സ്‌നേഹത്തിന്റെയും കരുതലിന്റെയും വേറിട്ട തലം കാഴ്ച വച്ചുകൊണ്ട്, ഓടിയെത്തിയ ഭിന്നശേഷിക്കാരനെ അരികത്തണച്ച് മാര്‍പ്പാപ്പയുടെ സ്‌നേഹോപദേശം

ഫ്രാന്‍സിസ് മാര്‍പ്പാപ്പ വീണ്ടും ലോകത്തിന് കൗതുകമാവുകയാണ്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലെത്തിയ ഒരു കുഞ്ഞാണ് ഇന്ന് ലോകത്തിന്റെ ഇഷ്ടം നേടുന്നത്. അമ്പരപ്പിക്കുന്ന പ്രവൃത്തിയിലൂടെ പലതവണ മാതൃകയായ മാര്‍പ്പാപ്പ ഇത്തവണയും പതിവുതെറ്റിച്ചില്ല. സ്‌നേഹത്തിന്റെയും കരുതലിന്റെയും വേറിട്ട തലം കാഴ്ച വയ്ക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളോട് പ്രസംഗിച്ചതിന് ശേഷം വേദിയിലെ കസേരയില്‍ ഇരിക്കവേയാണ് മാര്‍പാപ്പയുടെ മുന്നിലേക്ക് ഭിന്നശേഷിക്കാരനായ കുഞ്ഞ് ഓടിയെത്തിയത്. ചിരിച്ചുകളിച്ച് വേദിയിലേക്ക് എത്തിയ കുഞ്ഞ് ചിരിച്ചും ബഹളമുണ്ടാക്കിയും അവിടെയെല്ലാം ഓടിനടന്ന് കളിക്കാന്‍ തുടങ്ങി.
വേദിയിലും സദസ്സിലും ഒരുപോലെ അമ്പരപ്പ്. ഇതുകണ്ട കുഞ്ഞിന്റെ അമ്മ വേദിയിലേക്ക് ഓടിയെത്തി. ആറുവയസ്സുകാരനായ തന്റെ മകന് സംസാരിക്കാനാകില്ലെന്നും പെരുമാറാന്‍ അല്‍പം വിഷമങ്ങളുണ്ടെന്നും അവര്‍ വിനയത്തോടെ മാര്‍പാപ്പയെ അറിയിച്ചു.
ഈ വികൃതിക്കുഞ്ഞ് തന്റെ നാട്ടുകാരനാണെന്ന് അറിഞ്ഞതോടെ മാര്‍പ്പാപ്പയ്ക്കും ആവേശമായി. 'അര്‍ജന്റീനക്കാരനാണ്, അച്ചടക്കമുണ്ടാകില്ല...' എന്ന് തമാശ കലര്‍ത്തി തൊട്ടടുത്തുണ്ടായിരുന്ന ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വെയിനേട് പറഞ്ഞ് ചിരിച്ചു അദ്ദേഹം.
കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് അനുഗ്രഹിച്ച ശേഷം യഥേഷ്ടം കളിക്കാന്‍ കുഞ്ഞിനെ അനുവദിക്കണമെന്ന് അമ്മയോട് പറഞ്ഞു. ചടങ്ങുകള്‍ തീരുന്നതുവരെ കുഞ്ഞിനെ ഇഷ്ടാനുസരണം കളിക്കാന്‍ അനുവദിച്ച പോപ്പ് തന്റെ പ്രസംഗത്തിലും കുഞ്ഞിനെ ഉള്‍പ്പെടുത്തി. സംസാരിക്കാനാകാത്ത കുഞ്ഞാണെങ്കിലും എങ്ങനെയാണ് ആശയവിനിമയം നടത്തേണ്ടതെന്ന് അറിയാമെന്ന് പോപ്പ് സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha


























