ഭൂമിയിലെ വിത്തുകളെല്ലാം വന്‍ ദുരന്തങ്ങളില്‍പെട്ട് നശിക്കാതിരിക്കാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ലോകത്തെ ഭീമന്‍ നിലവറ തുറന്നു

ലോകാവസാന നിലവറ (doomsday bank) എന്നു കേട്ടിട്ടുണ്ടോ? നോര്‍വെ വന്‍കരയില്‍നിന്ന് ഏകദേശം 1000 കിലോമീറ്റര്‍ വടക്ക് ഒഴിഞ്ഞ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഭൂമിയിലെ വിത്തുകളെല്ലാം വര്‍ഷങ്ങളോളം കേടുവരാതെ സൂക്ഷിക്കുക എന്നതാണ് \'ലോകാവസാന നിലവറ\'യുടെ മുഖ്യ ലക്ഷ്യം. 2008- ലാണ് ലോകാവസാന വിത്തുബാങ്ക് തുടങ്ങുന്നത്.
നോര്‍വെയില്‍നിന്ന് ഏകദേശം 1000 കിലോമീറ്റര്‍ വടക്ക് (ആര്‍ട്ടിക്ക്) അടുത്തടുത്തായി നാലു ദ്വീപുകള്‍ ഐസ് മൂടികിടക്കുന്ന ഒരു സ്ഥലമുണ്ട്. സ്വാല്‍ബാര്‍ഡ് എന്നാണ് സ്ഥലത്തിന്റെ പേര്. ഈ നാലു ദ്വീപുകളില്‍ സ്പിറ്റ്‌സ്‌ബെര്‍ജന്‍ ദ്വീപില്‍ ഒരു കുന്നിനുള്ളില്‍ ഏകദേശം 130 മീറ്റര്‍ അകത്തായാണ് \'ലോകാവസാന നിലവറ\' സ്ഥിതിചെയ്യുന്നത്.
സിറിയയിലെ അലെപ്പോയിലുണ്ടായിരുന്ന വിത്ത്‌നിലവറകേന്ദ്രമായ ഐസിഎആര്‍ഡിഎ ( ഇന്റര്‍നാഷണല്‍ സെന്റര്‍ ഫൊര്‍ ആഗ്രികള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍ ഡ്രൈ ഏരിയാസ് ) സിറിയയിലെ യുദ്ധത്തെ തുടര്‍ന്ന് 2012- ല്‍ ലെബനാനിലെ ബെയ്‌റൂത്തിലേക്ക് മാറ്റിയിരുന്നു. അങ്ങനെ മാറ്റുന്നതിനിടെ വിലപ്പെട്ട പലവിത്തിനങ്ങളും നഷ്ടമായി. ഇതോടെയാണ് നഷ്ടപ്പെട്ട വിത്തുകള്‍ക്കായി ലോകാവസാന വിത്ത് നിലവറയുടെ സഹായം തേടിയത്. ഇവരുടെ ആവശ്യപ്രകാരമാണ് ലോകത്തെ ഏറ്റവും വലിയ വിത്ത് നിലവറ ഇപ്പോള്‍ തുറന്നത്.
\'ലോകാവസാന നിലവറ\' എന്ന, നോര്‍വെയ്ക്ക് അടുത്തുള്ള ഈ ഭീമന്‍ നിലവറയിലേക്ക് 325 വിത്തുകളുടെ പെട്ടികളാണ് ഐസിഎആര്‍ഡിഎ മുമ്പ് നല്‍കിയിരുന്നത്. ഇതില്‍ നിന്ന് 130 പെട്ടി വിത്തുകളാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനപ്പെട്ട 38,000 വിത്തിനങ്ങള്‍ കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.
\'സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാല്‍ട്ട്\' എന്നാണ് ഈ കേന്ദ്രത്തിനു നല്‍കിയിരിക്കുന്ന പേര്. പുറത്ത് ഈ ബോര്‍ഡും കാണാവുന്നതാണ്. ഭൂമിയില്‍ എന്തുദുരന്തമുണ്ടായാലും നേരിടാന്‍ ശക്തിയുള്ളതാണ് ഈ വിത്തുനിലവറ. പ്രളയം, യുദ്ധം, ഭൂകമ്പം, ഛിന്നഗ്രഹ വീഴ്ച, സുനാമി, ആറ്റംബോംബ് എന്നീ ദുരന്തങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ ഈ നിലവറയ്ക്ക് സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
വന്‍ ദുരന്തത്തിലൂടെ ഭൂമി തകര്‍ന്നാലും വരുന്ന തലമുറയ്ക്ക് വീണ്ടും കൃഷിതുടങ്ങാനുള്ള ലക്ഷ്യവുമായാണ് വിത്ത് നിലവറ നിര്‍മിച്ചിരിക്കുന്നത്.40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുന്ന നിലവറയില്‍ ഇപ്പോള്‍ ഏകദേശം 8,60,000 വിത്തുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിത്തുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ആര്‍ട്ടിക്കില്‍ പല സമയങ്ങളിലും സൂര്യനും ചന്ദ്രനും ഉദിക്കാറില്ല. ഇവിടെ മൈനസ് 18 ഡിഗ്രിസെല്‍ഷ്യസ് തണുപ്പാണ്. ഇതിനാല്‍ നിലവറയിലെ വൈദ്യുതി നഷ്ടമായാലും 1000 വര്‍ഷത്തോളം വിത്തുകള്‍ കേടുവരാതെ സൂക്ഷിക്കാനാകും.
വിത്തുനിലവറയില്‍ ആരും ജോലി ചെയ്യുന്നില്ല. സെക്യൂരിറ്റിയുമില്ല. മോഷന്‍ ഡിറ്റെക്ടറുകളുടെയും കാമറകളുടെയും സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പുറത്തുനിന്നാണ് വിത്തുബാങ്കിന്റെ അകം നിരീക്ഷിക്കുന്നത്. നാലു വാതിലുകളാണ് ഭീമന്‍ വിത്തുബാങ്കിനുള്ളത്. സാങ്കേതിക സംവിധാനമുള്ള താക്കോലുകള്‍ കൊണ്ടാണ് വാതിലുകള്‍ പൂട്ടിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha