തട്ടേക്കാടിലേക്ക് ചരിത്രവുമായി രാജഹംസം പറന്നിറങ്ങി
പക്ഷിനിരീക്ഷകര്‍ പോലും, വലിപ്പംകൊണ്ടും രൂപഭംഗികൊണ്ടും വിസ്മയത്തോടെ വീക്ഷിക്കുന്ന രാജഹംസം ഇതാദ്യമായി തട്ടേക്കാടെത്തി. ഭൂതത്താന്‍കെട്ട് ഡാമിലെ ജലാശയത്തില്‍ വീണു കിടക്കുന്ന നിലയിലാണ് തട്ടേക്കാട് പക്ഷി സങ്കേതം അധികൃതര്‍ രാജഹംസത്തെ കണ്ടത്.
ഗ്രേറ്റര്‍ ഫ്ലെമിംഗോ ഇനത്തില്‍പ്പെട്ട ഇതിനു മൂന്നു കിലോ ഭാരമുണ്ട്. കാലിനു നേരിയ പരിക്കുള്ള രാജഹംസത്തിനു ഡോ. ആര്. സുഗതന്റെ നേതൃത്വത്തില്‍ പരിചരണം നല്കി.സുഖം പ്രാപിച്ചു വരുന്ന രാജഹംസത്തെ വിവരങ്ങള്‍ രേഖപ്പെടുത്തിയ വളയം കാലില്‍ ഘടിപ്പിച്ച് ഉടന്‍തന്നെ പറത്തിവിടുമെന്നു അധികൃതര്‍ പറഞ്ഞു.
ദേശാടനപക്ഷികളായ ഇവ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഗുജറാത്തില്‍നിന്നു വേളാങ്കണ്ണി മേഖലയില്‍ എത്താറുണ്ട്. കനത്ത മഴയും ചുഴലിക്കാറ്റും മൂലം വേളാങ്കണ്ണിയില്‍നിന്നു കൂട്ടംതെറ്റി തട്ടേക്കാട് എത്തിയതാകാമെന്ന നിഗമനത്തിലാണു വനംവകുപ്പ്. കൂട്ടം തെറ്റിയാണു വരവെങ്കിലും തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ചരിത്രത്താളില്‍ അങ്ങനെ രാജഹംസവും ഇടംപിടിച്ചു.
ഇന്ത്യയില്‍ ഗുജറാത്തിലെ കച്ചിലും സൈബീരിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലുമാണു രാജഹംസങ്ങളെ കണ്ടുവരുന്നത്. കടല്ക്കരയിലെ ചതുപ്പുകളിലാണ് ഇവ കൂട്ടമായി വസിക്കുന്നത്. ഉയരത്തില്‍ മണ്‍കൂനകള്‍ ഉണ്ടാക്കി അതിനു മുകളിലെ കുഴികളില്‍ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നു. റോസും വെള്ളയും ഇടകലര്‍ന്ന തൂവലും നീളമുള്ള ചുണ്ടുമുള്ള ഈ പക്ഷിയുടെ കഴുത്ത് വളരെ നീളമുള്ളതാണ്. വെള്ളത്തിലും കരയിലുമുള്ള ചെറുപ്രാണികളും സസ്യങ്ങളുടെ വിത്തുകളുമാണ് പ്രധാന ആഹാരം.
https://www.facebook.com/Malayalivartha