ചന്ദ്രേട്ടന്റെ ലുക്കില്‍ ഒരു ക്യാരക്റ്ററുണ്ടെന്ന് ഷൂട്ടിന്റെ കോണ്‍സപ്റ്റ് ചെയ്തയാള്‍ തിരിച്ചറിഞ്ഞത് ചന്ദ്രേട്ടനെ കിടിലന്‍ മോഡലാക്കി!

അല്യൂറിംഗ് പിക്‌സല്‍സ് എന്ന ഫോട്ടോഗ്രഫി സ്ഥാപനത്തിന് വേണ്ടി ഒരു ഫോട്ടോഷൂട്ട് നടത്താനുണ്ടായിരുന്നു ഫോട്ടോഗ്രാഫര്‍ സംഗീത് രാജിനും സുഹൃത്തുക്കള്‍ക്കും. എന്തോ പല കാരണങ്ങള്‍ കൊണ്ട് അത് നീണ്ടുപോയി. പിന്നീട് ഒരു തീയതി തീരുമാനിച്ച് ഒത്തുകൂടി.
സുഹൃത്തായ രാഗേഷിനെയാണ് ഇവര്‍ മോഡലാക്കിയത്. ഷൂട്ട് ചെയ്യുന്നതിന് തെരഞ്ഞെടുത്ത സ്ഥലം സുഹൃത്തായ സുചീന്ദ്രന്റെ വീടും. സുചീന്ദ്രന്റെ അച്ഛന്‍ ചന്ദ്രന്‍ എല്ലാവര്‍ക്കും ചന്ദ്രേട്ടനാണ്. വര്‍ഷങ്ങളായി ഇദ്ദേഹം പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യന്നു. മകന്റെ സുഹൃത്തുക്കള്‍ ഫോട്ടോഷൂട്ടിനായി വീട്ടില്‍ വന്നപ്പോള്‍ അവര്‍ക്ക് വേണ്ട സഹായങ്ങളൊക്കെ ചെയ്ത് കൊടുത്ത് ഒരിടത്ത് മാറി നില്‍ക്കയായിരുന്നു ചന്ദ്രേട്ടന്‍.
രാഗേഷിന്റെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് കൂടെയുണ്ടായിരുന്ന കിരണ്‍ പറയുന്നത്, ചന്ദ്രേട്ടന്റെ ലുക്കില്‍ ഒരു ക്യാരക്റ്ററുണ്ട്, അദ്ദേഹത്തെ വച്ച് ഒരു ഫോട്ടോ ഷൂട്ട് എടുത്താലോ എന്ന്. ഷൂട്ടിന്റെ കണ്‍സപ്റ്റ് ചെയ്യുന്നത് കിരണായിരുന്നു. സുചീന്ദ്രനോട് പറഞ്ഞപ്പോള്‍ അവന് പ്രശ്‌നമില്ല. ചന്ദ്രേട്ടനോട് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കൊപ്പം കൂടാം എന്ന മനോഭാവം ആയിരുന്നു ചന്ദ്രേട്ടനും.''സംഗീത് വിശദീകരിച്ചു.
''വീടിനകത്ത് സെറ്റിട്ടായിരുന്നു ഷൂട്ട്. ചന്ദ്രേട്ടന്‍ വളരെ സാധാരണക്കാരനും ശാന്തനുമായ ഒരു വ്യക്തിയാണ്. ഞങ്ങളുടെ കോണ്‍സപ്റ്റ് അദ്ദേഹത്തിന് മനസ്സിലാകുമോ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷേ ചന്ദ്രേട്ടന്‍ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. കാവി മുണ്ടും ഷര്‍ട്ടും മാറ്റി കോസ്റ്റ്യൂം ഇട്ട് ഫോട്ടോയെടുത്തപ്പോള്‍ ശരിക്കും ഞെട്ടി. ഞങ്ങള്‍ പറഞ്ഞ അതേ ലുക്കില്‍, സ്‌റ്റൈലില്‍ ഒക്കെ നിന്നു തന്നു. ചെറുപ്പക്കാര്‍ ഉപയോഗിക്കുന്ന കോസ്റ്റ്യൂംസ് ആണത്. ആ പരിമിതിയെയും അത്ഭുതകരമായി തന്നെ അദ്ദേഹം മറികടന്നു.''സംഗീതിന്റെ വാക്കുകളില്‍ നിന്ന് അത്ഭുതവും സന്തോഷവും വിട്ടുമാറുന്നില്ല.
ആറ് മാസം മുമ്പ് നടന്ന സംഭവങ്ങളാണിതൊക്കെ എന്നും സംഗീത് കൂട്ടിച്ചേര്‍ക്കുന്നു. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ചന്ദ്രേട്ടന്‍ ഇത്തരത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഇത്രയും കിടിലന്‍ ഫോട്ടോസ് തങ്ങളുടെ സുഹൃദ് വലയത്തില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നതുകൊണ്ട് സംഗീത് രാജ് അവ ഫേസ്ബുക്കിലെ ഒരു ഫോട്ടോഗ്രാഫി പേജില്‍ ഫോട്ടോസ് പോസ്റ്റ് ചെയ്തു.മൂന്ന് മണിക്കൂറില്‍ തന്നെ സംഭവം തകര്‍ത്തു എന്ന് മനസ്സിലായി. പക്ഷേ ഇത്രയും ശ്രദ്ധ കിട്ടുമെന്നോ വൈറലാകുമെന്നോ കരുതിയില്ലെന്ന് സംഗീതിന്റെ വാക്കുകള്‍. ശരിക്കുള്ള ചന്ദ്രേട്ടന്റെ ഫോട്ടോയും മോഡലായപ്പോഴുള്ള ഫോട്ടോയും ഒന്നിച്ചാണ് സംഗീത് പേജില്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍ ഇതൊന്നും ചന്ദ്രേട്ടനെ സംബന്ധിച്ച് വലിയൊരു കാര്യമേയല്ല. ഫോട്ടോയെക്കുറിച്ച് എല്ലാവരും നല്ലത് പറഞ്ഞു എന്നറിഞ്ഞപ്പോള്‍ 'ആണോ' എന്ന ഒറ്റച്ചോദ്യം മാത്രേ ചോദിച്ചുള്ളൂ. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചന്ദ്രേട്ടന്‍ തന്നെയാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് താടിവച്ച അഡാറ് ലുക്കുള്ള ഈ ഫ്രീക്കന്‍ മോഡലിനെക്കുറിച്ചാണ്. ചിലപ്പോള്‍ ചന്ദ്രേട്ടന്‍ നാളെയൊരു മോഡലായെന്നും വരാം.
https://www.facebook.com/Malayalivartha


























