മകന്റെ കല്ല്യാണത്തിന് പച്ചക്കറിപ്പന്തലൊരുക്കി പിതാവ്!

അടുത്തിടെയായി പ്രകൃതി സൗഹാര്‍ദ കല്യാണമെന്നും പരിസ്ഥിതി സൗഹാര്‍ദ്ദ സദ്യയെന്നുമൊക്കെ ധാരാളം കേട്ടു തുടങ്ങിയിരിക്കുന്നു. എങ്കിലും നാമൊക്കെ ഇതുവരെ കണ്ടതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു 'ഹരിതകല്യാണ'വിശേഷമാണ് പറയുന്നത്.
മകന്റെ കല്ല്യാണത്തിന് മൂന്നു മാസത്തെ സമയം ഉണ്ടായിരുന്നപ്പോഴാണ് കട്ടപ്പന പാറക്കടവ് സ്വദേശി ആഗസ്തിയ്ക്ക് തോന്നിയത്, മകന്‍ കെട്ടിക്കയറി വരുന്ന വഴിയാകെ പച്ചക്കറി നട്ടുപിടിപ്പിക്കാമെന്ന്! ഏയ്, തെറ്റിധരിക്കേണ്ട. ആ അപ്പനും മകനും തമ്മില്‍ ശത്രുതയോ പ്രശ്‌നങ്ങളോ ഒന്നുമില്ല. പിന്നെന്തിനാണ് നടവഴിയിലാകെ പച്ചക്കറിക്കൃഷി നടത്തിയതെന്നോ?
വിവാഹത്തിന് കാലതാമസമുണ്ടെന്ന് അറിഞ്ഞതോടെ കല്യാണച്ചെറുക്കനായ ജിജോയുടെ പിതാവ് ആഗസ്തി വ്യത്യസ്തമായ ഒരു കല്യാണ പന്തലിനെ കുറിച്ച് ചിന്തിച്ചതാണ്. പയറും, പാവലും ഒക്കെ കൊണ്ട് ഒരു പ്രകൃതി സൗഹൃദ കല്ല്യാണ പന്തലിട്ടാലോ എന്നായിരുന്നു വിചാരം.

പ്രധാന വഴിയില്‍ നിന്ന് വീട്ടുമുറ്റത്തേക്ക് നൂറടിയോളം ദൂരമുണ്ട്. ഈ വഴിയുടെ ഇരുവശവുമുണ്ടായിരുന്ന കല്ലുകള്‍ നീക്കി വിത്തിട്ടു. രണ്ട് മാസം കഴിഞ്ഞതോടെ പയറും പാവലുമൊക്കെ വിളവെത്തി. വഴിയുടെ ഇരുവശങ്ങളിലും മുകളിലും മുറ്റം വരെ പയറും പാവലും നിറഞ്ഞു. പ്രളയകാലത്തായിരുന്നു കൃഷിയിറക്കിയത്. പക്ഷേ മഹാപ്രളയത്തിനും ആഗസ്തിയുടെ കര്‍ഷക മനസിനെ ഇളക്കാനായില്ല.
ജിജോയും ഭാര്യ ജോഷ്വയും വിവാഹചടങ്ങുകള്‍ക്കു ശേഷം പച്ചപൊതിഞ്ഞ പച്ചക്കറി പന്തലിലൂടെ പുതുജീവിതത്തിലേയ്ക്ക് നടന്നു കയറി. കാര്‍ഷിക സംസ്‌കാരത്തിന്റെ മഹത്വം വിവാഹ ചടങ്ങിന് എത്തിയവരിലേയ്ക്കും പകരാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആഗസ്തിയെന്ന ഈ കര്‍ഷകന്‍.
https://www.facebook.com/Malayalivartha


























