വൈദ്യുത തരംഗങ്ങളെ കോശങ്ങള്‍ തിരിച്ചറിയുന്നതെങ്ങനെ ?

വിവിധ മൃഗങ്ങള്‍ക്ക് വൈദ്യുത തരംഗങ്ങളെ തിരിച്ചറിയാനും അവയോടു പ്രതികരിക്കാനും കഴിവുണ്ട്. എന്നാല്‍ വൈദ്യുത തരംഗങ്ങളെ തിരിച്ചറിയുന്നതിനായി എന്ത് സെന്‍സര്‍ മെക്കാനിസം ആണ് ഒരു മനുഷ്യകോശത്തിനുള്ളില്‍ ഉള്ളതെന്ന് അറിയാനുള്ള പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു യുസി ഡേവിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഫൊര്‍ റീജനറേറ്റീവ് ക്യൂവേര്‍സ്. മിന്‍ ഷാവോയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് ഒക്‌ടോബര്‍ 9-ലെ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വൈദ്യുതിയുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിന് പല തരത്തിലുള്ള പ്രവര്‍ത്തന തത്വങ്ങള്‍ കോശങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് അറിയാമായിരുന്നു എങ്കിലും ഒന്നിനും ഇതുവരെ തെളിവുകളുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എന്തു മെക്കാനിസം ഉപയോഗിച്ചാണ് കോശങ്ങള്‍ ഇതു സാധ്യമാക്കുന്നു എന്നതിന് തെളിവുകള്‍ കണ്ടെത്തി കഴിഞ്ഞെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഇവരുടെ പരീക്ഷണങ്ങള്‍ക്കായി ഏകകോശ ജീവികളേയും ബഹുകോശജീവികളേയും ഉപയോഗിച്ചിരുന്നു. മീനിന്റെ ശല്‍ക്കങ്ങളിലെ കോശങ്ങളും മനുഷ്യകോശങ്ങളുമൊക്കെയാണ് ഉപയോഗിച്ചത്.
കെ സി എന്‍ ജെ 15 എന്ന ജീനുകളാല്‍ നിര്‍മ്മിക്കപ്പെടുന്ന കെ ഐ ആര്‍ 4.2 എന്ന പ്രോട്ടീനും കോശങ്ങള്‍ക്കുള്ളിലെ പോളിഅമൈന്‍ തന്മാത്രകളും ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യകോശങ്ങള്‍ക്ക് വൈദ്യൂത തരംഗങ്ങളെ തിരിച്ചറിയാനാകൂ എന്നാണ് ഇവരുടെ കണ്ടെത്തല്‍. കെ ഐ ആര്‍ 4.2 ഒരു പൊട്ടാസ്യം ചാനലാണ്.
പൊട്ടാസ്യം അയോണുകള്‍ക്ക് കോശത്തിനുള്ളിലേക്ക് കടക്കാന്‍ പാകത്തില്‍ കോശസ്തരത്തില്‍ ഒരു ദ്വാരമുണ്ടാക്കുകയാണ് ഇവ ചെയ്യുന്നത്. ഈ അയോണ്‍ ചാനലുകളാണ് ഇലക്ട്രിക് സിഗ്നലുകളെ കോശത്തിനുള്ളിലേക്ക് കയറ്റി വിടുന്നതും കോശത്തിനു സമീപം വൈദ്യുതിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കോശം തിരിച്ചറിയാന്‍ ഇടയാക്കുന്നതും. കോശങ്ങള്‍ക്കുള്ളില്‍ ധനവൈദ്യുത ചാര്‍ജ്ജ് (പോസിറ്റീവ്) വഹിക്കുന്ന തന്മാത്രകളാണ് പോളിഅമൈന്‍ തന്മാത്രകള്‍.
കോശത്തിനു സമീപം വൈദ്യുത സ്രോതസ്സ് ഉണ്ടെങ്കില്‍ കോശത്തിനുള്ളിലെ പോസിറ്റീവ് ചാര്‍ജ്ജുള്ള പോളി അമൈന്‍ തന്മാത്രകള്‍ നെഗറ്റീവ് ഇലക്‌ട്രോഡിനു സമീപമുള്ള കോശഭാഗത്തേക്ക് സംഭരിക്കപ്പെടുമെന്ന് കണ്ടെത്തി. പോളിഅമൈന്‍ തന്മാത്രകള്‍ പൊട്ടാസ്യം ചാനലുമായി ചേര്‍ന്ന് കോശത്തിന്റെ ചലനത്തെ ക്രമപ്പെടുത്തുകയാണ് ചെയ്യുന്നത്.
എങ്കിലും ഇവയുടെ സംയോജിത പ്രവര്‍ത്തനം കൊണ്ട് വൈദ്യുത സ്രോതസ്സിനടുത്തു നിന്നും മാറിപ്പോകാന്‍ പ്രസ്തുത ജീവിയ്ക്ക് കഴിയുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടി വരുമെന്ന് മിന്‍ഷാവോ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha