ലെന്നാണ് കരുതിയത്. എന്നാല്‍ തുടര്‍ പരിശോധനയില്‍ ചിറകുകള്‍ മുളച്ചുവരുന്ന ഫോളിക്കിളിന് ദോഷമൊന്നും പറ്റിയിട്ടില്ലെന്നു കണ്ടെത്തി. തന്‍മൂലം ചിറകുകള്‍ വീണ്ടും മുളക്കുമെന്നാണ് കരുതുന്നത്. ഉപേക്ഷിക്കപ്പെട്ടു കിട്ടിയ ചില മുട്ടകള്‍ സെന്ററിലുള്ളത് ഈ പക്ഷിക്കു സമ്മാനിക്കുവാനും, അതില്‍ അടയിരുത്തി വിരിയിക്കുവാനും പദ്ധതിയിടുകയാണ് സ്റ്റാഫംഗങ്ങള്‍.
തീപിടുത്തത്തിനിടയാക്കിയ ആളെ കണ്ടുപിടിയ്ക്കുവാന്‍ പോലീസ് ശ്രമിച്ചു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha