തലയിൽ അമ്പ് തുളഞ്ഞുകയറി പരുക്കേറ്റ നിലയിൽ പക്ഷി; ജീവജാലങ്ങളോട് അതിക്രമം, വിങ്ങലായി ചിത്രം

ജീവജാലങ്ങളോട് സ്നേഹവും കരുതലുമുള്ള നിരവധി മനുഷ്യരാണ് ലോകത്തിന്റെ വിവിധ കോണുകളിലുള്ളത്. പക്ഷി മൃഗാദികളോട് വിവിധരീതിയിലാണ് മനുഷ്യർ ക്രൂരത കാണിക്കുന്നത്. മൃഗങ്ങളെ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ദിനംപ്രതി പുറത്തുവരാറുണ്ട്. മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരതകൾ എന്നും വാർത്തകളിൽ നിറയുന്നതുമാണ്.
ഇത്തരത്തിലൊരു വാർത്തയാണ് ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ സംഭവിച്ചിരിക്കുന്നത്. അമ്പു തുളഞ്ഞു കയറി പരുക്കേറ്റ നിലയിലാണ് കൊക്കറ്റു എന്ന പക്ഷിയെ കണ്ടെത്തിയത്. ദാരുണമായ പക്ഷിയുടെ അവസ്ഥ പക്ഷി സ്നേഹികളുടെ ഉള്ള് നോവിക്കുന്നതാണ്. പക്ഷിയുടെ ചിത്രം കണ്ടവരിൽ വിങ്ങലും ഉണ്ടായിരിക്കുകയാണ്. മൃഗസംരക്ഷണ പ്രവർത്തകനും എംപിയുമായ ആൻഡി മെഡ്ഡിക്ക് ആണ് ദാരുണമായ ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
ചിത്രത്തിനോടൊപ്പം അമ്പെയ്ത് മൃഗങ്ങളെ വേട്ടയാടുന്ന രീതി വിക്ടോറിയയിൽ നിർത്തലാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ നിയമങ്ങൾ കൊണ്ട് മാത്രമേ ജീവജാലങ്ങൾക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് തടയിടാൻ സാധിക്കൂ. അമ്പെയ്ത്തു നിരോധനം അതിൽ പ്രധാനമാണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും അവയ്ക്കെതിരെ തടയിടാനും ഇതിലൂടെ സാധിക്കുമെന്നും മെഡ്ഡിക്ക് പാർലമെന്റിൽ പറഞ്ഞു.
തുളച്ചുകയറിയ അമ്പുമായി ജീവിക്കുന്ന കൊക്കറ്റുവിനെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.പക്ഷിയെ പിടികൂടാൻ രണ്ട്തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു കൊക്കറ്റുവിനെ വാൽഡ് ഈവ്നിലോ മൗണ്ട് ഈവ്‌നിലോ കണ്ടാൽ ഉടൻതന്നെ മൃഗസംരക്ഷണപ്രവർത്തകരെ വിവരമറിയിക്കണമെന്നും പൊതുജനങ്ങൾക്കു നിർദേശംനൽകിയിരിക്കുകയാണ്. ഇതിനിടയിൽ നെഞ്ചിലൂടെ തുളച്ചുകയറിയ അമ്പുമായി മറ്റൊരു കൊക്കറ്റൂവിനെയും കണ്ടെത്തിയിരിക്കുന്നു. ഇതിനെ പിടികൂടുകയും മുറിവ് ഗുരുതരമായതിനാൽ ദയാവധത്തിനു വിധേയമാക്കുകയും ചെയ്കയുണ്ടായി.
https://www.facebook.com/Malayalivartha