25 വര്‍ഷത്തിനു ശേഷവും നളിനിയ്ക്ക് വിഷുക്കാലം കണ്ണീരോര്‍മ!

1994 ഏപ്രില്‍ 7- എന്ന തീയതി ചെര്‍പ്പുളശ്ശേരി ശ്രീകൃഷ്ണപുരം ആറ്റാശ്ശേരി ചുണ്ടയില്‍ വീട്ടില്‍ നളിനി മറന്നിട്ടേയില്ല. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ആ ദിവസമാണ് ഭര്‍ത്താവ് സി.രാഘവന്‍ സൗദി അറേബ്യയിലെ അല്‍ബഹയില്‍ മരിച്ചെന്ന സന്ദേശം വീട്ടില്‍ കിട്ടുന്നത്.
'ഇപ്പോഴും സംഭവിച്ചത് എന്താണെന്നു വ്യക്തമായിട്ടില്ല. മരിച്ചെന്ന് അറിഞ്ഞതല്ലാതെ അദ്ദേഹത്തിന്റെ വസ്ത്രങ്ങളോ പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ കിട്ടിയിട്ടില്ല. അവിടെത്തന്നെ സംസ്‌കരിച്ചോ, അതുമറിയില്ല', നളിനി വിതുമ്പുന്നു. കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റും ടാപ്പിങ് തൊഴിലാളിയായ രാഘവന്‍ ഗള്‍ഫിലേക്കു പോകുമ്പോള്‍ ഇളയ മകള്‍ ശാലിനിക്കു 3 വയസ്സ്.
പതിവായി കത്തയയ്ക്കുമായിരുന്നു. നളിനി പലവട്ടം ചോദിച്ചിട്ടുണ്ട്. എന്താണു ജോലിയെന്ന്. അതു മാത്രം ആരോടും പറഞ്ഞില്ല. ഗള്‍ഫില്‍ പോകാന്‍ വേണ്ടി വാങ്ങിയ കടം പലവട്ടമായി വീട്ടിയിരുന്നു. പോയിക്കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പുതന്നെ ആ ദുരന്തവാര്‍ത്തയെത്തി.നാലു പെണ്‍കുട്ടികളെ പോറ്റാന്‍ വിദേശത്തേക്കു പോയ ഭര്‍ത്താവ് കാറപകടത്തില്‍ മരിച്ചെന്ന്! അതറിഞ്ഞു നടുങ്ങിയ നളിനിയുടെ ഹൃദയം ഇപ്പോഴും വിതുമ്പുകയാണ്.
തുടര്‍ന്നിങ്ങോട്ട് ഭര്‍ത്താവിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ഓഫിസുകള്‍ കയറിയിറങ്ങല്‍. ഗള്‍ഫില്‍ കൊണ്ടുപോകാന്‍ സഹായിച്ചവരോടും പരിചയക്കാരോടുമൊക്കെ അന്വേഷിച്ചു. എന്താണു ശരിക്കും സംഭവിച്ചതെന്നെങ്കിലും പറയൂവെന്ന് കേണപേക്ഷിച്ചു. ആരും ഒന്നും തെളിച്ചു പറഞ്ഞില്ല. കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടമാണെന്നേ വിവരമുള്ളൂ. മൃതദേഹം കൊണ്ടുവരാന്‍ പറ്റിയില്ലെങ്കില്‍ അവിടെ സംസ്‌കരിച്ചോ, സൂക്ഷിച്ചിരിക്കുകയാണോ അതുമറിയില്ല. യാത്രാരേഖകളും പെട്ടിയുമൊക്കെ എവിടെ..? ഒരിക്കലും കൂട്ടിമുട്ടാത്ത രേഖകളുമായി ആ യാത്ര കാല്‍ നൂറ്റാണ്ടിനിപ്പുറവും നീണ്ടുപോകുന്നു.
രാഘവന്‍ പറന്നകലുമ്പോള്‍ പറക്കമുറ്റാത്ത രജനി, സജിനി, ഷൈനി, ശാലിനി എന്നീ നാലു പെണ്‍മക്കളെയും കൊണ്ടു പകച്ചു നില്‍ക്കുകയായിരുന്നു നളിനി. തളര്‍ന്നു പോയ ദിനങ്ങള്‍. ദുര്‍ബലമായ ആ ചുവടുകള്‍ക്കു ബലം പകര്‍ന്ന് ഈശ്വരന്‍ കൂടെ നടക്കുകയായിരുന്നു പിന്നെ. അല്ലലറിയിക്കാതെ കഷ്ടപ്പെട്ടു വളര്‍ത്തി വലുതാക്കി നാലു പേരെയും വിവാഹം കഴിച്ചയച്ചു. 8 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ എംബസിയില്‍ നിന്നു വന്ന അറിയിപ്പില്‍ സ്‌പോണ്‍സറുടേതായി കുറച്ചു പണം കിട്ടാന്‍ സാധ്യതയുണ്ടെന്നു സൂചിപ്പിച്ചിരുന്നു. അപേക്ഷ നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ല. ജനപ്രതിനിധികള്‍ വഴിയും ഇന്ത്യന്‍ എംബസി വഴിയുമൊക്കെ ഒട്ടേറെ തവണ ശ്രമം നടത്തി. ഫലവത്താകുന്നില്ലെന്നു മാത്രം.
25 വര്‍ഷമായി വിഷുക്കാലം എന്നത് കണ്ണീര്‍ക്കാലമാണ് ഈ അമ്മയ്ക്ക്. ഭര്‍ത്താവിന്റെ മരണത്തിനു പിന്നാലെ മരണപ്പാച്ചിലെടുത്ത് ഓടിനടന്നിട്ടും ഒന്നും കലങ്ങിത്തെളിയുന്നില്ല ഇന്നും. കരഞ്ഞു കലങ്ങിയ മുഖം ഒരിക്കലും പിന്നെ തെളിഞ്ഞിട്ടുമില്ല. മൃതദേഹം വിട്ടുകിട്ടാത്തതുകൊണ്ടുതന്നെ അന്ത്യകര്‍മങ്ങള്‍ ചെയ്യാനാവാതെ കാത്തിരിക്കുന്നു ഓരോ ദിനവും.
https://www.facebook.com/Malayalivartha