സ്വവര്‍ഗ വിവാഹത്തിന് കേക്ക് നല്‍കാത്ത ബേക്കറി ഉടമകള്‍ 135000 ഡോളര്‍ പിഴയടച്ചു

അമേരിക്കയിലെ ഒറിഗണില്‍ സ്വവര്‍ഗ വിവാഹത്തിന് കേക്ക് നല്‍കാന്‍ വിസമ്മതിച്ച ബേക്കറി ഉടമകളായ ദമ്പതികള്‍ 135000 ഡോളര്‍(ഏകദേശം തൊണ്ണൂറ് ലക്ഷം രൂപ) പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കി. ഇതോടെ രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയ പരാതിക്കാരായ ലസ്ബിയന്‍ ദമ്പതികളായ ലൗറലിനും റേഷല്‍ ബോമാനിനും പലിശയടക്കം 142000 ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചു. ഏഴായിരം ഡോളര്‍ ഈ മാസം ആദ്യം ബേക്കറി ഉടമകള്‍ കെട്ടിവച്ചിരുന്നു.
2013 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തങ്ങളുടെ വിവാഹത്തിലേക്ക് കേക്ക് ബുക്ക് ചെയ്യാന്‍ ഒറിഗണിലെ \'സ്വീറ്റ് കേക്ക്‌സ് ബൈ മെലിസ\' എന്ന ബേക്കറിയിലെത്തിയ ലൗറലും റേഷലും അപമാനിതരാകുകയായിരുന്നു. മതപരമായ കാരണങ്ങളാല്‍ സ്വവര്‍ഗ വിവാഹിതര്‍ക്ക് കേക്ക് നിര്‍മ്മിച്ച് നല്‍കാറില്ലെന്ന് ചൂണ്ടിക്കാട്ടി ബേക്കറി ഉടമകളായ ദമ്പതികള്‍ ആരോണും മെലിസയും കേക്കിനുള്ള ഓര്‍ഡര്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് ലൗറലും റേഷലും ഒറിഗണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിനെ സമീപിക്കുകയും സംഭവം ലോകശ്രദ്ധയിലേക്ക് എത്തുകയുമായിരുന്നു.
ഈ വര്‍ഷം ജൂലൈയിലാണ് ബേക്കറി ഉടമകള്‍ക്ക് കോടതി 135000 ഡോളര്‍ പിഴ വിധിച്ചത്. റേഷലിന് 75000വും ലൗറലിന് 60000 ഡോളറും നല്‍കാനായിരുന്നു ഉത്തരവ്. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ 2016-ല്‍ വാദം കേള്‍ക്കാനിരിക്കയായിരുന്നു. അതിനിടെയാണ് ഉടമകള്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്.
വിധി അനുകൂലമല്ലെങ്കില്‍ വന്‍ തുക ഇനിയും പലിശ നല്‍കേണ്ടിവരുമെന്നതാണ് ഇതുവരെയുളള പലിശയടക്കം നല്‍കി കേസ് അവസാനിപ്പിക്കാന്‍ ബേക്കറി ഉടമകളെ പ്രേരിപ്പിച്ചത്. ഒന്‍പത് ശതമാനം പലിശ കണക്കാക്കി പിഴത്തുകയ്ക്ക് ദിവസവും 35 ഡോളര്‍ കണക്കാക്കിയാണ് ഉടമകള്‍ നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha